എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
വിമാനത്താവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന റഡാർ സംവിധാനങ്ങൾ വഴി ഭൂമിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അന്യഗ്രഹജീവികൾക്ക് കഴിയുമോ? സാധ്യതയുണ്ടെന്ന് പുതിയ പഠനം. ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നവയാണ് ഈ റഡാർ സംവിധാനങ്ങൾ. ശക്തമായ റേഡിയോ ദൂരദർശിനികൾക്ക് ഈ സിഗ്നലുകള്‍ കണ്ടെത്താനാകുമെന്നാണ് പുതിയ പഠനം.
ലണ്ടനിലെ ഹീത്രൂ, ന്യൂയോർക്കിലെ ജെഎഫ്‌കെ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള റഡാർ സിഗ്നലുകൾ ബഹിരാകാശത്തേക്ക് പോകുന്നുണ്ടെന്ന് കണ്ടെത്തി. ഭൂമിയില്‍ നിന്ന് അധികം അകലെയല്ലാത്ത ബർണാർഡ്‌സ് സ്റ്റാർ, എയു മൈക്രോസ്കോപ്പി തുടങ്ങിയ നക്ഷത്രങ്ങളിൽ നിന്ന് ഈ തരംഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. ഭൂമിയില്‍ നിന്ന് ആറ് പ്രകാശവർഷത്തില്‍ താഴെ മാത്രം അകലെയുള്ള ബർണാർഡ്സ് സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രവും വേഗത്തിൽ ചലിക്കുന്നതുമാണ്. ഭൂമിയില്‍ നിന്ന് 31.7 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ചുവന്ന കുള്ളൻ നക്ഷത്രമാണ് എയു മൈക്രോസ്കോപ്പി.
നൂതന സാങ്കേതികവിദ്യയും സങ്കീർണ്ണമായ വ്യോമയാന സംവിധാനവുമുള്ള ഏതൊരു ഗ്രഹത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന റഡാർ സിഗ്നലുകൾ ആ ഗ്രഹത്തിലെ ജീവന്‍റെ അടയാളമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ശക്തമായ ദൂരദർശിനികൾക്ക് ഇവ പിടിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യും. ഭൂമിയില്‍ നിന്ന് 200 പ്രകാശവർഷം വരെ അകലത്തിലുള്ള ഗ്രഹങ്ങളില്‍ ജീവികളുണ്ടെങ്കില്‍, അവര്‍ക്ക് നൂതന സാങ്കേതികവിദ്യകളുണ്ടെങ്കില്‍ ഈ സിഗ്നലുകൾ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള റഡാര്‍ സിഗ്നലുകള്‍ക്കാണ് കൂടുതല്‍ വ്യക്തതയും ഫോക്കസും ദിശാസൂചനയുള്ളതും. ഇവ ബഹിരാകാശത്ത് ലൈറ്റ് ഹൗസുകളില്‍ നിന്ന് വരുന്നതുപോലെയുള്ള രശ്മികൾ സൃഷ്ടിക്കുന്നുവെന്നും പഠനം പറയുന്നു.
റഡാര്‍ സിഗ്നലുകള്‍ ബഹിരാകാശത്തിലൂടെ എങ്ങനെ സഞ്ചരിക്കുന്നുവെന്ന് പഠിക്കുന്നതിലൂടെ നമ്മുടെ റേഡിയോ സ്പെക്ട്രം എങ്ങനെ സംരക്ഷിക്കാമെന്നും ഭാവി റഡാർ സംവിധാനങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്യാമെന്നും പഠിക്കാം. പ്രപഞ്ചത്തില്‍ നമ്മൾ ഒറ്റയ്ക്കാണോ എന്ന അന്വേഷണത്തിലും ഈ പഠനം വലിയ പങ്കുവഹിക്കും. ജൂലൈ 8 ന് ഇംഗ്ലണ്ടിലെ ഡർഹാമിൽ നടന്ന റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നാഷണൽ ആസ്ട്രോണമി മീറ്റിങ് 2025ലാണ് പഠനം അവതരിപ്പിച്ചത്. മാഞ്ചസ്റ്റർ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞന്‍ റാമിറോ സെയ്ദാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.