TOPICS COVERED

75 വര്‍ഷങ്ങളുടെ ഇടവേളയില്‍ ഭൂമിയുടെ ആകാശത്ത് വിരുന്നൊരുക്കുന്ന വാല്‍നക്ഷത്രമാണ് ഹാലിയുടെ വാല്‍നക്ഷത്രം. 240 ബിസി യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഈ വാല്‍നക്ഷത്രത്തിന്‍റെ ഭ്രമണപഥം കണക്കാക്കിയതും ഇത് കൃത്യമായ ഇടവേളകളില്‍ ഭൂമിയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് കണ്ടെത്തിയതും 18 ആം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലിയാണ്. അങ്ങിനെ അത് ഹാലിയുടെ വാല്‍നക്ഷത്രം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഒരു മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന കാഴ്ച. 

എന്നാല്‍ അടുത്തിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) എപ്പിഗ്രാഫി വിഭാഗം ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രൂപത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന ഇന്ത്യൻ ലിഖിതം കണ്ടെത്തിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ശ്രീശൈലം മല്ലികാർജുനസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വിജയനഗര രാജാവായ മല്ലികാർജുനന്റെ ഭരണകാലത്തെ ശിലാലിഖിതത്തിലാണ് ഈ പരാമര്‍ശം. എ.ഡി 1456 ലാണ് ഈ ഫലകം നിര്‍മിച്ചിരിക്കുന്നത്. നാഗരി ലിപിയിൽ കൊത്തിവച്ചിരിക്കുന്ന ഈ ലിഖിതത്തിൽ ഒരു വാൽനക്ഷത്രവും തുടർന്നുള്ള ഉൽക്കാവർഷവും ഉൾപ്പെടുന്ന ഒരു ആകാശ പ്രതിഭാസത്തെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുവെന്ന് എഎസ്ഐ എപ്പിഗ്രഫി ഡയറക്ടർ കെ മുനിരത്നം റെഡ്ഡി പറഞ്ഞു. 

ശകം 1378 ൽ വിജയനഗര ഭരണാധികാരിയായ മല്ലികാർജുനൻ ഒരു വേദപണ്ഡിതന് നൽകിയ ഒരു ദാനം ഈ ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1456 ജൂൺ 28 തിങ്കളാഴ്ചയായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെട്ട വര്‍ഷം. ഒരു വാൽനക്ഷത്രം പ്രത്യക്ഷമാകുന്നതിലൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന വലിയ ദുരന്തത്തെ ഇല്ലാതാക്കുന്നതിനായിരുന്നു ഈ ദാനം. സിംഹപുര എന്ന ഗ്രാമമാണ് ഇത്തരത്തില്‍ വേദപണ്ഡിതനായ ലിംഗണര്യൻ എന്ന ബ്രാഹ്മണന് അഗ്രഹാരമായി രാജാവ് ദാനം നല്‍കിയത്.

പുരാതന, മധ്യകാല ഇന്ത്യൻ ഗ്രന്ഥങ്ങളിൽ വാല്‍നക്ഷത്രങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും കണ്ടെത്തിയ ആദ്യത്തെ ലിഖിത രേഖയാണിതെന്ന് മുനിരത്നം റെഡ്ഡി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന വർഷവും വാൽനക്ഷത്രത്തിന്റെ രൂപത്തെക്കുറിച്ചുള്ള പരാമർശവും ഹാലിയുടെ വാൽനക്ഷത്രം പിന്നീട് പ്രത്യക്ഷപ്പെട്ട വർഷവുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും പുരാതന വിശ്വാസങ്ങളിലും ലഭ്യമായ ചരിത്രരേഖകളിലും, വാൽനക്ഷത്രവും ഉൽക്കാവർഷവും അശുഭകരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യങ്ങളും ദുരന്തങ്ങളും ഉണ്ടാകുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു അദ്ദേഹം പറഞ്ഞു. രാജാവിനേയും രാജ്യത്തിനേയും ബാധിക്കുന്ന ദുരന്തങ്ങളെ ശമിപ്പിക്കുന്നതിനാണ് ഫലകത്തില്‍ പ്രതിപാദിക്കുന്ന ദാനം കൊണ്ട് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീശൈലം മല്ലികാർജ്ജുന സ്വാമി ക്ഷേത്രം

ആന്ധ്രാപ്രദേശിലെ ശ്രീശൈലത്ത് സ്ഥിതി ചെയ്യുന്ന ശിവ പാർവതി ക്ഷേത്രമാണ് മല്ലികാർജ്ജുന സ്വാമി ക്ഷേത്രം. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പതിനെട്ട് ശക്തിപീഠങ്ങളിൽ ഒന്നായും ഈ ക്ഷേത്രം പരാമർശിക്കപ്പെടുന്നു. ശിവനെ മല്ലികാർജ്ജുനനായും പാർവതിയെ ഭ്രമരംബയായുമായാണ് ഇവിടെ ആരാധിക്കുന്നത്. രണ്ടാം നൂറ്റാണ്ട് മുതൽ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ശതവാഹന രാജവംശത്തിൽ നിന്നുള്ള ലിഖിത തെളിവുകൾ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:

In a historic discovery, the Archaeological Survey of India’s epigraphy wing has uncovered the earliest known Indian inscription referencing Halley’s Comet. Carved in 1456 AD during the reign of Vijayanagara king Mallikarjuna, the inscription from the Srisailam Mallikarjunaswamy temple in Andhra Pradesh details the sighting of a comet and a meteor shower. Written in Nagari script, the inscription describes a land donation made to avert disaster believed to be caused by the comet. The event aligns with Halley’s documented appearance that year, offering valuable astronomical and cultural insights into medieval India.