പ്രശസ്തമായ ഹാലിയുടെ വാൽനക്ഷത്രത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന ഓറിയോണിഡ് ഉൽക്കാവർഷം പാരമ്യത്തിലേക്ക്. ഒക്ടോബർ മൂന്നാം വാരത്തോടെ ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. തെളിഞ്ഞ– ഇരുണ്ട ആകാശമാണെങ്കില്‍ മണിക്കൂറിൽ ഏകദേശം 20 ഉൽക്കകളെയെങ്കിലും കാണാന്‍ സാധിക്കും.
ഒക്ടോബർ 21- 22 തീയതികളിലാണ് ഓറിയോണിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. തെക്കുകിഴക്കൻ ആകാശത്ത് അർദ്ധരാത്രിക്ക് ശേഷം ഉല്‍ക്കാവര്‍ഷം കാണാം. പുലർച്ചെ 4 നും 5 നും ഇടയിലാണ് കാണാന്‍ അനുയോജ്യമായ സമയം. ഉത്തര– ദക്ഷിണ അർദ്ധഗോളങ്ങളിൽ നിന്ന് ദൃശ്യമാണെന്നുള്ളതാണ് ഓറിയോണിഡുകളുടെ പ്രത്യേകത. അതായത് ആഗോളതലത്തിൽ തന്നെ കാണാൻ കഴിയുന്ന ചുരുക്കം ചില ഉൽക്കാവർഷങ്ങളിൽ ഒന്നാണ് ഓറിയോണിഡ് ഉൽക്കാവർഷം. സെക്കൻഡിൽ 66 കിലോമീറ്റർ വേഗതയിലാണ് ഓറിയോണിഡ് ഉൽക്കകൾ സഞ്ചരിക്കുന്നത്.
എന്താണ് ഉല്‍ക്കാവര്‍ഷം?
സൂര്യനെ ചുറ്റുന്ന ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും അവ കടന്നുപോകുന്ന വഴിയില്‍ പൊടികളോ പാറകളോ അവശേഷിപ്പിക്കാറുണ്ട്. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങുന്നു. ഇതാണ് ഉല്‍ക്കാവര്‍ഷം എന്നറിയപ്പെടുന്നത്.
ഇത്തരത്തില്‍ ഹാലിയുടെ വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളില്‍ നിന്നും രൂപം കൊള്ളുന്നവയാണ് ഓറിയോണിഡ് ഉൽക്കകള്‍. വേട്ടക്കാരന്‍ എന്നറിയപ്പെടുന്ന ഓറിയോണ്‍ നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമായ ബെറ്റൽഗ്യൂസിന് തൊട്ടുമുകളിൽ നിന്നായാണ് ഉല്‍ക്കകള്‍ എത്തുക. അതുകൊണ്ടാണ് ഈ ഉല്‍ക്കാവര്‍ഷത്തിന് ‘ഓറിയോണിഡ്’ എന്ന പേര് വന്നത്.
ഹാലിയുടെ വാല്‍നക്ഷത്രം
75 വര്‍ഷങ്ങളുടെ ഇടവേളയില്‍ ഭൂമിയുടെ ആകാശത്ത് വിരുന്നൊരുക്കുന്ന വാല്‍നക്ഷത്രമാണ് ഹാലിയുടെ വാല്‍നക്ഷത്രം. 240 ബിസി യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഈ വാല്‍നക്ഷത്രത്തിന്‍റെ ഭ്രമണപഥം കണക്കാക്കിയതും ഇത് കൃത്യമായ ഇടവേളകളില്‍ ഭൂമിയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് കണ്ടെത്തിയതും 18 ആം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലിയാണ്. അങ്ങിനെ അത് ഹാലിയുടെ വാല്‍നക്ഷത്രം എന്ന് അറിയപ്പെടാന്‍ തുടങ്ങി. 1986-ലാണ് ഹാലിയുടെ വാല്‍നക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2061 ലാണ് ഇനി ഹാലിയുടെ വാല്‍നക്ഷത്രത്തെ കാണാനാകുക.