A SpaceX Falcon 9 rocket with a crew of four aboard a Dragon Spacecraft lifts off from pad 39A at the Kennedy Space Center in Cape Canaveral, Fla., Wednesday, June 25, 2025. (AP Photo/John Raoux)
ചരിത്രം കുറിച്ച് ആക്സിയം 4 ദൗത്യം വിക്ഷേപിച്ചിരിക്കുകയാണ്. ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ല കുതിച്ചുയര്‍ന്നപ്പോള്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളുമാണ് ആകാശത്തിന്‍റെ അതിരുകള്‍ ഭേദിച്ചത്. അങ്ങിനെ രാകേശ് ശര്‍മയ്ക്ക് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക്. ഏഴു തവണ മാറ്റിവച്ച വിക്ഷേപണമാണ് ഒടുവില്‍ ശുഭകരമായി വിക്ഷേപിച്ചത്. എന്നാല്‍ അവസാന നിമിഷവും യാത്രയ്ക്ക് പ്രശ്നമുണ്ടാകുകയും യാത്ര റദ്ദാക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പ്രശ്നം പരിഹരിക്കുകയുമായിരുന്നു.
**EDS: THIRD PARTY IMAGE** In this screenshot via @Axiom_Space on X on June 25, 2025, SpaceX Falcon 9 rocket with the Crew Dragon capsule carrying Indian astronaut Shubhanshu Shukla and three others lifts off from the launch pad at the Kennedy Space Centre, in Florida, USA. (@Axiom_Space via PTI Photo)(PTI06_25_2025_000053B)
ഇന്ന് രാവിലെ കണ്ടെത്തിയ നിർണായക സാങ്കേതിക പ്രശ്നമാണ് അബോർഷന് 60 സെക്കൻഡിൽ താഴെ മാത്രം ശേഷിക്കെ പരിഹരിച്ചത്. ഫാൽക്കൺ 9 റോക്കറ്റിന്റെ ഫ്ലൈറ്റ് കമ്പ്യൂട്ടറിലേക്ക് അപ്‌ഡേറ്റ് ചെയ്ത വിന്‍ഡ് ഡാറ്റ (കാറ്റിന്‍റെ അവസ്ഥ സംബന്ധിച്ച ഡേറ്റ) അപ്‌ലോഡ് ചെയ്യുന്നതിലെ കാലതാമസമായിരുന്നു പ്രശ്നം. വിക്ഷേപണത്തിന് ശേഷം തടസം നേരിട്ടാല്‍ ഈ ഡേറ്റ അത്യന്താപേക്ഷിതമാണ്. ഇതുപയോഗിച്ചാണ് ബഹിരാകാശ പേടകം അടിയന്തര സ്പ്ലാഷ്ഡൗൺ വേണമെങ്കില്‍ സ്ഥലങ്ങളെ കൃത്യമായി ലക്ഷ്യമിടുക.
അവസാന കൗണ്ട്ഡൗണിലാണ് സ്‌പേസ് എക്‌സ് എഞ്ചിനീയർമാർ പ്രശ്നം റിപ്പോർട്ട് ചെയ്തത്. പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുകയായിരുന്നു. ലോഞ്ച് എസ്‌കേപ് സിസ്റ്റം സജ്ജമാക്കുന്നതിന് മുമ്പ് എഞ്ചിനീയർമാർ പ്രശ്നം തിരിച്ചറഞ്ഞ് വിന്‍ഡ് ഡേറ്റ വിജയകരമായി അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതോടെ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നില്ല. ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഡാറ്റ വിജയകരമായി അപ്‌ലോഡ് ചെയ്‌തതായി സ്‌പേസ് എക്‌സ് ക്രൂവിനെ അറിയിച്ചു. അങ്ങിനെ ശുഭാന്‍ശുവിന് ശുഭയാത്രയ്ക്ക് വഴിയൊരുങ്ങി.
**EDS: THIRD PARTY IMAGE** In this screenshot via @Axiom_Space on X on June 25, 2025, Indian astronaut Shubhanshu Shukla and three others aboard the Dragon spacecraft ahead of the launch of the Axiom Mission 4 to the International Space Station, at the Kennedy Space Centre, in Florida, USA. (@Axiom_Space via PTI Photo)(PTI06_25_2025_000044B)
മെയ് 29 നായിരുന്നു ആദ്യഘട്ടത്തില്‍ ദൗത്യം തീരുമാനിച്ചിരുന്നത് എന്നാല്‍ ഇലക്ട്രിക്കല്‍ ഹാര്‍ണസ് പ്രശ്നം പരിഹരിക്കേണ്ടതായിരുന്നതിനാല്‍ ദൗത്യം ജൂണ്‍ എട്ടിലേക്ക് മാറ്റുകയായികുന്നു. എന്നാല്‍ ജൂണ്‍ എട്ടിനും ഫാല്‍ക്കണ്‍ 9 റോക്കറ്റ് ദൗത്യത്തിന് സജ്ജമായിരുന്നില്ല . അതിനാല്‍ വീണ്ടും മാറ്റം. ജൂണ്‍ പത്തിലേക്ക്. കെന്നഡി സ്‌പേസ് സെന്ററിലുള്ള കാലാവസ്ഥ കാരണം പിന്നീട് ജൂണ്‍ 10 ലെ ദൗത്യം ജൂണ്‍ 11 ലേക്ക് മാറ്റി. ഫാല്‍ക്കണില്‍ ലിക്വിഡ് ഓക്‌സിജന്‍ ലീക്ക് കണ്ടെത്തിയതോടെ ദൗത്യം ജൂണ്‍ 19 ലേക്ക് മാറ്റി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മോഡ്യൂളില്‍ വായു ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്. ദൗത്യം ജൂണ്‍ 24 ലേക്ക് മാറ്റുകയായിരുന്നു. ഒടുവില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ വീണ്ടും ജൂണ്‍ 25ലേക്ക് മാറ്റി.
നാസയുമായി സഹകരിച്ച് ആക്സിയം സ്പേസ് സംഘടിപ്പിക്കുകയും സ്പേസ് എക്സ് നടപ്പിലാക്കുകയും ചെയ്യുന്ന ഐഎസ്എസിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമാണിത്. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം. മുൻ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും നാസയുടെയും ഇസ്രോയുടെയും കീഴിൽ പരിശീലനം നേടിയ പേലോഡ് സ്പെഷ്യലിസ്റ്റുമായ ഇന്ത്യക്കാരന്‍ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് ബഹിരാകാശയാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തുന്നത്. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ഭാവിയിലെ വാണിജ്യ ബഹിരാകാശ യാത്രയ്ക്കും ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിക്കും പ്രധാന നാഴികക്കല്ലാകും ആക്സിയം 4.