ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ല കുതിച്ചുയരുക കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളുമായാണ്. രാകേശ് ശര്‍മ ബഹിരാകാശത്ത് പോയി വന്ന് നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ആരാണ് ശുഭാംശു ശുക്ലാ?
ശുഭാംശു ശുക്ല. രാജ്യത്തിന്റെയും ഇസ്രോയുടെയും അഭിമാനം വാനാളോം ഉയര്‍ത്താന്‍ ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍. അതിരുകളുള്ള ഭൂമിക്കപ്പുറം അതിരുകളില്ലാത്ത ആകാശത്തെ സ്വപ്നം കാണാന്‍ രാജ്യത്തിലെ പുതിയ തലമുറയെ പ്രചോദനമേകുന്ന നാല്‍പ്പതുകാരന്‍. 1985 ഒക്ടോബര്‍ 10ന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ശംഭുദയാല്‍ ശുക്ലയുടെയും ആശാ ശുക്ലയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ജനനം. ലക്നൗവിലെ തന്നെ സിറ്റി മോണ്ടിസോറി സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ശുഭംശു നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. 2005ല്‍ അവിടെ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്ന് ബഹിരാകാശയാത്രാ പരിശീലനത്തിനിടെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ ഫ്ലൈയിംഗ് ഓഫീസറായി നിയമനം. 2,000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറത്തിയുള്ള അനുഭവ സമ്പത്തുണ്ട് ശുംഭാംശുവിന്. കോംബാറ്റ് ലീഡർ, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ അദ്ദേഹം വ്യോമസേനയില്‍ തിളങ്ങി. സുഖോയ്, ജാഗ്വാർ, ഹോക്ക്, ഡോർണിയർ 228 എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ പറത്തി അദ്ദേഹം പ്രാവണ്യം തെളിയിച്ചു. 2019-ൽ ഐഎസ്ആർഒയുടെ ആദ്യത്തെ ബഹിരാകാശ യാത്രിക പരിശീലന ഗ്രൂപ്പിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതാണ് ശുംഭാംശുവിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
തുടര്‍ന്ന് 2020ല്‍ റഷ്യയിലേക്ക് പരിശീലനത്തിനായി പോയി. 2021 ല്‍ പരിശീലനം പൂര്‍ത്തിയാക്കിയെത്തിയ അദ്ദേഹത്തെ 2024 ല്‍ ഗഗന്‍യാന്റെ ഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചു. 2024 ഓഗസ്റ്റില്‍ നിലവിലെ ആക്സിയം മിഷന്റെ ഭാഗമായി അദ്ദഹേത്തെ മിഷന്‍ പൈലറ്റായി തിരഞ്ഞെടുത്തു.