വാണിജ്യ ബഹിരാകാശ ദൗത്യങ്ങളുടെ ചാലകശക്തിയാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍. മസ്കിന്റെ നേതൃത്വത്തിലുളള സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റാണ് ഈ ശ്രേണിയില്‍ മുന്‍പന്തിയിലുളളത്. ഇതിലേക്ക് ചേര്‍ന്നിരിക്കുകയാണ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യപരീക്ഷണം ഹോണ്ട വിജയകരമാക്കി പൂര്‍ത്തിയാക്കി. ഹോണ്ട മോട്ടോഴ്സിന്റെ ഗവേഷണ വികസന വിഭാഗമാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍. ജപ്പാനിലാണ് പരീക്ഷണം നടന്നത്. 6.3 മീറ്റര്‍ നീളവും 85 സെന്റീമീറ്റര്‍ വ്യാസവുമുളള റോക്കറ്റ് 889 അടി ഉയരത്തില്‍ എത്തുകയും ലക്ഷ്യസ്ഥാനത്തു നിന്ന് 37 സെന്റീമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. റോക്കറ്റുകളുടെ പുനരുപയോഗ ക്ഷമതയ്ക്ക് അത്യന്താപേക്ഷിതമായ പ്രധാന സാങ്കേതിക വിദ്യയുടെ വിലയിരുത്തലും 56.6 സെക്കന്‍ഡ് നീണ്ടു നിന്ന പരീക്ഷത്തില്‍ നടന്നു.
2021 അവസാനത്തോടെ ബഹിരാകാശ പരീക്ഷണങ്ങള്‍ക്കുള്ള പദ്ധതികള്‍ ഹോണ്ട പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2024 മുതലാണ് Combustion ഹോവറിങ് പരീക്ഷണങ്ങള്‍ ഹോണ്ട തുടങ്ങിയത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പുനരുപയോഗിക്കാവുന്നു റോക്കറ്റുകളുടെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന ലോകത്തെ പ്രമുഖ കമ്പനികളുടെ പട്ടികയില്‍ ഇതോടെ ഹോണ്ടയും ഉള്‍പ്പെട്ടിരിക്കുകയാണ്. സ്വന്തം ഉപഗ്രഹങ്ങള്‍ ഹോണ്ട പ്രവര്‍ത്തിക്കുന്ന മറ്റ് മേഖലകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍ക്കാന്‍ ഉപയോഗിച്ചേക്കാം.
ഹോണ്ടയുടെ റോക്കറ്റ് ഇപ്പോഴും അടിസ്ഥാനപരീക്ഷണ ഘട്ടത്തിലാണ്. റോക്കറ്റ് സാങ്കേതിക വിദ്യകളുടെ വാണിജ്യവല്‍ക്കരണം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. 2029 ആയപ്പോഴേക്കും ഒരു സബ് ഓര്‍ബിറ്റല്‍ വിക്ഷേപണം സാധ്യമാക്കുന്ന സാങ്കേതിക ശേഷി നേടിയെടുക്കുക എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം. ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്സയും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
അതിവേഗം വളരുന്ന സാങ്കേതിക വിദ്യാ രംഗത്തേക്കുള്ള ഹോണ്ടയുടെ പ്രവേശനം അടയാളപ്പെടുത്തുന്നതാണ് പുതിയ പരീക്ഷണം. ഹോണ്ടയുടെ എതിരാളികളായ ടൊയൊട്ടയും വിക്ഷേപണ വാഹനങ്ങളുടെ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിനായി റോക്കറ്റ് നിര്‍മാതാക്കളായ ഇന്‍റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസില്‍ നിക്ഷേപം നടത്തുന്നുണ്ട്. സ്പേസ് എക്സിന്റെ യു.എസ് എതിരാളികളായ ബ്ലൂ ഒറിജിനും ചൈനയിലേയും യൂറോപ്പിലേയും കമ്പനികള്‍ക്കും പുനരുപയോഗിക്കാവുന്ന റോക്കറ്റ് പദ്ധതികളുണ്ട്. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണം ഇസ്റോയും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.