Image Credit: x.com/ExploreCosmos_

ഏപ്രിൽ 25ന് പുലർച്ചെ അഞ്ചരയ്ക്ക് എഴുന്നേൽക്കുക, ആകാശത്തേക്ക് നോക്കുക. ആകാശം നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കാണാം. ത്രികോണ സംയോജനം എന്ന അപൂർവ ഗ്രഹവിന്യാസം ആണത്. അതായത്, ശുക്രനും ശനിയും ഒരു നേർത്ത ചന്ദ്രക്കലയും വളരെ അടുത്തായി വരികയും അവ ഒരു പുഞ്ചിരിമുഖം പോലെ തോന്നിപ്പിക്കുകയും ചെയ്യും. ആകാശം വ്യക്തമാണെങ്കിൽ, മഴമേഘങ്ങൾ തടസ്സപ്പെടുത്തിയില്ലെങ്കിൽ, ലോകത്ത് എവിടെയിരുന്നും ഈ പുഞ്ചിരി കാണാം.

ശുക്രൻ ചക്രവാളത്തിന് മുകളിൽ തിളങ്ങി നിൽക്കുമ്പോൾ ശനി അല്പം താഴെയായി വരും. ഇവ കണ്ണുകൾ ആയി തോന്നിക്കും. അതിനും താഴെ ചെറുപുഞ്ചിരിയുമായി ചന്ദ്രക്കല എത്തും. ദശലക്ഷക്കണക്കിനു കിലോമീറ്റർ അകലെയാണെങ്കിലും ആ പുഞ്ചിരി ഭൂമിയിൽ ഇരുന്നു കാണാം.

എന്താണ് ട്രിപ്പിൾ കൺജംഗ്ഷൻ അഥവാ ത്രികോണ സംയോജനം?

രാത്രി ആകാശത്ത് രണ്ടോ അതിലധികമോ ഖഗോള വസ്തുക്കൾ പരസ്പരം വളരെ അടുത്തായി പ്രത്യക്ഷപ്പെടുമ്പോഴാണ് ഒരു കൺജങ്ക്ഷൻ സംഭവിക്കുന്നത്. മൂന്ന് ഖഗോള വസ്തുക്കൾ ഉൾപ്പെടുമ്പോൾ, അത് ഒരു ട്രിപ്പിൾ കൺജങ്ക്ഷനായി മാറുന്നു. 

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത, ശുക്രനും ശനിയും ഒരുമിച്ച് പ്രത്യക്ഷപ്പെടേണ്ടതുണ്ട് എന്നതാണ്. മാത്രമല്ല ആകാശത്ത് ദിവസം തോറും സ്ഥാനം മാറുന്ന ചന്ദ്രൻ പോലും ശരിയായ ഘട്ടത്തിലും ചെരിവിലും ആയിരിക്കണം. അങ്ങനെ ഒരു മുഖത്തിന്റെ മിഥ്യ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരം യാദൃശ്ചികതകൾ അപൂർവമായി മാത്രമേ സംഭവിക്കൂ. അങ്ങനെ സംഭവിക്കുമ്പോൾ അത് ജ്യോതിശാസ്ത്രജ്ഞർക്കും വാനനിരീക്ഷണത്തിൽ താല്പര്യം ഉള്ളവർക്കും ആഹ്ലാദ നിമിഷം തന്നെയാണ്.

എപ്പോൾ കാണാം?

ഈ പ്രതിഭാസം കാണാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയത്തിന് തൊട്ടുമുമ്പ്, പ്രാദേശിക സമയം ഏകദേശം 5:30 ന് ആണ്. ഈ സമയത്ത് പ്രകാശമുള്ള ഗ്രഹങ്ങളെയും നേർത്ത ചന്ദ്രക്കലയെയും നിരീക്ഷിക്കാൻ ഇരുട്ട് ഉണ്ടാകും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെങ്കിലും ബൈനോക്കുലറുകളോ ഒരു ചെറിയ ദൂരദർശിനിയോ കൂടുതൽ മികച്ച കാഴ്ച നൽകും. ഓർക്കുക, ഈ നിമിഷങ്ങൾ ക്ഷണികമാണ്. ഒരു മണിക്കൂറിനു ഉള്ളിൽ തന്നെ സൂര്യൻ ഉദിച്ചു ഉയരുകയും ഈ പ്രതിഭാസത്തെ മായ്ച്ചു കളയുകയും ചെയ്യും.

ENGLISH SUMMARY:

On April 25, at around 5:30 AM, look up to witness a rare celestial event called a "triple conjunction." Venus, Saturn, and a thin crescent moon will align in such a way that they appear like a smiling face in the sky. Visible from anywhere in the world (weather permitting), this rare alignment will delight skywatchers and astronomy enthusiasts alike.