FILE - A TAP Air Portugal Airbus A320 is silhouetted against the setting moon while approaching for landing in Lisbon, Portugal, June 23, 2024. (AP Photo/Armando Franca, File)

TAGS

ചന്ദ്രനില്ലാത്ത ഒരു കാലം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ആ വെള്ളിവെളിച്ചമില്ലാത്ത രാത്രികള്‍... സമുദ്രങ്ങളിലെ വേലിയേറ്റങ്ങളെയും വേലിയിറക്കങ്ങളെയും നിയന്ത്രിക്കുന്നതിനും, ഭൂമിയുടെ അച്ചുതണ്ടിനെ സ്ഥിരപ്പെടുത്തുന്നതിനും, രാത്രി വെളിച്ചം നൽകുന്നതിനും ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്‍ കൂടിയേ തീരൂ. മാത്രമല്ല സമയനിർണ്ണയത്തിനും, രാത്രികാല ആവാസവ്യവസ്ഥയ്ക്കും ചന്ദ്രന്‍ സഹായിക്കുന്നുണ്ട്. കൂടാതെ മാനവരാശിയുടെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ഭാവിയിലെ ബഹിരാകാശ യാത്രകൾക്കും ചന്ദ്രൻ ഒരു ഇടത്താവളം കൂടിയാണ്.

എന്നാല്‍ നാഷണൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലെ സെന്റർ ഫോർ എർത്ത് ആൻഡ് പ്ലാനറ്ററി സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് പ്രകാരം ചന്ദ്രൻ വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണത്രേ. ചന്ദ്രന്‍റെ ആന്തരിക താപനില കുറയുന്നതാണ് ഇതിന് കാരണം. കോടിക്കണക്കിന് വർഷങ്ങളായി ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഇത് മുന്‍പ് കണക്കാക്കിയതിലും വേഗത്തിൽ സംഭവിക്കുന്നുണ്ടെന്നാണ്. 2010 ലാണ് സെന്റർ ഫോർ എർത്ത് ആൻഡ് പ്ലാനറ്ററി സ്റ്റഡീസിലെ ശാസ്ത്രജ്ഞനായ ടോം വാട്ടേഴ്‌സ് ചന്ദ്രൻ ക്രമേണ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്.

ചന്ദ്രന്റെ ആന്തരിക ഭാഗത്ത് താപം ക്രമേണ കുറഞ്ഞുവരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. കാലക്രമേണ ഈ ഉൾഭാഗം സങ്കോചിക്കുകയും അതുവഴി ചന്ദ്രന്‍റെ ഉപരിതല പാളികള്‍ ചുരുങ്ങുകയുമാണ് ചെയ്യുന്നത്. ഇതിന്‍റെ തെളിവുകളാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ലോബേറ്റ് സ്കാർപ്പുകളും സ്മോൾ മാരി റിഡ്‍ജുകളും (എസ്എംആര്‍). ചന്ദ്രന്റെ പുറംതോട് ചുരുങ്ങുമ്പോൾ മുകളിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ രൂപപ്പെടുന്ന ചെറിയ പാറക്കെട്ടുകൾ പോലുള്ള വരമ്പുകളാണ് എസ്എംആറുകള്‍. ചന്ദ്രന്‍റെ ഉപരിതലത്തിലെ അധികം പഴക്കമില്ലാത്ത എസ്എംആറുകളാണ് ചന്ദ്രൻ ഇപ്പോഴും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നത്. ഇവ ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ അടയാളങ്ങള്‍ കൂടിയാണ്.

ചന്ദ്രന്‍റെ ഈ സങ്കോച പ്രവര്‍ത്തനങ്ങള്‍ ചന്ദ്രനില്‍ ഭൂചലനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നാസ പറയുന്നത് പ്രകാരം ഈ ഭൂകമ്പങ്ങൾ 20– 30 കിലോമീറ്റർ ആഴത്തിലാണ് സംഭവിക്കുന്നത്. ഇവ റിക്ടർ സ്കെയിലിൽ 5.5 വരെ തീവ്രത രേഖപ്പെടുത്തുകയും 10 മിനിറ്റിലധികം നീണ്ടുനിൽക്കുകയും ചെയ്യുന്നവയാണ്. ഭാവിയിലെ ചാന്ദ്ര പര്യവേഷണത്തിന്‍റെ ഭാഗമായുള്ള ബഹിരാകാശയാത്രികർക്കും ഉപകരണങ്ങൾക്കും ഇവ ഭീഷണിയായേക്കാം. 2028 ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ ആർട്ടെമിസ് പ്രോഗ്രാം മുന്നോട്ടുപോകുമ്പോള്‍ ഇനിയുള്ള ബഹിരാകാശ പര്യവേഷണങ്ങളില്‍ ഈ അപകടസാധ്യതകൾ പരിഗണിക്കേണ്ടതായി വരാം. 

ENGLISH SUMMARY:

Recent studies from the Center for Earth and Planetary Studies reveal that the Moon is shrinking at an unexpected rate as its core cools over billions of years. This shrinkage causes the lunar surface to wrinkle, forming 'lobate scarps' and 'small mare ridges' (SMRs), which trigger significant moonquakes. NASA reports that these tremors can reach a magnitude of 5.5 on the Richter scale and last for over 10 minutes, posing a threat to future lunar outposts. As NASA prepares for its Artemis program to land humans on the Moon by 2028, understanding these geological shifts is crucial for astronaut safety. The shrinking Moon highlights the dynamic nature of our only natural satellite and its long-term impact on space exploration. Stay informed about the latest lunar science and its implications for mankind's future in space.