അമ്പളിയമ്മാവനെ ചുറ്റിക്കറങ്ങി വീണ്ടും ഒരുകൂട്ടര്‍ മനുഷ്യര്‍ ഭൂമിയിലെത്തിയ ദിനം... യു.എസിലെ സാന്‍ഡിയോഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തില്‍ ചരിത്രം സ്പ്ലാഷ് ഡൗണ്‍ ചെയ്ത നിമിഷം. മനുഷ്യരാശിയെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബൃഹത്പദ്ധതിയിലെ രണ്ടാം ദൗത്യം, ആര്‍ട്ടിമിസ് 2വിലെ ബഹിരാകാശസഞ്ചാരികള്‍, 10 ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ ദിവസം.
ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന മനുഷ്യര്‍... ഒരു ദിനം അവിടെ എത്തിചേരാനാകുമെന്ന് ആ മനുഷ്യന്‍ സ്വപ്നം കണ്ടു. ആ സ്വപ്നം യാഥാര്‍ഥ്യമായത് അപ്പോളോ കാലഘട്ടത്തില്‍... പക്ഷേ അതിനുശേഷം നീണ്ട കാലത്തെ നിശബദ്ത. ചുരുക്കിപ്പറഞ്ഞാല്‍ 54 വര്‍ഷത്തെ കാത്തിരിപ്പ്. ആ നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം. വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരുപിടി അറിവുമായി ആര്‍ട്ടിമിസ് 2 ദൗത്യസംഘം ഭൂമിയില്‍ തിരിച്ചെത്തി. ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ചുവടുവയ്പ്പായി മാറിയ ആര്‍ട്ടിമിസ് ദൗത്യത്തെ കുറിച്ച് കൂടുതലറിയാം.
2022ൽ നടന്ന ആർട്ടിമിസ് 1 ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ആര്‍ട്ടിമിസ് 2. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള വലിയ ലക്ഷ്യം ഏറ്റെടുത്ത ആര്‍ട്ടിമിസ് പദ്ധതിയിലെ ആദ്യ ദൗത്യത്തില്‍, ചന്ദ്രനിലേക്കുള്ള യാത്രയ്ക്കായി ഉപയോഗിക്കുന്ന ഓറിയോണ്‍ പേടകത്തിന്റെ സുരക്ഷയാണ് പരിശോധിച്ചത്. ആര്‍ട്ടിമിസ് 2 ദൗത്യത്തിലാണ് ചന്ദ്രനെ ലക്ഷ്യമിട്ട് മണുഷ്യര്‍ ഒരുവട്ടം കൂടി റോക്കറ്റ് കേറിയത്. നാല് മനുഷ്യര്‍ ചന്ദ്രന് സമീപം എത്തിയെങ്കിലും അവര്‍ ചന്ദ്രനില്‍ ഇറങ്ങിയില്ല. പകരം 'ഫ്രീ ലൂണാര്‍ ട്രാജറ്ററി' എന്ന ചാന്ദ്രപാഥയിലൂടെ 'ലൂണാര്‍ ഫ്ലൈബൈ' പ്രക്രിയ പൂര്‍ത്തിയാക്കി ചന്ദ്രനെ വലംവച്ച് തിരിച്ചെത്തി. 2028ല്‍ നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് 4ല്‍ ആകും മനുഷ്യര്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. ആര്‍ട്ടിമിസ് 3, 4 ദൗത്യങ്ങള്‍ സങ്കീർണമായിരിക്കും. ഈ ദൗത്യങ്ങളിലേക്ക് ബഹിരാകാശയാത്രികരെയും നാസയെയും സജ്ജരാക്കുക എന്നതായിരുന്നു ആർട്ടിമിസ് 2 പദ്ധതിയുടെ ലക്ഷ്യം. ചുരുക്കിപറഞ്ഞാല്‍, വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങൾക്കായുള്ള ബഹിരാകാശത്തെ ഒരു ഡ്രസ് റിഹേഴ്സൽ എന്നതാണ് ആർട്ടിമിസ് 2വിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.
ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കഴിയുന്നത്, ബഹിരാകാശയാത്രികരുടെ ഉറക്കം, മാനസിക സമ്മർദം, ചിന്താശേഷി, ഒരുമിച്ചു പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് നിരവധി വിശദാംശങ്ങള്‍ ഈ ദൗത്യത്തിലൂടെ നാസ ശേഖരിച്ചു. ഓറിയോണ്‍ പേടകത്തിന്റെ കാര്യക്ഷമത, പ്രവര്‍ത്തനം, ചന്ദ്രന്റെ അന്തരീക്ഷത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഇതെല്ലം സംഘം വിശകലനം ചെയ്തു. പത്ത് ദിവസം കൊണ്ട് ആര്‍ട്ടിമിസ് 2ലെ നാലംഗ സംഘം വെട്ടിത്തെളിച്ചത് ഭാവിയിലേ ചാന്ദ്ര ദൗത്യങ്ങളിലേക്കുള്ള പാത കൂടിയാണ്.
ദൗത്യത്തിലെ നിര്‍ണായകഘട്ടമായ ആറുമണിക്കൂര്‍ നീണ്ട 'ലൂണാര്‍ ഫ്ലൈബൈ' പ്രക്രിയയില്‍ സംഘം പകര്‍ത്തിയത് നാളിതുവരെയും മനുഷ്യന്‍ കാണാത്ത ചന്ദ്രന്റെ ചിത്രങ്ങളാണ്. അപ്പോളോ 8 സംഘത്തിന്റെ വിശ്വവിഖ്യാതമായ 'എര്‍ത്ത് റൈസ്' ചിത്രത്തിന് ശേഷം 'എര്‍ത്ത് സെറ്റ്' ചിത്രവും മനുഷ്യരാശിക്ക് സ്വന്തം. അത്യപൂര്‍വമായ ഒരു സൂര്യഗ്രഹണത്തിനും സംഘം സാക്ഷ്യം വഹിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ഖ്യാതിയും നാലംഗ സംഘത്തിന്റെ പേരിലായത് അന്ന് തന്നെ. ഭൂമിയില്‍ നിന്ന് 2,52,756 മൈല്‍ ദൂരം സഞ്ചരിച്ചാണ് റീഡ് വൈസ്മാന്‍ നയിക്കുന്ന സംഘം റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 1970 ഏപ്രില്‍ 14ലെ അപ്പോളോ 13 ദൗത്യം കുറിച്ച 2,48,655 മൈല്‍ ദൂരമാണ് ആര്‍ട്ടിമിസ് 2 സംഘം ഏഴാം ദിനം മറികടന്നത്.
ഫ്രെബ്രുവരിയില്‍ നടത്തേണ്ടിയിരുന്ന ദൗത്യം ഇന്ധന ചോര്‍ച്ച കാരണം പല തവണയാണ് മാറ്റിയത്. പിന്നീട് എസ്.എല്‍.എസ് റോക്കറ്റും ഓറിയോണ്‍ പേടകവും ലോഞ്ചിങ് കോംപ്ലക്സില്‍ നിന്ന് മാറ്റേണ്ടി വന്നു. തകരാറുകള്‍ പരിഹരിച്ച് ഏപ്രില്‍ ഒന്നിന് വിക്ഷേപണം നടത്താന്‍ നാസ തീരുമാനിച്ചു. ഏപ്രില്‍ 1, യു.എസ് സമയം വൈകിട്ട് 6.35... കെന്നഡി സ്പേസ് സെന്ററിൽനിന്ന് നാല് യാത്രികരെയും വഹിച്ച് (SLS) എസ്.എല്‍.എസ് റോക്കറ്റ് കുതിച്ചുയര്‍ന്നു. 8 മിനിറ്റിനുള്ളിൽ റോക്കറ്റ് ബഹിരാകാശത്തെത്തി. ഓറിയൺ പേടകം സൗരോർജ പാനലുകൾ വിരിച്ചു. തുടര്‍ന്ന് നിര്‍ണായകമായ പത്തുനാള്‍. രണ്ടാം ദിനം മുതല്‍ നാലാം ദിനം വരെയായിരുന്നു ചന്ദ്രനിലേക്ക് ശരിക്കുമുള്ള യാത്ര. 'ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ' ഘട്ടം. ഭൂമിയുടെ ഭ്രമണപഥങ്ങളും ഗുരുത്വബലവും പിന്നിട്ട് ചന്ദ്രനെത്തേടിയുള്ള യാത്ര. ഇതിനിടെ പേടകത്തിൽ തുടരെത്തുടരെ പരിശോധനകൾ. അഞ്ചാം ദിനം ഓറിയോണ്‍ ചന്ദ്രനരികിലേക്ക്. ചന്ദ്രന്റെ ഗുരുത്വാകർഷണം പേടകത്തെ സ്വാധീനിക്കാൻ തുടങ്ങി. നിര്‍ണായകമായ ആറാം ദിനം, പേടകം ചന്ദ്രനോട് ഏറ്റവുമടുത്തെത്തി. ചന്ദ്രോപരിതലത്തിന് 6,450 കിലോമീറ്റർ മുകളിൽ. ഓറിയണിന്റെ ജാലകത്തിലൂടെ ചന്ദ്രനെയും ഭൂമിയെയും കണ്ട് യാത്രികർ.
ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന ഗ്രഹണവും ചന്ദ്രനിലെ ഓറിയന്റാലെ ബേസിൻ മേഖലയുമുൾപ്പെടെ അപൂർവ കാഴ്ചകൾ കണ്ട യാത്രികർ, പതിനായിരത്തിലേറെ ചിത്രങ്ങൾ പകര്‍ത്തി. ഓറിയന്റലെ ബേസിൻ മഹാഗർത്തമേഖലയിലെ പർവതങ്ങളും ലാവാനിലങ്ങളും യാത്രികര്‍ക്ക് മുന്നില്‍. ഇവിടെയാണ് 'എർത്ത്സെറ്റ്' എന്ന, ചന്ദ്രന്റെ ആകാശത്ത് ഭൂമി അസ്തമിക്കുന്ന ചിത്രവും യാത്രികര്‍ പകര്‍ത്തിയത്. ഇനി മടക്കയാത്രയുടെ സമയം. ഏഴാം ദിനം, ഇന്ധനം ഉപയോഗിക്കാതെ പ്രത്യേക ചലനം വഴി പേടകത്തിന്റെ ഗതിമാറ്റി, ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമായി. ഒടുവില്‍, മുന്‍നിശ്ചയിച്ച പ്രകാരം, പത്താംദിനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടക്കം. പസഫിക് സമുദ്രത്തിന്റെ മടിത്തട്ടില്‍ സ്പ്ലാഷ്ഡൗണ്‍ ചെയ്ത 'ഓറഞ്ച് മനുഷ്യരെ' സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്ത് യു.എസ് നാവികസേന. ചന്ദ്രനോട് ചേര്‍ന്ന് പറന്ന്, ചന്ദ്രനെ പഠിച്ച്, മനുഷ്യരാശിക്കായുള്ള ഒരുപിടി അറിവുകളും അനുഭവങ്ങളുമായി ആര്‍ട്ടിമിസ് 2 സംഘം മാതൃഗ്രഹത്തിന്റെ സുരക്ഷിതവലയത്തിലേക്ക്.
ലോകത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് നാസ ദൗത്യത്തിന് ഉപയോഗിച്ചത്. സ്പേസ് ലോഞ്ചിങ് സിസ്റ്റം അഥവ എസ്.എല്‍.എസ് റോക്കറ്റ്. രണ്ട് റോക്കറ്റ് ബൂസ്റ്ററുകളും നാല് എൻജിനുകളും ചേർന്ന് സൃഷ്ടിക്കുന്ന 88 ലക്ഷം പൗണ്ട് ത്രസ്റ്റ് നല്‍കാനാകുന്ന നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം, അല്ലെങ്കില്‍ (SLS) എസ്.എൽ.എസ് റോക്കറ്റിലായിരുന്നു ആര്‍ട്ടിമിസ് 2 ദൗത്യത്തിന്റെ വിക്ഷേപണം. 'ഇന്റഗ്രിറ്റി' എന്ന് വിളിപ്പേരുള്ള ഓറിയോൺ പേടകത്തിൽ യാത്രികരെ വഹിച്ച് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് ചാന്ദ്രപാതയിലേക്ക് കുതിച്ചുയര്‍ന്നു. യാത്രികർ ജോലി ചെയ്യുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും വിസ്മയകരമായ ബഹിരാകാശ കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യുന്ന ഓറിയോൺ ക്യാപ്സ്യൂളിന് ഏകദേശം 17 അടി വ്യാസവും 11 അടിയിൽ താഴെ നീളവുമുണ്ട്. പേടകത്തിന്റെ ഉള്ളിലും അടിമുടി മാറ്റമുണ്ട്. മുൻപ് ചാന്ദ്രദൗത്യങ്ങളിൽ യാത്രികർക്ക് നൂറുകണക്കിന് സ്വിച്ചുകൾ നേരിട്ട് നിയന്ത്രിക്കേണ്ടിയിരുന്നു. എന്നാൽ ഓറിയോണിൽ ഇവയുടെ സ്ഥാനത്ത് മൂന്ന് ഡിജിറ്റൽ ഡിസ്‌പ്ലേ സ്ക്രീനുകളാണ് ഉള്ളത്. പേടകത്തിന്റെ താപകവചത്തിന് (ഹീറ്റ് ഷീൽഡ്) 5,000 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള ചൂട് താങ്ങാൻ ശേഷിയുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ ഓറിയോണ്‍ പോടകത്തിന്റെ താപകവചം, ഉദ്ദേശിച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു എന്നതും ആര്‍ട്ടിമിസ് 2 ദൗത്യത്തിന്റെ വലിയ വിജയങ്ങളില്‍ ഒന്നാണ്. ആര്‍ട്ടിമിസ് 1 ആളില്ലാ ദൗത്യത്തില്‍ താപകവചത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആദ്യ ദൗത്യത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടായിരുന്നു രണ്ടാം ദൗത്യത്തിന് നാസ ഓറിയോണ്‍ പേടകത്തെ തയാറാക്കിയത്. അത് ഫലം കണ്ടു. ആദ്യ രണ്ട് ദൗത്യങ്ങളിലെ പാഠങ്ങള്‍, വരും ദൗത്യങ്ങള്‍ക്കും, മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കുന്നതിനും നിര്‍ണായകമാകുന്നതും ഇതിനാലാണ്.
മൂന്ന് സുപ്രധാന നാഴികക്കല്ലുകൾ കൂടി ആർട്ടെമിസ് 2 ദൗത്യത്തിലുണ്ട്. ചന്ദ്രനെ വലംവെക്കുന്ന ആദ്യ വനിത, ആദ്യ ആഫ്രോ അമേരിക്കന്‍ വംശജന്‍, ആദ്യ കനേഡിയൻ പൗരന്‍ എന്നിവരെല്ലാം ചന്ദ്രനിലെത്തിയത് ആര്‍ട്ടിമിസ് 2വിലൂടെയാണ്. ആര്‍ട്ടിമിസ് 2 ദൗത്യത്തിലെ നാലംഗ സംഘത്തെ നയിച്ചത് മിഷൻ കമാൻഡറായ റീഡ് വൈസ്മാൻ ആണ്. മുൻ നാവികസേനാ ഉദ്യോഗസ്ഥനായ അദ്ദേഹം 2014ൽ ബഹിരാകാശയാത്ര നടത്തുകയും പിന്നീട് നാസയുടെ ആസ്ട്രോനട്ട് ഓഫീസിന്റെ മേധാവിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നാലംഗ സംഘം കണ്ടെത്തിയ ചന്ദ്രനിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്ക് റീഡ് വൈസ്മാന്റെ ഭാര്യയുടെ പേരിടാനാണ് കൂടെയുണ്ടായിരുന്ന കനേഡിയൻ ആസ്ട്രോനട്ട് ജെര്‍മി ഹാന്‍സന്‍ നിര്‍ദേശിച്ചത്. 2020ല്‍ അര്‍ബുദ ബാധയെ തുടര്‍ന്നാണ് കാരള്‍ ഈ ലോകത്തോട് വിട പറഞ്ഞത്. സഹപ്രവര്‍ത്തകന്‍ തന്റെ തീരുമാനം അറിയിച്ചപ്പോള്‍ ഓറിയോണ്‍ പേടകത്തിലിരുന്ന് റീഡ് വൈസ്മാന്‍ വിതുമ്പി.
2022ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നടത്തിയ സ്പേസ്എക്സ് ദൗത്യത്തിന് ചുക്കാൻ പിടിച്ച വിക്ടർ ഗ്ലോവറാണ് ആർട്ടിമിസ് 2ന്റെ പൈലറ്റ്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ വംശജനെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. ഓറിയോണ്‍ പേടകത്തിന്റെ നിയന്ത്രണം വിക്ടറിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ചന്ദ്രനെ വലംവച്ച ആദ്യ വനിതയായി മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക്. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോർഡും ക്രിസ്റ്റീനയുടെ പേരിലാണ്. പൂർണമായും വനിതകൾ മാത്രം പങ്കെടുത്ത ആദ്യ ബഹിരാകാശ നടത്തത്തിലും അവർ പങ്കാളിയായിരുന്നു. ഓറിയോണ്‍ പേടകത്തിലെ ശുചിമുറിക്കുണ്ടായ തകരാര്‍ പരിഹരിച്ചതും ക്രിസ്റ്റീന തന്നെ. പിന്നാലെ ക്രിസ്റ്റീന എക്സില്‍ കുറിച്ചത് താനൊരു സ്പേസ് പ്ലംബറായി എന്നാണ്.
കനേഡിയൻ ഫൈറ്റർ പൈലറ്റും സഹ മിഷൻ സ്പെഷ്യലിസ്റ്റുമായ ജെറമി ഹാൻസനിലൂടെയാണ് ഈ സംഘം പൂർണമാകുന്നത്. ചന്ദ്രനിലെത്തുന്ന ആദ്യ കനേഡിയൻ പൗരനാണ് ഇദ്ദേഹം. ചന്ദ്രനില്‍ കണ്ടെത്തിയ ഗര്‍ത്തങ്ങള്‍ക്ക് പേരിട്ടതും ജെര്‍മി തന്നെ. ഇവര്‍ നാലുപേരും തങ്ങളുടെ ഐഫോണുകള്‍ ഉപയോഗിച്ചായിരുന്നു നാം കണ്ട ഭൂരിഭാഗം ചിത്രങ്ങളും പകര്‍ത്തിയത്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മറ്റൊരു ചാന്ദ്ര ദൗത്യത്തിന് 54 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്?
അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക് പോകാന്‍ 54 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് എന്തിനെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. അതിനുത്തരം ഇതാണ്. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുകയും ചന്ദ്രനില്‍ യു.എസ് പതാക സ്ഥാപിക്കുകയുമായിരുന്നു അപ്പോളോയുടെ പ്രധാന ലക്ഷ്യം. 1969 മുതൽ 1972 വരെ ആറു തവണ സഞ്ചാരികൾ ചന്ദ്രനിലിറങ്ങി. ഏറ്റവും ദൈർഘ്യമേറിയ താമസം 75 മണിക്കൂറായിരുന്നു. ചന്ദ്രനിലേക്ക് പറന്ന 24 അപ്പോളോ സഞ്ചാരികളിൽ അഞ്ചുപേർ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും യു.എസില്‍ മാറിവന്ന ഭരണ സംവിധാനങ്ങളും സാമ്പത്തിക സ്ഥിതിയുമെല്ലാം തുടര്‍ ദൗത്യങ്ങള്‍ നീളാന്‍ കാരണമായി. 21–ാം നൂറ്റാണ്ടില്‍, വീണ്ടും ചന്ദ്രനെ തേടി യു.എസ് ഇറങ്ങാന്‍ കാരണമുണ്ട്. 2030ല്‍ മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന ചൈനയുടെ പ്രഖ്യാപനമാണ് നാസയെ വീണ്ടും ചന്ദ്രനിലേക് അടുപ്പിച്ചത്. ഇതാണ് ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ജീവന്‍ വയ്ക്കാന്‍ കാരണം.
ഇന്ന് പര്യവസാനിച്ച ആര്‍ട്ടിമിസ് ടു കൊണ്ട് തീരുന്നതല്ല ആര്‍ട്ടിമിസ് ദൗത്യങ്ങള്‍. 2028ല്‍ മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുന്നതുവരെ ദൗത്യം നീളും. 2028ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആദ്യത്തെ ആർട്ടിമിസ് ചാന്ദ്ര ലാൻഡിങ്ങിൽ, ഒരു ജോഡി സഞ്ചാരികൾക്ക്, ഏകദേശം ഒരാഴ്ചയോളം ചന്ദ്രനില്‍ ചെലവഴിക്കാൻ കഴിഞ്ഞേക്കും. അപ്പോളോയെ അപേക്ഷിച്ച് സങ്കീർണ്ണമായ പദ്ധതിയാണ് ഇത്. ആര്‍ട്ടിമിസ് ചാന്ദ്രസഞ്ചാരികൾ ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്ക് യാത്ര തിരിക്കും. ചാന്ദ്ര ഭ്രമണപഥത്തിലെത്തിയാൽ, സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പിലേക്കോ ബ്ലൂ ഒറിജിന്റെ ബ്ലൂ മൂണിലേക്കോ മാറും. ഏതാണോ ആദ്യം തയാറാകുന്നത്, അതിലായിരിക്കും യാത്ര. അവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുകയും, കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരികെ ഭ്രമണപഥത്തിലേക്ക് കുതിച്ച് തങ്ങളുടെ ഓറിയോൺ കാപ്സ്യൂളുമായി ചേരുകയും ചെയ്യും. ഓറിയോണിലായിരിക്കും ഭൂമിയിലേക്കുള്ള മടക്കയാത്ര. ചൊവ്വയെ ലക്ഷ്യമിട്ട്, ചന്ദ്രനിൽ സ്ഥിരമായി തങ്ങാനുള്ള സൗകര്യമൊരുക്കാനാണ് നാസ ശ്രമിക്കുന്നത്. അങ്ങനെ അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ നേട്ടമാക്കി മാറ്റാന്‍ മനുഷ്യരാശിക്ക് നിഷ്പ്രയാസം സാധിക്കട്ടെ... അതിനായി കാത്തിരിക്കാം.