കഴിഞ്ഞ വര്‍ഷം വാനനിരീക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന പ്രതിഭാസമായിരുന്നു നട്ടുച്ചയെ പോലും ഇരുട്ടാക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം. എന്നാല്‍ ഈ വര്‍ഷം സമ്പൂര്‍ണ സൂര്യഗ്രഹണമല്ല, മറിച്ച് സമ്പൂര്‍ണ ചന്ദ്രഗ്രണമാണ് കാത്തിരിക്കുന്നത്. മാനത്തമ്പിളി ചുവന്ന് തുടുത്ത്, രക്ത ചന്ദ്രനാകുന്ന ആ ദിവസത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാന സമ്പൂര്‍ണ ചന്ദ്രഗ്രഹണം നടന്നത്.
എന്താണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളില്‍ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. സൂര്യപ്രകാശം ഭൂമിയില്‍ പതിക്കുമ്പോള്‍ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. അങ്ങിനെയെങ്കില്‍ പൂർണ്ണചന്ദ്രഗ്രഹണസമയത്ത് യഥാർത്ഥത്തിൽ ചന്ദ്രൻ അദൃശ്യമാകേണ്ടതല്ലേ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ യഥാര്‍ഥത്തില്‍ ചന്ദ്രന്‍ ചുവന്ന നിറത്തിലായിരിക്കും കാണപ്പെടുക.
എന്താണ് രക്ത ചന്ദ്രന്‍?
സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയക്ക് ഭൂമിയുടെ അന്തരീക്ഷം തന്നെയാണ് ചന്ദ്രനെ ‘രക്ത ചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളാണ് ചന്ദ്രനില്‍ പതിക്കുന്നത്. ഈ സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകുന്നു. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്ത ചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.
എവിടെ, എപ്പോള്‍ കാണാം?
അമേരിക്കയിലുടനീളം പൂർണ്ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. മാർച്ച് 13 രാത്രി മുതൽ മാർച്ച് 14 പുലർച്ചെ വരെയായിരിക്കും ഗ്രഹണം. അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് രാത്രി 10 മണിയോടെ ഗ്രഹണം ആരംഭിച്ച് പുലർച്ചെ 1 മണിയോടെ ഗ്രഹണം ഉച്ചസ്ഥായിയിലെത്തും. കിഴക്കൻ തീരത്ത് അല്‍പം വൈകിയായിരിക്കും ഗ്രഹണം നടക്കുക. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല. പക്ഷേ നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍ക്കായി Timeanddate.com ല്‍ പൂർണ്ണ ചന്ദ്രഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യും.
നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ രക്തചന്ദ്രനെ കാണാൻ സാധിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും. പൂർണ്ണതയിൽ ഒരു മണിക്കൂറോളം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ചന്ദ്രന്‍ കാണപ്പെടാം.