asteroid-impact-animation

Screen Grab from Animation Video

ദിവസങ്ങളായി ശാസ്ത്രലോകം ഒരു ഛിന്നഗ്രഹത്തിന് പിന്നാലെയാണ്! ഭൂമിയില്‍ സമീപത്തുകൂടി കടന്നുപോകും എന്ന് പറഞ്ഞുകൊണ്ട് എഴുതിത്തള്ളിയ, എന്നാല്‍ ഇപ്പോള്‍ ഭൂമിയുമായുള്ള കൂട്ടിയിടി സാധ്യത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന 2024 YR4 എന്ന ഛിന്നഗ്രഹത്തിനു പിന്നാലെ! ‘സിറ്റി– കില്ലര്‍’ എന്നാണ് ഈ ഛിന്നഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. മുന്‍പ് ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതമാത്രമേ പ്രവചിക്കപ്പെട്ടിരുന്നുള്ളൂ, അതായത് 1.2 ശതമാനം. എന്നാല്‍ ഈ സാധ്യത ഒരു ആഴ്ചയ്ക്കുള്ളിൽ 2.3 ശതമാനമായി മാറി. ഇപ്പോള്‍ കൂട്ടയിടി സാധ്യത 3.1% അഥവാ 32 ൽ 1 ആയി വര്‍ധിച്ചതായി നാസപറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടാകുന്ന ആഘാതത്തെ കാണിക്കുന്ന ആനിമേഷൻ വിഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നത്.

ഏകദേശം 177 അടി (54 മീറ്റർ) വ്യാസമാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തിന് കണക്കാക്കുന്നത്. അതായത് ഏകദേശം ഒരു കെട്ടിടത്തിന്റെ വലിപ്പം. ഭൂമിയിലുള്ള മനുഷ്യരാശിയെ മുഴുവനായും തുടച്ചുനീക്കാന്‍ ഈ വലിപ്പത്തിലുള്ള ഛിന്നഗ്രഹത്തിന് സാധിക്കില്ല. എങ്കില്‍പ്പോലും ഒരു വലിയ നഗരത്തെ ഇല്ലാതാക്കാന്‍ ഈ ഛിന്നഗ്രഹത്തിന് സാധിക്കുമെന്ന് ലൈവ് സയന്‍സ് പറയുന്നു. ‌‌‌നിലവില്‍ ഒരു എക്സ് ഉപയോക്താവാണ് കൂട്ടിയുടെ വിഡിയോ സിമുലേഷൻ പങ്കുവച്ചിരിക്കുന്നത്. ഒരു നഗരം മുഴുവൻ തുടച്ചുനീക്കാൻ തക്ക വലിപ്പം ഇതിനുണ്ടെന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 3D ആനിമേഷൻ മാന്ത്രികൻ അൽവാരോ ഗ്രാസിയ മൊണ്ടോയയാണ് സിമുലേഷൻ സൃഷ്ടിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഛിന്നഗ്രഹം കടക്കുന്നതും തീഗോളമാകുന്നതും ഭൂമിയില്‍ പതിക്കുന്നതും വിഡിയോയില്‍ കാണാം. പതിച്ചുകഴിഞ്ഞാലുണ്ടാകുന്ന ആഘാതത്തിന്‍റെ വ്യാപ്തിയും വിഡിയോ എടുത്തുകാണിക്കുന്നു.

ഛിന്നഗ്രഹം 2024 YR4

2024 ഡിസംബർ 27 ന് ചിലിയിലെ റിയോ ഹുർട്ടാഡോയിൽ സ്ഥാപിച്ച ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ടെലിസ്കോപ്പാണ് ഛിന്നഗ്രഹം 2024 YR4 നെ ആദ്യമായി തിരിച്ചറിയുന്നത്. പിന്നാലെ ൃഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2032 ഡിസംബർ 22ന് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന് പ്രവചിക്കപ്പെട്ട ഛിന്നഗ്രഹമാണിത്. ആദ്യമായി ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞ സമയം ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതമാത്രമേ പ്രവചിക്കപ്പെട്ടിരുന്നുള്ളൂ, അതായത് 1.2 ശതമാനം. എന്നാല്‍ ഈ സാധ്യത ഒരു ആഴ്ചയ്ക്കുള്ളിൽ ഏകദേശം ഇരട്ടിയായി, 2.3 ശതമാനമായി മാറി. ഇപ്പോള്‍ കൂട്ടയിടി സാധ്യത 3.1% വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി ആദ്യം മുതൽ, ന്യൂ മെക്സിക്കോയിലെ മാഗ്ഡലീന റിഡ്ജ് ഒബ്സർവേറ്ററി, ഡാനിഷ് ടെലിസ്കോപ്പ്, ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് എന്നിങ്ങനെ ഒന്നിലധികം നിരീക്ഷണ കേന്ദ്രങ്ങള്‍ ഛിന്നഗ്രഹത്തിന്‍റെ വരവ് നിരീക്ഷിക്കുന്നുണ്ട്.

ഒരു വലിയ കെട്ടിടത്തോളം വലിപ്പം ഛിന്നഗ്രത്തിനുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ വലിപ്പം ഇതുവരെ നിര്‍ണയിക്കാനായിട്ടില്ല. ഏപ്രിൽ ആദ്യം വരെ ടെലിസ്കോപ്പുകള്‍ക്ക് മുന്നില്‍ ഛിന്നഗ്രഹം ദൃശ്യമാകും. അതിനുശേഷം കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകും, 2028 ൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഛിന്നഗ്രഹത്തിന്‍റെ വരവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഛിന്നഗ്രഹം കാഴ്ചയില്‍ നിന്ന് മറയുന്നതിന് മുന്‍പേ ശേഖരിക്കാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ടെലിസ്കോപ്പിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അപകടസാധ്യതാ പട്ടികയിൽ തുടരും.

ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍

ഭൂമിയെ ഒന്നാകെ നശിപ്പിക്കാന്‍ കഴിയില്ലെങ്കിലും 2024 YR4ന് കഴിയില്ലെങ്കിലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ സെക്കൻഡിൽ 17 കിലോമീറ്റർ അല്ലെങ്കിൽ മണിക്കൂറിൽ 38,028 മൈൽ വേഗതയിലായിരിക്കും ഇത് ഭൂമിയില്‍ പതിക്കുക. അങ്ങിനെയെങ്കില്‍ പതിക്കുന്ന ഇടത്തുനിന്ന് 50 കിലോമീറ്റർ (31 മൈൽ) വരെ നാശനഷ്ടങ്ങളുണ്ടാകാം. നാസയുടെ അഭിപ്രായത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കില്‍ കിഴക്കൻ പസഫിക് സമുദ്രം, വടക്കൻ തെക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ആഫ്രിക്ക, അറേബ്യൻ കടൽ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലായിരിക്കാം കൂട്ടിയിടി സാധ്യതയുള്ള സ്ഥലങ്ങൾ. 

ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുന്നതോടൊപ്പം കൂട്ടിയിടി ഒഴിവാക്കാന്‍ വഴികളും ചര്‍ച്ച ചെയ്യുന്നുണ്ട്

കൂട്ടിയിടി സാധ്യത ഉയരുന്നത് കാണുമ്പോള്‍ സ്വാഭാവികമായം ചെറിയ ഭയം ഉണ്ടായേക്കാം. എന്നാല്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് വിദഗ്ധർ പറയുന്നു. കൂട്ടിയിടിയുടെ സാധ്യത കൂടാനും കുറയാനും പൂജ്യത്തിലെത്താനും സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മാത്രമല്ല, ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് പൂർണ്ണമായും അകന്നുപോകാനുള്ള സാധ്യത ഇപ്പോഴും 96.9% ആണെന്ന് വിദഗ്ദ്ധർ പറയുന്നു. ലൈവ് സയൻസ് പറയുന്നതനുസരിച്ച് ഭൂമിക്ക് മാത്രമല്ല ചന്ദ്രനും കൂട്ടിയിടി ഭീഷണിയുണ്ട്. ഇത്  0.3% മാത്രമാണ്.

പ്രതിരോധത്തിനൊരുങ്ങി ലോകം

അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുന്നതോടൊപ്പം കൂട്ടിയിടി ഒഴിവാക്കാന്‍ സാധ്യമായ വഴികളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടുക, ആഘാതം സംഭവിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ആഘാത സാധ്യത കുറവായതിനാല്‍ ഛിന്നഗ്രഹത്തിന്‍റെ നിരീക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രം. നേരത്തേ, കൂട്ടിയിടി പ്രതിരോധിക്കാന്‍ ചൈന പ്രതിരോധ സംഘം രൂപീകരിക്കുന്നതായും അതിലേക്ക് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദി ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ കൃത്യമായി പുറപ്പെടുവിക്കാനും ഗവേഷണത്തിനുമായി മൂന്ന് വിദഗ്ധരെ നിയമിക്കാനാണ് ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ഇൻഡസ്ട്രി ഫോർ നാഷണൽ ഡിഫൻസ് ലക്ഷ്യമിടുന്നത്.

കൂട്ടിയിടി ഭീതി ഒരു പുതിയ കാര്യമല്ല!

2024 YR4ന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ആയിരം വർഷങ്ങൾ കൂടുമ്പോൾ ഭൂമിയെ ലക്ഷ്യമാക്കി വരാറുണ്ട്. 1908ൽ തുങ്കുസ്കയുടെ അന്തരീക്ഷത്തില്‍ സമാന വലിപ്പമുള്ള ഛിന്നഗ്രഹം പൊട്ടിത്തെറിച്ചിരുന്നു. 30 മീറ്റർ വീതിയുള്ള ഛിന്നഗ്രഹമായിരുന്നു ഇത്. ഈ സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ 2,150 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നിലംപൊത്തുകയും ചെയ്തു. 2013ൽ 20 മീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം റഷ്യയിലെ ചെല്യാബിൻസ്കിന് മുകളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതും തീഗോളമായി മാറിയിരുന്നു. ലോകത്തിലെ ആദ്യത്തെ അണുബോംബിനേക്കാൾ 20 മുതൽ 30 മടങ്ങ് വരെ ശക്തമായ സ്ഫോടനമാണ് അന്നുണ്ടായത്. 7,000ത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2024 YR4 നെ മാത്രമല്ല ഭൂമിക്കു സമീപമുള്ള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെ നാസയും ഇഎസ്എയും ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയാണ്. എങ്കില്‍പ്പോലും ചെറിയ ഛിന്നഗ്രങ്ങളെ കണ്ടെത്തുന്നതും ട്രാക്ക് ചെയ്യുന്നതും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

ENGLISH SUMMARY:

For days, the scientific community has been tracking asteroid 2024 YR4, initially thought to be a harmless near-Earth object. However, new calculations suggest an increased probability of collision with Earth. Previously estimated at 1.2%, NASA now reports that the impact risk has risen to 3.1% (1 in 32 chance). Dubbed a “city-killer” asteroid, 2024 YR4 measures 177 feet (54 meters) in diameter, roughly the size of a building. While not large enough to cause a global catastrophe, it could completely wipe out a major city, according to Live Science. Amid growing concerns, a viral 3D simulation video has surfaced online, depicting the asteroid’s entry into Earth’s atmosphere, turning into a fireball, and crashing onto the surface with devastating force. The simulation, created by 3D animation expert Alvaro Gracia Montoya, was first shared by an X (Twitter) user and has since gained widespread attention. According to The New York Post, the animation highlights the intensity of the shockwave and destruction following the impact. As NASA continues to monitor the asteroid’s trajectory, the viral video has sparked intense discussions about the potential consequences of such a collision.