അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹമായ 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉയരുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി. 2032 ഡിസംബർ 22ന് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന് പ്രവചിക്കപ്പെട്ട ഛിന്നഗ്രഹമാണിത്. ആദ്യമായി ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞ സമയം ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതമാത്രമേ പ്രവചിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ഛിന്നഗ്രഹത്തിന്‍റെ പുതിയ ട്രാക്കിങ് ഡാറ്റ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കഴിഞ്ഞ ആഴ്ചയിലെ 1.2 ശതമാനത്തില്‍ നിന്ന് 2.2% ആയി ഉയര്‍ന്നതായാണ് അറിയിക്കുന്നത്. നിരീക്ഷണം തുടരുമ്പോള്‍ കൂട്ടിയിടിക്കുള്ള സാധ്യത ഇനിയും മാറിമറിഞ്ഞേക്കാം എന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്.
ഛിന്നഗ്രഹം 2024 YR4
2024 ഡിസംബർ 27 ന് ചിലിയിലെ റിയോ ഹുർട്ടാഡോയിൽ സ്ഥാപിച്ച ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ടെലിസ്കോപ്പാണ് ഛിന്നഗ്രഹം 2024 YR4 നെ ആദ്യമായി തിരിച്ചറിയുന്നത്. പിന്നാലെ ഛിന്നഗ്രഹത്തെ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ജനുവരി ആദ്യം മുതൽ, ന്യൂ മെക്സിക്കോയിലെ മാഗ്ഡലീന റിഡ്ജ് ഒബ്സർവേറ്ററി, ഡാനിഷ് ടെലിസ്കോപ്പ്, ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് എന്നിങ്ങനെ ഒന്നിലധികം നിരീക്ഷണ കേന്ദ്രങ്ങള്‍ ഛിന്നഗ്രഹത്തിന്‍റെ വരവ് നിരീക്ഷിക്കുന്നുണ്ട്.
നിലവിൽ ഭൂമിയിൽ നിന്ന് 45 ദശലക്ഷം കിലോമീറ്ററിലധികം അകലെയാണ് ഛിന്നഗ്രഹം 2024 YR4 സ്ഥിതി ചെയ്യുന്നത്. 40 നും 90 മീറ്ററിനും ഇടയില്‍, അതായത് ഒരു വലിയ കെട്ടിടത്തോളം വലിപ്പം ഛിന്നഗ്രത്തിനുണ്ട്. എങ്കിലും കൃത്യമായ വലിപ്പം ഇതുവരെ നിര്‍ണയിക്കാനായിട്ടില്ല. ഏപ്രിൽ ആദ്യം വരെ ടെലിസ്കോപ്പുകള്‍ക്ക് മുന്നില്‍ ഛിന്നഗ്രഹം ദൃശ്യമാകും. അതിനുശേഷം കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകും, 2028 ൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഛിന്നഗ്രഹത്തിന്‍റെ വരവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഛിന്നഗ്രഹം കാഴ്ചയില്‍ നിന്ന് മറയുന്നതിന് മുന്‍പേ ശേഖരിക്കാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ടെലിസ്കോപ്പിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അപകടസാധ്യതാ പട്ടികയിൽ തുടരും.
ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍
ഭൂമിക്ക് വലിയ ആഘാതമുണ്ടാക്കാന്‍ 2024 YR4 കഴിയില്ലെങ്കിലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ സെക്കൻഡിൽ 17 കിലോമീറ്റർ അല്ലെങ്കിൽ മണിക്കൂറിൽ 38,028 മൈൽ വേഗതയിലായിരിക്കും ഇത് ഭൂമിയില്‍ പതിക്കുക. അങ്ങിനെയെങ്കില്‍ പതിക്കുന്ന ഇടത്തുനിന്ന് 50 കിലോമീറ്റർ (31 മൈൽ) വരെ നാശനഷ്ടങ്ങളുണ്ടാകാം. അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുന്നതോടൊപ്പം കൂട്ടിയിടി ഒഴിവാക്കാന്‍ സാധ്യമായ വഴികളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടുക, ആഘാതം സംഭവിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ആഘാത സാധ്യത കുറവായതിനാല്‍ ഛിന്നഗ്രഹത്തിന്‍റെ നിരീക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രം.
2024 YR4ന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ആയിരം വർഷങ്ങൾ കൂടുമ്പോൾ ഭൂമിയെ ലക്ഷ്യമാക്കി വരാറുണ്ട്. 1908ൽ തുങ്കുസ്കയുടെ അന്തരീക്ഷത്തില്‍ സമാന വലിപ്പമുള്ള ഛിന്നഗ്രഹം പൊട്ടിത്തെറിച്ചിരുന്നു. 30 മീറ്റർ വീതിയുള്ള ഛിന്നഗ്രഹമായിരുന്നു ഇത്. ഈ സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ 2,150 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നിലംപൊത്തുകയും ചെയ്തു. 2013ൽ 20 മീറ്റർ വീതിയുള്ള ഒരു ഛിന്നഗ്രഹം റഷ്യയിലെ ചെല്യാബിൻസ്കിന് മുകളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതും തീഗോളമായി മാറിയിരുന്നു. ലോകത്തിലെ ആദ്യത്തെ അണുബോംബിനേക്കാൾ 20 മുതൽ 30 മടങ്ങ് വരെ ശക്തമായ സ്ഫോടനമാണ് അന്നുണ്ടായത്. 7,000ത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2024 YR4 നെ മാത്രമല്ല ഭൂമിക്കു സമീപമുള്ള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെ നാസയും ഇഎസ്എയും ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയാണ്. എങ്കില്‍പ്പോലും ചെറിയ ഛിന്നഗ്രങ്ങളെ കണ്ടെത്തുന്നതും ട്രാക്ക് ചെയ്യുന്നതും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.