എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
66 ദശലക്ഷം വർഷങ്ങൾക്ക് മുന്‍പാണ് ദിനോസറുകൾ നമ്മുടെ ഭൂമിയില്‍ അപ്രത്യക്ഷമാകുന്നത്. അതിന് കാരണമായി പൊതുവേ പറയുന്നത് ഒരു ഛിന്നഗ്രഹ പതനമാണ്. എന്നാല്‍ അത്തരതില്‍ ഒരു ഛിന്നഗ്രഹം തന്നെ ഭൂമിയിൽ ജീവൻ എങ്ങിനെ ഉണ്ടായി എന്നതിനെ കുറിച്ചുള്ള സൂചനകളും നൽകുമെന്നാണ് പുതിയ പഠനങ്ങള്‍. ജീവന്‍റെ ഉദ്ഭവത്തിന് കാരണമായ ആദ്യ ജനിതക ഘടകമായ ആര്‍എന്‍എയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്.
എന്താണ് ആര്‍എന്‍എ?
റൈബോ ന്യൂക്ലിക് ആസിഡ് എന്നതിന്റെ ചുരുക്കരൂപമാണ് ആർഎൻഎ (RNA). ഡിഎൻഎയെ പോലെതന്നെ ജീവകോശങ്ങളിലെ അടിസ്ഥാന ജനിതകഘടകമാണ് ആർഎൻഎയും. ലളിതമായി പറഞ്ഞാൽ, കോശങ്ങൾ പ്രവർത്തിക്കാനും പ്രോട്ടീനുകൾ നിർമ്മിക്കാനും സഹായിക്കുന്ന ജനിതകഘടകം. ജീവന്‍റെ ഉദ്ഭവത്തിന് കാരണമായ ആദ്യ ജനിതക ഘടകം വിവരങ്ങൾ സംഭരിക്കാനും പരിണമിക്കാനും കഴിവുള്ള ആർഎൻഎ ആയിരിക്കാമെന്ന് ശാസ്ത്രജ്ഞർ പണ്ടേ വിശ്വസിച്ചിരുന്നു. ആർഎൻഎ ഫസ്റ്റ് എന്നാണ് സിദ്ധാന്തം അറിയപ്പെടുന്നത്.
പുതിയ പഠനം
ഭൂമിയുടെ ആദ്യകാലങ്ങളിൽ ആർഎൻഎ സ്വാഭാവികമായി രൂപപ്പെട്ടിരിക്കാം എന്നാണ് പുതിയ പഠനം. ഈ പ്രക്രിയയ്ക്ക് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായത് ഛിന്നഗ്രഹങ്ങള്‍ ഭൂമിയുമായി കൂട്ടിയിടിച്ചപ്പോളാകാമെന്ന് കരുതുന്നു. അതായത് ദിനോസറുകളുടെ ജീവനെടുത്തപോലെയുള്ള ഛിന്നഗ്രഹ പതനങ്ങള്‍. ദിനോസറുകള്‍ ഭൂമിയിലുണ്ടായിരുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഭൂമിയുടെ ശൈശവാവസ്ഥയിൽ ഇത്തരം ഛിന്നഗ്രഹ പതനങ്ങള്‍ പതിവായിരുന്നത്രേ. അതിലൊന്നുമാത്രമാണ് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ചിക്സുലബ് ഛിന്നഗ്രഹത്തിന്‍റെ ആഘാതം.
ഭൂമിശാസ്ത്രപരവും രാസപരവുമായ സാഹചര്യങ്ങൾ ഉണ്ടെങ്കില്‍ ജൈവശാസ്ത്രപരമായ സഹായമില്ലാതെ തന്നെ വളരെ ലളിതമായ രാസവസ്തുക്കളിൽ നിന്ന് സങ്കീർണ്ണമായ ആർഎൻഎ തന്മാത്രകൾ സ്വാഭാവികമായി രൂപപ്പെടാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ആഴം കുറഞ്ഞ ഭൂഗർഭ ജലം, ബസാൾട്ടിക് പാറകളുമായുള്ള പ്രതിപ്രവർത്തനം, ബോറേറ്റ് പോലുള്ള ധാതുക്കളുടെ സാന്നിധ്യം, രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ഊർജ്ജസ്ഫോടനങ്ങൾ എന്നിവയാണ് ഈ സാഹചര്യങ്ങള്‍. ഭൂമിയുമായുള്ള വലിയ ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടി ഇത്തരം രാസപ്രവര്‍ത്തനത്തിനുള്ള പ്രേരണയായി ഗവേഷകർ കണക്കാക്കുന്നു.
വലിയൊരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത് ഭൂമിയുടെ പുറംതോടിനെ തകർക്കുകയും, ദീർഘകാലം നിലനിൽക്കുന്ന ഹൈഡ്രോ തെര്‍മ്മല്‍ സാഹചര്യം സൃഷ്ടിക്കുകയും, ഗ്രഹത്തിന്‍റെ അന്തരീക്ഷത്തെ അത് താൽക്കാലികമായി മാറ്റുകയും ചെയ്യും. ഇത്തരത്തില്‍ ഏകദേശം 4.3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമന്‍ ഛിന്നഗ്രഹം കൂട്ടിയിടിച്ചുണ്ടായ സാഹചര്യങ്ങളില്‍ നിന്ന് ആർഎൻഎ ആദ്യമായി രൂപപ്പെട്ടിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ കൂട്ടിയിടികളിൽ നിന്ന് ഉണ്ടാകുന്ന താപം, ജലചംക്രമണം, രാസവസ്തുക്കളുടെ മിശ്രിതം എന്നിവ ആർഎൻഎയ്ക്ക് ഘട്ടം ഘട്ടമായി വികസിക്കാന്‍ ഒരു പ്രകൃതിദത്ത ലബോറട്ടറി നൽകിയിരിക്കാം. കാലക്രമേണ, ചെറിയ ആർഎൻഎ ശൃംഖലകൾ വളരുകയും പെരുകുകയും ചെയ്തിരിക്കാം. ഇത് ഡാർവിന്‍ സൂചിപ്പിച്ച പരിണാമത്തിനും ഒടുവിൽ ജീവനും അടിത്തറ പാകിയെന്നാണ് പഠനം.
ദിനോസറുകളെ കൊന്നൊടുക്കിയ അതേ ഛിന്നഗ്രഹമാണ് ജീവൻ സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നില്ല. പകരം, ഛിന്നഗ്രഹങ്ങൾ ഭൂമിയില്‍ നാശത്തിന്‍റെ വാഹകരായിരുന്നില്ല എന്ന ഓർമ്മപ്പെടുത്തലാണ് പഠനം. ഭൂമിയുടെ ആദ്യകാലങ്ങളിലെ സമാനമായ കൂട്ടിയിടികൾ ഈ നിർജീവ ഗ്രഹത്തെ ജീവനുള്ള ഒന്നാക്കി മാറ്റാൻ സഹായിച്ചിരിക്കാം. ഇത് ഭൂമിയില്‍ മാത്രമല്ല, ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളിലും സംഭവിക്കാവുന്നതാണ്. അങ്ങിനെയെങ്കില്‍ ചൊവ്വയിലും ആദ്യകാലങ്ങളില്‍ ഇത് സംഭവിച്ചിരിക്കാം. ഇത് ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.