BrahMos-image2

TOPICS COVERED

രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 2025 - 26 സാമ്പത്തിക വർഷത്തിൽ രാജ്യം 38,424 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 14,802 കോടി രൂപ കൂടുതല്‍.

പ്രതിരോധ കയറ്റുമതിയുടെ വിഹിതത്തില്‍ പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തം ശ്രദ്ധേയമാണ്. ആകെ കയറ്റുമതിയുടെ 54.84 ശതമാനവും രാജ്യത്തിന്‍റെ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ വകയാണ്. അതേസമയം സ്വകാര്യമേഖലയും തൊട്ടുപുറകെയുണ്ട്. കയറ്റുമതിയിലെ സ്വകാര്യമേഖലയുടെ വിഹിതം 45.16 ശതമാനമാണ്. ‘മേക്ക് ഇൻ ഇന്ത്യ’ ‘ആത്മനിർഭർ ഭാരത്’ എന്നീ പദ്ധതികളുടെ വിജയമാണ് ഈ നേട്ടമെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വെറും ആയിരം കോടി രൂപയിൽ താഴെയായിരുന്ന കയറ്റുമതിയാണ് ഇപ്പോൾ മുപ്പതിനായിരം കോടി കടന്നിരിക്കുന്നത്. 

സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തം കയറ്റുമതിയില്‍ പ്രകടമാണ്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പ്രതിരോധ കയറ്റുമതിയിലെ വലിയ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കയറ്റുമതിയുടെ വലിയൊരു ശതമാനവും സ്വകാര്യ മേഖലയിൽനിന്നാണ്. യുഎസ് അടക്കം രാജ്യങ്ങളുടെ പ്രതിരോധ രംഗം അടക്കി വാഴുന്നത് സ്വകാര്യ കമ്പിനികളാണ്. ഈ നിലയിലേക്ക് ഉയരുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഭാവി ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല. 2029ല്‍ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കൂടാതെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം മൂന്ന് ലക്ഷം കോടി രൂപയായി ഉയര്‍ത്താനും കേന്ദ്രം ലക്ഷ്യമിടുന്നു. 

ഇന്ത്യയുടെ കയറ്റുമതി എന്ത്? എങ്ങോട്ട്? 

ബ്രഹ്മോസ് മിസൈലുകൾ, ആകാശ് മിസൈൽ സംവിധാനം, റഡാറുകൾ, സിമുലേറ്ററുകൾ, കവചിത വാഹനങ്ങൾ, വെടിക്കോപ്പുകൾ എന്നിവയാണ് രാജ്യം പ്രധാനമായി കയറ്റുമതി ചെയ്യുന്നവ. ഒന്നും രണ്ടുമല്ല, ഏതാണ്ട് 80 ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസിലേക്കാണ് കൂടുതല്‍ കയറ്റുമതി. പ്രതിരോധ രംഗത്ത് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യം എന്ന നിലയില്‍നിന്നും ലോകത്തെ എണ്ണം പറഞ്ഞ പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമായി മാറുകയാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം. വലുപ്പത്തിലും ജനസംഖ്യയിലും സാമ്പത്തിക ശേഷിയിലും സൂപ്പര്‍ പവറായിരിക്കാന്‍, സൂപ്പര്‍ പവറായി തുടരാന്‍ സുശക്തമായ സൈന്യം/ പ്രതിരോധമേഖല ആവശ്യമാണ്.

ENGLISH SUMMARY:

India's defense exports reached a historic peak of ₹38,424 crore in the financial year 2025-26, as announced by Defense Minister Rajnath Singh. This marks a significant jump of over ₹14,000 crore from the previous year, driven by both public and private sectors. With major exports like BrahMos and Akash missile systems to over 80 countries, including the US, India aims to reach a target of ₹50,000 crore by 2029 under the Make in India initiative.