mig-21

മിഗ്-21 യുദ്ധവിമാനങ്ങള്‍ സെപ്റ്റംബറോടെ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിടവാങ്ങുകയാണ്. മിഗ് വിമാനങ്ങള്‍ ചരിത്രമാകുന്നതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷി 29 സ്ക്വാഡ്രണായി കുറയും. പുതിയ വിമാനങ്ങള്‍ എത്തുന്നതിലെ കാലതാമസം വരുന്നത് ആകാശത്ത് ഇന്ത്യന്‍ മേധാവിത്വം നഷ്ടമാകുമോ എന്നാണ് ആശങ്ക. 

ഇന്ത്യന്‍ സ്ക്വാഡ്രണുകളുടെ എണ്ണം പാക്കിസ്ഥാനുമായി വലിയ വ്യത്യാസമില്ലാത്ത തലത്തിലേക്ക് എത്തും. ചൈനയുമായുള്ള അകലം വര്‍ധിക്കുകയും ചെയ്യും. പാക്കിസ്ഥാന് 25 സ്ക്വാഡ്രണാണുള്ളത്. അതേസമയം ചൈനയുടെത് 66 സ്ക്വാഡ്രണുകളാണ്. 18-20 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒരു സ്ക്വാഡ്രണ്‍. ഇന്ത്യയ്ക്ക് 522 യുദ്ധവിമാനങ്ങളും പാക്കിസ്ഥാന് 450 വിമാനങ്ങളും ചൈനയ്ക്ക് 1200 വിമാങ്ങളുമാണുള്ളത്. 

മിറാഷ്, ജാഗ്വാർ, മറ്റ് മിഗ് വകഭേദങ്ങൾ അടങ്ങിയ പഴയ വിമാനങ്ങളുള്ള സ്ക്വാഡ്രണുകള്‍ നിര്‍ത്തലാക്കുന്നതോടെ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും സ്ക്വാഡ്രണുകളുടെ എണ്ണം തുല്യമാകും എന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. 2015 ല്‍ 126 എയര്‍ക്രാഫ്റ്റ് മീഡിയം മള്‍ട്ടി റോള്‍ കോമ്പാക്ട് എയര്‍ക്രാഫ്റ്റുകളുടെ കരാര്‍ റദ്ദാക്കിയതാണ് വ്യോമസേനയ്ക്ക് തിരിച്ചടിയായത്.

ഫ്രാന്‍സ് സര്‍ക്കാരുമായി 36 റഫാല്‍ ജെറ്റുകള്‍ക്കുള്ള കരാറിലേക്ക് എത്തിയെങ്കിലും ഇത് പര്യാപ്തമായിരുന്നില്ല. പുതിയ 26 റഫാല്‍ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും ഇത് നേവിക്ക് വേണ്ടിയാണ്. അതേസമയം 114 മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ വാങ്ങാൻ പദ്ധതിയുണ്ടെങ്കിലും ഇതിന്‍റെ നടപടികളായിട്ടില്ല. 

തദ്ദേശിയമായി വികസിപ്പിച്ച തേജസ് വിമാനങ്ങളാകും മിഗ്21 ന് പകരക്കാരാവുക. കൂടുതല്‍ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിക്കുന്ന തേജസിന്റെ വിതരണത്തിലുണ്ടായ കാലതാമസമാണ് മിഗ് 21 വിമാനങ്ങളുടെ പ്രവര്‍ത്തനകാലം നീട്ടിക്കൊടുത്തത്. ഇന്ത്യ പാക്കിസ്ഥാനുമേല്‍ തേജസ് വിമാനങ്ങളുപയോഗിച്ച് മേല്‍കൈ നേടിയിരുന്നു. എന്നാല്‍ നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശം ഏകദേശം രണ്ട് സ്ക്വാഡ്രൺ (38 തേജസ് മാർക്ക്-1 ജെറ്റുകൾ) തേജസ് വിമാനങ്ങൾ മാത്രമാണുള്ളത്.

83 തേജസ് മാര്‍ക്ക-1എ വിമാനങ്ങള്‍ നല്‍കാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സുമായി കരാരുണ്ടെങ്കിലും ഇതുവരെ ഒന്നുപോലും എത്തിയിട്ടില്ല. എഫ്-404 എന്‍ജിനുകളുടെ ലഭ്യതകുറവും അസ്ത്ര എയര്‍–ടു എയര്‍ മിസൈലുകള്‍ ഇന്റഗ്രേറ്റ് ചെയ്യുന്നതിലെ പ്രശ്നങ്ങളുമാണ് വൈകലിന് കാരണം. 

ENGLISH SUMMARY:

Indian Air Force faces concerns over declining fighter jet squadron strength as MiG-21s retire, potentially impacting air superiority against Pakistan and China. Delays in acquiring new aircraft and indigenous Tejas production compound the challenge, raising questions about India's aerial defense capabilities.