Image Credit: x.com/rajnathsingh
ആളില്ലാവിമാനത്തില്‍ നിന്നും നിശ്ചിത ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈല്‍ വിജയകരമായി ഇന്ത്യ പരീക്ഷിച്ചു. ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്നുമാണ് ഡ്രോണില്‍ നിന്ന് തൊടുക്കാനാവുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈല്‍ (UPLGM) V3 ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചത്. രാജ്യത്തിന്‍റെ മിസൈല്‍ ശക്തിക്ക് കരുത്തേകുന്നതാണ് ഈ വിജയമെന്ന് ഡിആര്‍ഡിഒ സംഘത്തെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ULPGM- v2 യും ഡിആര്‍ഡിഒയുടെ ടെര്‍മിനല്‍ ബാലിസ്റ്റിക്സ് റിസര്‍ച്ച് ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തിരുന്നു. ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണിത്. ഡ്രോണുകളില്‍ നിന്ന് വിക്ഷേപിക്കാനാകുന്ന വിവിധ റേഞ്ചുകളിലുള്ള ഇത്തരം മിസൈലുകള്‍ എയ്റോ ഇന്ത്യ 2025ലാണ് അവതരിപ്പിച്ചിരുന്നത്.
ഭാരം തീരെ കുറഞ്ഞതും കൃത്യതയേറിയും വിവിധതരം വ്യോമ സംവിധാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന രീതിയിലാണ് ULPGM ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യകള്‍ സൈന്യത്തില്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇത് വികസിപ്പിച്ചെടുത്തത്. രാപ്പകല്‍ ഭേദമെന്യേ ഉപയോഗിക്കാന്‍ പര്യാപ്തമായ രീതിയിലാണ് മിസൈല്‍ വികസിപ്പിച്ചിരിക്കുന്നത്. 12.5 കിലോ ഭാരമുള്ള മിസൈല്‍ ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ് ഇനത്തില്‍പ്പെടുന്നതാണ്. പകല്‍ നേരത്ത് നാല് കിലോമീറ്റര്‍ പരിധിയിലും രാത്രിയില്‍ രണ്ടര കിലോ മീറ്ററുമാണ് പരിധി. ഒരേസമയം ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ മിസൈലിന് കഴിയും.