ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എഎംസിഎ (അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്). റഷ്യയും അമേരിക്കയും വാഗ്ദാനം ചെയ്ത അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ തള്ളിയാണ് സ്വന്തം വിമാന നിർമാണത്തിലേക്ക് ഇന്ത്യ കടന്നത്. പുതുതലമുറ യുദ്ധവിമാനം നിര്‍മിക്കുന്ന പദ്ധതിക്ക് പ്രതിരോധമന്ത്രാലയം കഴിഞ്ഞ മേയിലാണ് അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്എഎല്ലോ, സ്വകാര്യ കമ്പനികളോ, പൊതു– സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ട കൺസോർഷ്യമോ ആകും യുദ്ധവിമാനം നിര്‍മിക്കുക. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഇപ്പോള്‍ തന്നെ യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതിനാല്‍ എഎംസിഎയ്ക്ക് മുന്‍പേ വിദേശ നിര്‍മിതമായ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യ വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏത് യുദ്ധവിമാനം ? എത്ര എണ്ണം ?
വ്യോമശക്തി വര്‍ധിപ്പിക്കാന്‍ മുന്‍നിര യുദ്ധവിമാനങ്ങളുടെ എണ്ണം കൂട്ടിയെ തീരുവെന്നാണ് വ്യോമസേനയുടെ വിലയിരുത്തല്‍. ഇതിനായി തദ്ദേശീയമായ എഎംസിഎ(അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്)യ്ക്ക് മുന്‍പായി രണ്ടോ അതല്ലെങ്കില്‍ മൂന്നോ യുദ്ധവിമാന സ്ക്വാഡ്രണുകള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. വാങ്ങുക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളാകും. ഒരു സ്ക്വാഡ്രണ്‍ എന്നാല്‍ 18 മുതല്‍ 20 വരെ യുദ്ധവിമാനങ്ങളാണ്. 40നും 60നും ഇടയില്‍ യുദ്ധവിമാനങ്ങളെ ഈ വിധത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ തീരുമാനിച്ചാല്‍ റഷ്യയും അമേരിക്കയുമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. അമേരിക്കന്‍ നിര്‍മിത F-35, റഷ്യന്‍ നിര്‍മിതമായ Su-57 എന്നീ യുദ്ധവിമാനങ്ങളില്‍ ഏതെങ്കിലുമൊന്നാകും ഇന്ത്യ വാങ്ങുക.
Read More at: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധ വിമാനം ഉടന്‍ വരും; പദ്ധതിക്ക് അംഗീകാരം
വെല്ലുവിളികളും യുദ്ധതയാറെടുപ്പും മുന്‍നിര്‍ത്തി വ്യോമസേന കേന്ദ്രസര്‍ക്കാരിന് മുന്‍പില്‍ ആവശ്യങ്ങളടങ്ങിയ വിശദമായ പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. പാക്, ചൈനീസ് ഭീഷണി കണക്കിലെടുത്ത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിരോധ സെക്രട്ടറി ആര്‍.കെ.സിങ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആറാം തലമുറ യുദ്ധവിമാനങ്ങളുടെ പണിപ്പുരയിലാണ് ചൈന. അഞ്ചാം തലമുറ യുദ്ധവിമാനം (J 35) ഉപയോഗിക്കുന്നുമുണ്ട്. പാക്കിസ്ഥാന് അഞ്ചാം തലമുറ യുദ്ധവിമാനം ചൈന നല്‍കിയെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് എത്രയും വേഗം അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയെ തീരുവെന്നാണ് വിലയിരുത്തല്‍.