പാക്കിസ്ഥാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത ഒരു വജ്രായുധമുണ്ട് ഇന്ത്യയ്ക്ക്. ഇസ്രയേല്‍ നിര്‍മിത ഹാറോപ് ഡ്രോണുകള്‍. എന്തൊക്കെയാണ് ഹാറോപ് ഡ്രോണിന്റെ സവിശേഷതകള്‍ എന്നു നോക്കാം. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹാറോപ് ഡ്രോണുകള്‍ ഇസ്രയേല്‍ എയർസ്പേസ് ഇൻഡസ്ട്രീസാണ് വികസിപ്പിച്ചിരിക്കുന്നത്.
ഡ്രോണിന്റേയും മിസൈലിന്റേയും സവിശേഷതകള്‍ കൂടിച്ചേര്‍ന്ന ഹൈബ്രിഡ് യൂണിറ്റാണ് ഹാറോപ്. അതായത് ഒരേ സമയം നിരീക്ഷണ സംവിധാനമായും ആയുധമായും ഹാറോപ്പിനെ ഉപയോഗിക്കാം. 2.5 മീറ്റര്‍ നീളവും 3.0 മീറ്റര്‍ വീതിയുമുള്ള ഹാറോപ്പിന് ചാവേര്‍ ഡ്രോണ്‍ എന്ന വിളിപ്പേരുമുണ്ട്. ഒരുതവണ വിക്ഷേപിച്ചുകഴിഞ്ഞാല്‍ തുടര്‍ച്ചയായി 9 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ ഹാറോപ്പിന് കഴിയും. വിക്ഷേപിച്ച സ്ഥലത്തുനിന്ന് 200 കിലോമീറ്റർ വരെ ദൂരപരിധിയിൽ ഹാറോപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം.
മുൻകൂട്ടി നല്‍കുന്ന വിവരങ്ങൾ കൂടാതെ, സ്വയം ലക്ഷ്യത്തെ തിരിച്ചറിഞ്ഞ് ആക്രമിക്കാനും ഹാറോപ്പിന് കഴിയും. 23 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ഹാറോപ്പിനു കഴിയും. എതിരാളികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തുന്ന ഹാറോപ്പ് ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞാല്‍ ആക്രമിക്കും. കരയില്‍ നിന്നും കടലില്‍ നിന്നും ഹാറോപ് വിക്ഷേപിക്കാം.
വിക്ഷേപിച്ചു കഴിഞ്ഞശേഷവും, ദൗത്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും. ആക്രമിക്കാതെ സുരക്ഷിതമായി തിരിച്ചെത്തിയാല്‍ വീണ്ടും ഉപയോഗിക്കാം. റഡാര്‍ സിഗ്നലുകള്‍ തിരിച്ചറിഞ്ഞ്, റഡാര്‍ സിസ്റ്റങ്ങള്‍ തകര്‍ക്കാന്‍ ഹാറോപ്പിന് കഴിയും. അതീവ കൃത്യയതോടെ, നിശ്ചയിച്ച സ്ഥലത്തുമാത്രം ആക്രമണം നടത്താന്‍ കഴിയും എന്നതാണ് ഹാറോപ്പിന്റെ മറ്റൊരു സവിശേഷത. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത എച്ച് ക്യു വ്യോമപ്രതിരോധ സംവിധാനമാണ് ഇന്ത്യയുടെ വജ്രായുധത്തിനു മുന്നില്‍ കീഴടങ്ങിയത്.