Image Credit: Israel Aerospace Industries
പാക്ക് പ്രകോപനത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേൽ നിർമിത ഹാരോപ് കമികസെ ഡ്രോണുകൾ ഉപയോഗിച്ചതായി പാകിസ്ഥാന്‍ നേരത്തെ ആരോപിച്ചിരുന്നു. വ്യാഴാഴ്ച ലഹോർ, കറാച്ചി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഹരോപ്പ് ഡ്രോണുകൾ വെടിവച്ചിട്ടതായും പാകിസ്ഥാൻ അവകാശപ്പെട്ടിട്ടുണ്ടായിരുന്നു. ഒടുവില്‍ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ യൂണിറ്റുകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തിൽ ഹാരോപ് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
എന്താണ് ഹാരോപ് ഡ്രോണുകൾ?
ചാവേർ ഡ്രോണുകൾ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്നിങ്ങനെ പൊതുവേ അറിയപ്പെടുന്നവയാണ് ഇസ്രായേൽ നിർമ്മിത ഹാരോപ്പ് ഡ്രോണുകൾ. .ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ (ഐഎഐ) എംബിടി മിസൈൽസ് ഡിവിഷൻ വികസിപ്പിച്ചെടുത്ത ഹാരോപ്പ് ഡ്രോണുകള്‍ ലോയിറ്ററിങ് മുനിഷൻസ് എന്നറിയപ്പെടുന്ന ആയുധ വിഭാഗങ്ങളില്‍പ്പെടുന്നു. നിശ്ചിത പ്രദേശത്ത് വായുവില്‍ ദീർഘനേരം തങ്ങിനിൽക്കാനും ലക്ഷ്യങ്ങളെ തിരിച്ചറിയാനും അവയിൽ ഇടിച്ചുകയറി നശിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിരീക്ഷണ ദൗത്യങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന പരമ്പരാഗത UAV-കളിൽ നിന്ന് വ്യത്യസ്തമായി നിരീക്ഷണവും ആക്രമണവും നടത്താന്‍ കെല്‍പ്പുള്ളവയാണിവ.
റഡാർ സംവിധാനങ്ങൾ, മിസൈൽ ലോഞ്ചറുകൾ, കമാൻഡ് പോസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള നിശ്ചത സ്ഥലത്ത് സ്ഥാപിച്ചതോ അല്ലെങ്കില്‍ ചലിച്ചുകൊണ്ടിരിക്കുന്നതോ ആയ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും ആക്രമിക്കാനും ഇവയ്ക്ക് സാധിക്കും. ഇതിനായി ഇലക്ട്രോ-ഒപ്റ്റിക്കൽ (EO) അല്ലെങ്കിൽ ഇൻഫ്രാറെഡ് (IR) സീക്കർ ഇവയില്‍ സജ്ജീകരിച്ചിരിട്ടുണ്ട്. ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി സ്വാതന്ത്യം നല്‍കുന്ന മാൻ-ഇൻ-ദി-ലൂപ്പ് നിയന്ത്രണ മോഡും ഇവയ്ക്കുണ്ട്. പറക്കലിന്റെ മധ്യത്തിൽ ദൗത്യം റദ്ദാക്കാൻ അനുവദിക്കുന്ന അബോർട്ട് സംവിധാനവും ഹാരോപ് ഡ്രോണുകള്‍ക്കുണ്ട്.
417 കി.മീ പരമാവധി വേഗതയാണ് ഹാരോപ് ഡ്രോണുകള്‍ക്കുള്ളത്. 200 കിലോമീറ്ററാണ് പ്രവര്‍ത്തനപരിധി. ആറ് മണിക്കൂറിലധികം നേരം ഏകദേശം 15,000 അടിയില്‍ പറക്കാന്‍ ഇവയ്ക്ക് സാധിക്കും. 16 കിലോഗ്രാം ഭാരമുള്ള ഉയർന്ന സ്‌ഫോടകശേഷിയുള്ള വാർഹെഡുകള്‍ വഹിക്കാനും സാധിക്കും. GNSS ജാമിങിനെ പ്രതിരോധിക്കുന്നതിനാൽ GPS ഇല്ലാത്ത പരിതസ്ഥിതികളില്‍ പ്രവർത്തിക്കാനും സാധിക്കും. 2020ലെ ഗോര്‍ണോ- കാരബാക്ക് യുദ്ധത്തിലൂടെയാണ് ഹാരോപ് ഡ്രോണുകൾ ശ്രദ്ധനേടുന്നത്. അന്ന് അസർബൈജാൻ അർമേനിയൻ സേനയ്‌ക്കെതിരെ വലിയ തോതിൽ ഡ്രോൺ ഉപയോഗിച്ചിരുന്നു. 2018 മെയ് 10 ന് സിറിയൻ എയർ ഡിഫൻസ് SA-22 ഗ്രേഹൗണ്ട് സിസ്റ്റം നശിപ്പിക്കാനും ഹാരോപ് ഡ്രോണുകൾക്ക് സാധിച്ചിരുന്നു. 2024 ഡിസംബർ 9 ന് സിറിയൻ സായുധ സേനയ്‌ക്കെതിരായ ആക്രമണത്തിലും ഹാരോപ്പ് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
2000 കളുടെ മധ്യത്തിലാണ് ഇന്ത്യൻ വ്യോമസേന ഹാരോപ് ഡ്രോണുകളില്‍ ആദ്യമായി താൽപ്പര്യം പ്രകടിപ്പിക്കുകയും 2009 ൽ ഏകദേശം 100 മില്യൺ ഡോളറിന്റെ ഹാരോപ് ഡ്രോണുകൾ വാങ്ങുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. 2019 ആയപ്പോഴേക്കും ഇന്ത്യ ഹാരോപ് ഡ്രോണുകളുടെ ശേഖരം ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികളിൽ നിരീക്ഷണവും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനായിട്ടായിരുന്നു ഇത്. ഇന്ത്യയും ഇസ്രായേലും കൂടാതെ നിരവധി രാജ്യങ്ങള്‍ക്കും ഹാരോപ് ഡ്രോണുകൾ സ്വന്തമായിട്ടുണ്ട്.