കേണല്‍ സോഫിയ ഖുറേഷി (ഇടത്) വ്യോമിക സിങ് (വലത്)
പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച ആ സിന്ദൂരപ്പൊട്ടുകള്‍ക്ക് രാജ്യം പകരംചോദിച്ച വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ രാജ്യം നിയോഗിച്ചത് രണ്ട് വനിതകളെ. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഒന്‍പത് ഭീകരത്താവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറം ഭീകരക്യാംപുകള്‍ നടത്തിവരികയാണെന്നും പാക്കിസ്ഥാനിലും പാക് അധീനകശ്മീരിലുമായി ഉണ്ടായിരുന്ന ഭീകര കേന്ദ്രങ്ങളും നശിപ്പിച്ചുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ഇന്‍റലിജന്‍സ് നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഴവില്ലാത്ത ആസൂത്രണം നടത്തിയാണ് ആക്രമണം നടത്തിയതെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും ക്യാംപുകളും സൈന്യം തകര്‍ത്തു. മുസഫറാബാദിലെ ലഷ്കര്‍ ക്യാംപും തകര്‍ത്തുവെന്നും അവര്‍ വ്യക്തമാക്കി. ഒരു കെട്ടിടം, കെട്ടിടങ്ങളുടെ സമുച്ചയം എന്നിങ്ങനെയാണ് തകര്‍ത്തത്. ഒരു സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നിട്ടില്ലെന്നും സോഫിയ ഖുറേഷി വിശദീകരിച്ചു.
ആരാണ് കേണല്‍ സോഫിയ ഖുറേഷി?
ഇന്ത്യന്‍ സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫിസറാണ് കേണല്‍ സോഫിയ ഖുറേഷി. 2016 ല്‍ എക്സര്‍സൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു ഇത്.
ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛന്‍റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫിസറെയാണ് അവര്‍ വിവാഹം കഴിച്ചതും. ആറുവര്‍ഷം യുഎന്‍ പീസ് കീപ്പിങ് ഓപറേഷന്‍സില്‍ പങ്കെടുത്തിട്ടുമുണ്ട്. സ്ത്രീയെന്നതിനെക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.
ആകാശത്തിന്‍റെ പൊന്നോമന; വ്യോമിക സിങ്
ആറാം ക്ലാസില്‍ മനസിലുറച്ച ആഗ്രഹമാണ് വ്യോമിക സിങിനെ വ്യോമസേനയില്‍ എത്തിച്ചത്. എഞ്ചിനീയറിങ് ബിരുദധാരിയായ വ്യോമിക പേര് അന്വര്‍ഥമാക്കും വിധം പരിശ്രമിച്ചപ്പോള്‍ പിറന്നത് പുതുചരിത്രം. ആകാശത്തിന്‍റെ പുത്രിയെന്നാണ് വ്യോമികയെന്ന പേരിന്‍റെ അര്‍ഥം. 2019 ഡിസംബറിലാണ ്വ്യോമികയ്ക്ക് ഫ്ലൈയിങ് വിഭാഗത്തില്‍ സ്ഥിരനിയമനം ലഭിച്ചത്. അതിദുര്‍ഘട പാതയിലുള്‍പ്പടെ വിമാനം പറത്തിയ അനുഭവസമ്പത്തും വ്യോമികയ്ക്കുണ്ട്. സേനയുടെ ചേതക്, ചീറ്റ ഹെലികോപ്റ്ററുകള്‍ ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദുര്‍ഘട പാതകളിലൂടെയും അവര്‍ പറത്തിയിട്ടുണ്ട്.