വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഗംഗ എക്സ്പ്രവേയില്‍ പറന്നിറങ്ങി വ്യോമസേനയുടെ റഫാല്‍, സുഖോയ് യുദ്ധ വിമാനങ്ങള്‍. എക്സ്പ്രസ്‌വേയുടെ ഷാജഹാന്‍പൂര്‍ ജില്ലയുടെ ഭാഗമായ മൂന്നര കിലോമീറ്റര്‍ ഭാഗത്താണ് രാജ്യത്തിന്‍റെ പ്രതിരോധ ശക്തിയുടെ അഭിമാനമായി വിമാനങ്ങള്‍ പറന്നിറങ്ങിയത്. രാജ്യത്തിന്‍റെ വ്യോമ ശക്തിയുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി അരങ്ങേറിയ ‘ലാന്‍ഡ് ആന്‍ഡ് ഗോ’ ഡ്രില്ലിന്‍റെ ഭാഗമായിട്ടാണ് യുദ്ധ വിമാനങ്ങള്‍ എക്സ്പ്രസ്‌വേയില്‍ ഇറങ്ങിയത്.
എന്‍ജിനുകളുടെ ഇരമ്പല്‍ നിറഞ്ഞ വെള്ളിയാഴ്ച പകലും രാത്രിയുമായിട്ടായിരുന്നു വ്യോമാഭ്യാസം നടന്നത്. വ്യോമസേനയുടെ പ്രകടനങ്ങളുടെ ആകാശകാഴ്ച കാണാന്‍ സമീപ ഗ്രാമങ്ങളില്‍ നിന്നായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നിരവധിപേരാണ് ഒത്തുകൂടിയത്. ഇതില്‍ ഏറ്റവും കൗതുകം രാത്രി 9നും 10നും ഇടയില്‍ വ്യോമസേന നടത്തിയ ‘നൈറ്റ് ലാന്‍ഡിങ്’ പ്രകടനമായിരുന്നു. നിലാവിന്‍റെ വെളിച്ചത്തില്‍ നക്ഷത്രംപോലെ താഴേക്കിറങ്ങിയ റഫാലും സുഖോയിയും കാഴ്ച കാണാനെത്തിയ ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തി.
റഫാല്‍, സുഖോയ്-30 എംകെഐ, മിഗ്-29, മിറാഷ്-2000, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ്, എംഐ-17 ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള മുൻനിര യുദ്ധ വിമാനങ്ങളാണ് വ്യോമസേനയുടെ പ്രകടനത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്‍റെ പ്രതിരോധശേഷിയും ഒപ്പം ദുരന്ത പ്രതികരണ ശേഷിയുമാണ് വ്യോമസേന പ്രദര്‍ശിപ്പിച്ചത്. താഴ്ന്ന പറക്കല്‍, ലാന്‍ഡിങ്, ടേക്ക്–ഓഫ് എന്നിവയുടെ ഡ്രില്‍ ആണ് നടന്നത്.
സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വന്നാല്‍ അടിയന്തര വ്യോമതാവളമായി മാറ്റാനും കഴിയുന്നരീതിയിലാണ് ഗംഗാ എക്സ്പ്രസ്‌വേ നിര്‍മ്മിച്ചിരിക്കുന്നത്. മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിച്ച് 594 കിലോമീറ്റര്‍ നീളത്തിലാണ് എക്സ്പ്രസ് വേ ഒരുങ്ങുന്നത്. 2025 നവംബറോടെ എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യത്തെ എക്സ്പ്രസ് വേ– എയര്‍സ്ട്രിപ് ആണിത്. തല്‍സമയ നിരീക്ഷണത്തിനായി 250 സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്