TOPICS COVERED

വാട്സാപ്പിൽ  "ഹായ്, ചെക്ക് ദിസ് ഫോട്ടോ" (Hi, Check this photo) എന്നൊരു മെസേജ് വന്നോ? മെസേജിലെ ലിങ്കില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത് മുട്ടന്‍ പണിയാണ്. രാജ്യത്തെ വാട്സാപ്പ് ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) .

വാട്സാപ്പിലെ പുതിയ 'ഡിവൈസ് ലിങ്കിങ്' ഫീച്ചറിനെ ദുരുപയോഗം ചെയ്ത് നടത്തുന്ന തട്ടിപ്പാണിത്. സിം കാർഡ് മാറ്റുകയോ പാസ്‌വേഡ് മോഷ്ടിക്കുകയോ ചെയ്യാതെ തന്നെ സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് കടന്നുകയറാൻ 'ഗോസ്റ്റ് പെയറിങ്' വഴി സാധിക്കും. പെയറിങ് കോഡുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ വളരെ എളുപ്പത്തിൽ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു.

വാട്സാപ്പിലൂടെ വരുന്ന സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫെയ്‌സ്ബുക്കിന് സമാനമായ ഒരു പ്രിവ്യൂ ആണ് കാണാൻ സാധിക്കുക. ഇതിലെ കണ്ടന്റ് കാണണമെങ്കിൽ ഉപഭോക്താവ് ഐഡന്റിറ്റി വെരിഫൈ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ സമയത്ത് ഹാക്കർമാർ ഡി‌വൈസ് ലിങ്കിങ് ഫീച്ചർ വഴി നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നു.

ആക്രമണകാരി നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതോടെ വാട്സാപ്പ് വെബിന് സമാനമായ രീതിയിൽ അവർക്ക് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. നിങ്ങൾക്കുവരുന്ന മെസേജുകള്‍ OTP ഉള്‍പ്പടെ യഥാസമയം അവർക്കും ലഭിക്കും. നിങ്ങളുടെ വാട്സാപ് അക്കൗണ്ടിൽ നിന്നും മറ്റുള്ളവർക്ക് മെസേജ് അയക്കാനും അവർക്ക് കഴിയും. ചിത്രങ്ങൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ എന്നിവ അവർക്ക് കാണാനും കേൾക്കാനും സാധിക്കും. നിങ്ങളുടെ പ്രൈവറ്റ് ചാറ്റുകളിലേക്കും ഗ്രൂപ്പ് ചാറ്റുകളിലേക്കും അവർക്ക് ആക്സസ് ലഭിക്കും.

ഗോസ്റ്റ് പെയറിങില്‍ നിന്നും രക്ഷ നേടാനായി വിശ്വാസ യോഗ്യമല്ലാത്ത, അപരിചിതമായ  ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. വാട്സാപ്പ് അല്ലെങ്കിൽ ഫെ‌യ്‌സ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബാഹ്യ വെബ്‌സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്. നിങ്ങളുടെ വാട്സാപ്പ് തുറന്ന് സെറ്റിങ്‌സിൽ ലിങ്ക്ഡ് ഡിവൈസസ് (Linked Devices)എന്ന ഭാഗം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. ഏതൊക്കെ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടാകണം. നിങ്ങൾക്കറിയാത്തതോ പരിചയമില്ലാത്തതോ ആയ ഏതെങ്കിലും ഉപകരണം ലിങ്ക് ചെയ്തതായി കണ്ടാൽ ഉടൻ തന്നെ അത് ലോഗ് ഔട്ട് ചെയ്യുക.

ENGLISH SUMMARY:

Understanding Ghost Pairing: How Hackers Access Your WhatsApp.WhatsApp scams are on the rise, with cybercriminals exploiting the 'device linking' feature. Protect yourself by avoiding suspicious links and regularly checking linked devices in your WhatsApp s.ettings