ആരോഗ്യപൂര്‍ണമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള സ്മാര്‍ട്ട് വാച്ച്, ഫിറ്റ്നസ് ട്രാക്കറുകള്‍ തുടങ്ങിയ വെയറബിൾസിന്‍റെയും സോഫ്റ്റ്‌വെയറിന്റെയും ഉപയോഗം പരിമിതപ്പെടുത്താന്‍ ഒരുങ്ങി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഇതിനായുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് ഏജൻസി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, വ്യായാമം പ്രോത്സാഹിപ്പിക്കുന്ന ഫിറ്റ്നസ് ആപ്പുകൾ, ആക്റ്റിവിറ്റി ട്രാക്കറുകൾ എന്നിവ പോലുള്ള കുറഞ്ഞ അപകടസാധ്യതയുള്ള വെൽനസ് ഉപകരണങ്ങളെ കർശനമായ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ ഇതര ഉപകരണങ്ങളായി കണക്കാക്കി ഇവയെ പ്രത്യേകം തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ രോഗം നിർണയിക്കുകയും ചികില്‍സ നിര്‍ദേശിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇവ പ്രോല്‍സാഹിപ്പിക്കുമെന്നും എഫ്ഡിഎ കമ്മിഷണര്‍ മാർട്ടി മക്കാരി അറിയിച്ചു.
ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊടൊപ്പം സുരക്ഷാ ആശങ്കകൾക്കെതിരെ ജാഗ്രത പാലിക്കുകയും വേണമെന്നും മാർട്ടി മക്കാരി പറയുന്നു. ആളുകൾ ഒരു എഐ അധിഷ്ഠിത ഉപകരണം രോഗ നിര്‍ണയത്തിനായി ഉപയോഗിക്കരുതെന്നും മറിച്ച് ഡോക്ടറെ കാണാണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വെയറബിള്‍സോ സോഫ്റ്റ്‌വെയറോ വിവരങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെങ്കിൽ എഫ്ഡിഎ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വെറുമൊരു സ്ക്രീനിങ് ഉപകരണത്തിന്റെയോ ഫിസിയോളജിക്കൽ പാരാമീറ്ററിന്റെ എസ്റ്റിമേറ്റിന്റെയോ അടിസ്ഥാനത്തിൽ ആളുകൾ മരുന്ന് കഴിക്കാന്‍ തങ്ങളാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
കഴിഞ്ഞ വർഷം ഫിറ്റ്നസ് ബാൻഡ് നിർമ്മാതാക്കളായ WHOOP ന് എഫ്ഡിഎ ഇത് സബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഹൈപ്പർടെൻഷൻ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സിസ്റ്റോളിക്, ഡയസ്റ്റോളിക് മൂല്യങ്ങൾ കണക്കാക്കുന്നതിനാല്‍, കമ്പനിയുടെ വെയറബിൾ ഒരു മെഡിക്കൽ ഉപകരണം പോലെ തോന്നിപ്പിക്കുന്നു എന്നതിനെ തുടര്‍ന്നായിരുന്നു ഇത്. മാത്രമല്ല, ആപ്പിളും അടുത്തിടെ തങ്ങളുടെ സ്മാർട്ട് വാച്ചിന്റെ ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷൻ സവിശേഷതയ്ക്കായി എഫ്ഡിഎ അനുമതി തേടിയിരുന്നു.