ഉപയോക്താക്കൾക്ക് ഹൈപ്പർ ടെൻഷന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ആപ്പിൾ സ്മാർട്ട് വാച്ചിന്‍റെ പുതിയ ഫീച്ചർ ശ്രദ്ധ നേടുന്നു. ആപ്പിൾ വാച്ച് ധരിക്കുന്നവരുടെ രക്തക്കുഴലുകളുടെ പ്രവർത്തനം സ്ഥിരമായി വിശകലനം ചെയ്ത് ഉയർന്ന രക്തസമ്മർദത്തിന്‍റെ സാധ്യതകളും ലക്ഷണങ്ങളുമുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നതാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ.
ഇന്ത്യയിൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കലായളവിൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറിന് പ്രചാരമേറുകയാണ്. പ്രതിരോധ ആരോഗ്യ സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ആപ്പിൾ ഇതിനെ വിശേഷിപ്പിച്ചത്. ഡിസംബർ 4 മുതലാണ് പുതിയ ഫീച്ചര്‍ ആപ്പിൾ വാച്ചുകളിൽ ലഭ്യമായത്.
ലോകത്ത് 1.3കോടിയാളുകളെ അമിതരക്ത സമ്മര്‍ദം അലട്ടുന്നുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം എന്നിവയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. ഒരുതവണത്തെ പരിശോധനയിലൂടെ ഈ അവസ്ഥ കൃത്യമായി മനസിലാക്കാൻ കഴിയുകയില്ല, തുടർച്ചയായുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയുന്ന രോഗാവസ്ഥ ആയതിനാൽ തന്നെ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫീച്ചർ പ്രസക്തവുമാണ്.
ഓരോ ഹൃദയമിടിപ്പിനോടും ഉപയോക്താവിന്‍റെ രക്തക്കുഴലുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിശകലനം ചെയ്യുന്ന ഒപ്റ്റിക്കൽ ഹാർട്ട് സെൻസർ ആണ് ആപ്പിൾ വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. തുടർച്ചയായി 30 ദിവസത്തെ കാലയളവിൽ ഈ ഡാറ്റ അവലോകനം ചെയ്യുകയും അതുവഴി ഉയർന്ന രക്തസമ്മർദത്തിന്‍റെ സ്ഥിരമായ സൂചകങ്ങൾ ഉണ്ടോയെന്ന് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു.
ഈ മുന്നറിയിപ്പുകൾ രക്തസമ്മർദത്തിന്‍റെ സൂചനകൾ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ചികിത്സ നേടുന്നത്തിനും സഹായകരമാകുവെന്ന് ആപ്പിൾ പറയുന്നു. ആപ്പിളിന്‍റെ എല്ലാ ആരോഗ്യ സവിശേഷതകളെയും പോലെ, ഹൈപ്പർടെൻഷൻ അറിയിപ്പുകളും കർശനമായ ശാസ്ത്രീയ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
അതേസമയം ഏറ്റവും പുതിയ ഹൈപ്പർടെൻഷൻ അറിയിപ്പുകൾ ആപ്പിൾ വാച്ച് സീരീസ് 9 ലും അതിനുശേഷമുള്ളവയിലും ആപ്പിൾ വാച്ച് അൾട്രാ 2 ലും അതിനുശേഷമുള്ളവയിലും മാത്രമേ ലഭ്യമാകൂ എന്ന് ആപ്പിൾ പറയുന്നു. 22 വയസിന് താഴെയുള്ളവർ, മുമ്പ് ബിപി സ്ഥിരീകരിച്ചവർ അല്ലെങ്കിൽ ഗർഭകാലത്ത് ഹൈപ്പർടെൻഷൻ ഉള്ളവർ എന്നിവർക്കായി ഉള്ളതല്ല ഈ ഫീച്ചർ എന്നും ആപ്പിൾ വ്യക്തമാക്കുന്നു.