ഐഫോണ്‍ 17 ന്‍റെ ലോഞ്ച് തീയ്യതി പുറത്തായതോടെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ടെക് ലോകം. 2025 സെപ്റ്റംബർ 9 ന് കലിഫോർണിയയിലെ കുപ്പോർട്ടിനോയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിൽ വെച്ചായിരിക്കും അവതരണം. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, പുതിയ ഐഫോൺ 17 എയർ എന്നിവയാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഐഫോണ്‍ സീരീസിനോടൊപ്പം തന്നെ മറ്റ് ചില ആപ്പിള്‍ ഉത്പന്നങ്ങളും കമ്പനി അവതരിപ്പിക്കുന്നുണ്ട്, അവയേതെല്ലാം എന്ന് നോക്കാം...
എല്ലാ ആപ്പിള്‍ ഇവന്‍റുകളിലും ആപ്പിള്‍ വാച്ചുകള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. ഈ വർഷവും പുത്തന്‍ വാച്ചുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിൾ വാച്ച് അൾട്രാ 3 ആണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്ന്. 5G കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സർ, സാറ്റലൈറ്റ് വഴി ടെക്‌സ്‌റ്റുകൾ അയയ്‌ക്കാനുള്ള സംവിധാനം എന്നിവയെല്ലാം ആപ്പിൾ വാച്ച് അൾട്രാ 3യ്ക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്ന രീതി തന്നെ ഇത് മാറ്റിയെഴുതുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൾട്രയ്‌ക്കൊപ്പം, ആപ്പിൾ ആപ്പിൾ വാച്ച് സീരീസ് 11 ഉം ബജറ്റ് ഫ്രണ്ട്‌ലി മോഡലായ ആപ്പിൾ വാച്ച് എസ്ഇയും പുറത്തിറക്കാൻ സാധ്യതയുണ്ട്.
മറ്റൊന്ന് എയർപോഡ്സ് പ്രോ 3യാണ്. എയർപോഡ്സ് പ്രോ 3 പുറത്തിറങ്ങുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടെങ്കിലും അത്രത്തോളം ഉറപ്പ് പറയുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. എയർപോഡ്സില്‍ ഈ വർഷം ഒരു ഡിസൈൻ അപ്‌ഡേറ്റ് ഉണ്ടാകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പ്, ശരീര താപനില എന്നിവ ട്രാക്ക് ചെയ്യുന്നത് പോലുള്ള സംവിധാനങ്ങളും iOS 26 വഴി തത്സമയ വിവർത്തനം പോലുള്ള സവിശേഷതകളും ഉണ്ടായിരിക്കാം എന്നും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ALSO READ: ഐഫോണ്‍ 17ല്‍ പ്രതീക്ഷകള്‍ എന്തെല്ലാം? ഇന്ത്യയില്‍ എപ്പോള്‍? വിലയെത്ര?...
അതേസമയം, ആളുകൾ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണിന്‍റെ നിര്‍മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ആപ്പിള്‍ ഈവന്‍റില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ ഉണ്ടായിരിക്കില്ല. 2026 വരെ ഇത് പുറത്തിറങ്ങില്ല. എന്നാല്‍ പുതിയ മാക്ബുക്കുകളും ഹോംപോഡും ആപ്പിൾ ടിവിയും പുറത്തിറങ്ങുമെന്നും അഭ്യൂഹങ്ങളുമുണ്ട്.