ഓൺലൈനിൽ കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ സുപ്രധാന നീക്കത്തിനൊരുങ്ങി മുൻനിര ടെക് കമ്പനികളായ ആപ്പിളും ഗൂഗിളും. പ്ലാറ്റ്ഫോമുകളില്‍ ഇതുവരെ കാണാത്ത മാറ്റങ്ങള്‍ വരുത്താനാണ് ഇരുവരും ലക്ഷ്യമിടുന്നത്.യുണൈറ്റഡ് കിംഗ്ഡത്തിലെ (UK) ഓൺലൈൻ സുരക്ഷാ നിയമത്തിന് (Online Safety Act) അനുസൃതമായാണ് ഇരു കമ്പനികളും ഈ പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. അൺലിമിറ്റഡ് ഇന്‍റര്‍നെറ്റ് ഉപയോഗം വ്യാപകമായ ഈ കാലഘട്ടത്തിൽ, കുട്ടികൾക്ക് ഹാനികരമാകുന്ന ഉള്ളടക്കങ്ങളുടെ പ്രചാരണം തടയുന്നതിൽ ടെക് ഭീമന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന കാഴ്ചപ്പാടാണ് ഈ പരിഷ്‌കാരങ്ങൾക്ക് പിന്നിൽ.
ആപ്പിൾ അവരുടെ 'കമ്മ്യൂണിക്കേഷൻ സേഫ്റ്റി' ഫീച്ചർ വിപുലീകരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. കുട്ടികൾ അവരുടെ iMessage-ൽ നഗ്ന ദൃശ്യങ്ങള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്താൽ, ഈ സംവിധാനം ചിത്രങ്ങൾ സ്വയമേവ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കിൽ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുകയോ ചെയ്യും. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി, ചിത്രങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ട്, ഉപകരണത്തിൽ വെച്ച് തന്നെ (on-device) വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ, ആപ്പിള്‍ ഈ ചിത്രങ്ങൾ നേരിട്ട് കാണുമെന്ന പേടി വേണ്ട.
ഗൂഗിൾ അവരുടെ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്താക്കളുടെ പ്രായപരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ, പ്രായപരിധി നിശ്ചയിച്ചിട്ടുള്ള കണ്ടെന്‍റുകള്‍(age-restricted content) കാണുന്നതിന് മുന്‍പ് ഉപഭോക്താവിന് പ്രായപൂർത്തിയായെന്ന് തെളിയിക്കേണ്ടിവരും. കൂടാതെ, സെർച്ച് എഞ്ചിനുകളിലും മറ്റ് സേവനങ്ങളിലും കുട്ടികൾക്ക് ദോഷകരമായേക്കാവുന്ന നഗ്നത ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ തടയുന്നതിനായി ശക്തമായ ഫിൽട്ടറുകൾ ഏർപ്പെടുത്താനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.
ബ്രിട്ടനിലെ ശക്തമായ ഓൺലൈൻ സുരക്ഷാ നിയമമാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. ഈ നിയമം കുട്ടികൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് വലിയ ഉത്തരവാദിത്തം നൽകുന്നുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10% വരെ ഭീമമായ പിഴ ചുമത്താൻ UK റെഗുലേറ്ററി അതോറിറ്റിയായ Ofcom-ന് അധികാരമുണ്ട്. സാങ്കേതികവിദ്യയുടെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, സ്വകാര്യ വിവരങ്ങൾ ചോരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ആപ്പിളും ഗൂഗിളും ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്.