യുകെയിൽ ഇനി രാത്രി 9 മണിക്ക് മുന്‍പ് ജങ്ക് ഫുഡ് പരസ്യങ്ങളൊന്നുമുണ്ടാകില്ല. കുട്ടികളിലെ പൊണ്ണത്തടി പരിഹരിക്കാനുള്ള ‘ലോകത്തെ മുൻനിര നടപടി’ എന്ന് സർക്കാർ അവകാശപ്പെടുന്ന പകല്‍സമയങ്ങളിലെ ജങ്ക് ഫുഡ്  പരസ്യങ്ങളുടെ നിരോധനം ബ്രിട്ടണില്‍ പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ ഒന്‍പതുമണിക്കുശേഷമേ ടെലിവിഷനിലോ ഓണ്‍ലൈനിലോ ഇത്തരം പരസ്യങ്ങള്‍ പാടുള്ളൂ. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അമിതമായി അടങ്ങിയ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലെ നിയന്ത്രണം കൊണ്ട്, പ്രതിവര്‍ഷം കുട്ടികളുടെ ഭക്ഷണത്തിൽ നിന്ന് 7.2 ബില്യൺ കലോറി വരെ നീക്കം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം കുറയ്ക്കുകയും 200 കോടി പൗണ്ടിന്‍റെ (2.7 ബില്യൺ ഡോളർ) ആരോഗ്യ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 

2024 ഡിസംബറിൽ ആദ്യം പ്രഖ്യാപിച്ച നടപടി വിപുലീകരിച്ചാണ് മിൽക്ക് ഷേക്കുകൾ, റെഡി-ഗോ കോഫികൾ, മധുരമുള്ള യോഗേര്‍ട്ട് എന്നിവ പോലുള്ള മുൻകൂട്ടി പാക്കേജ് ചെയ്‌ത ഇനങ്ങളുടെ പരസ്യങ്ങളിലും നിയന്ത്രണം നടപ്പാക്കിയത്.  ഈ നിയന്ത്രണങ്ങള്‍ക്കൊപ്പം സ്‌കൂളുകൾക്ക് പുറത്ത് ഫാസ്റ്റ് ഫുഡ് കടകൾ സ്ഥാപിക്കുന്നത് തടയാനും പ്രാദേശിക ഭരണകൂടത്തിന് അധികാരം നൽകിയിട്ടുണ്ട്. കുട്ടികൾ എന്ത്, എപ്പോൾ കഴിക്കുന്നു എന്നതില്‍ ചെറുപ്പം മുതലേ മുൻഗണനകൾ രൂപപ്പെടുത്തുന്നതിലും അതുമൂലമുള്ള അമിതവണ്ണം, അനുബന്ധരോഗങ്ങള്‍ എന്നിവയ്ക്കും പരസ്യങ്ങള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പകല്‍ സമയങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ നിരോധിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള അമിതമായ സമ്പർക്കം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി ആഷ്‌ലി ഡാൽട്ടൺ പ്രസ്താവനയിൽ പറഞ്ഞു.

അഞ്ച് മുതൽ ഒന്‍പത് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ യുകെയിലെ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നതിന്‍റെ ഒരു പ്രധാന കാരണം ദന്തക്ഷയമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണ പാനീയങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സ്വാഗതാർഹമായ  ഒരു ചുവടുവയ്പാണിതെന്ന് ഒബിസിറ്റി ഹെൽത്ത് അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ ജെന്നർ പറഞ്ഞു. ടൈപ്പ് 2 പ്രമേഹം യുവാക്കളിൽ വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഡയബറ്റിസ് യുകെയും പരസ്യ നിരോധനത്തെ സ്വാഗതം ചെയ്തു. വൃക്ക തകരാർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾക്ക് സാധ്യതയുള്ളതാണ് ടൈപ്പ് 2 പ്രമേഹം.

ENGLISH SUMMARY:

Junk food ad ban is now in effect in the UK, prohibiting junk food advertisements before 9 PM. This initiative aims to combat childhood obesity by restricting exposure to unhealthy food marketing during daytime hours