Left (Reuters), Right : xiaomi
2025 ന്റെ ആദ്യപാദത്തില്‍ വെയറബിള്‍ വിപണി കീഴടക്കുകയാണ് ഷഒമി. ഷിപ്‌മെന്റില്‍ മാത്രം 44 ശതമാനം വളര്‍ച്ച നേടിയ ചൈനീസ് ടെക് കമ്പനി, ആപ്പിളിനെ കടത്തി വെട്ടിയെന്നാണ് ‘കാനല്‍സ്’ റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ വാവെയാണ് മൂന്നാംസ്ഥാനത്ത്. സാംസങ് നാലാമതും ഗാര്‍മിന്‍ അഞ്ചാംസ്ഥാനത്തുമുണ്ട്. ആപ്പിള്‍ ക്ലാസും സ്റ്റാറ്റസ് സിംബലുമാണെങ്കില്‍ വിലക്കുറവും ബാറ്ററി ലൈഫും ഹെല്‍ത്ത് ട്രാക്കറുമാണ് വെയറബിള്‍ മാര്‍ക്കറ്റില്‍, പ്രത്യേകിച്ച് സ്മാര്‍ട് വാച്ച് വിപണിയില്‍ ഷഒമിയെ കൂടുതല്‍ ജനപ്രിയമാക്കിയത്.
കയറ്റുമതിയില്‍ ലക്ഷങ്ങളുടെ കുതിപ്പ്
ആഗോളതലത്തില്‍ വെയറബിള്‍ ബാന്‍ഡുകളുടെ കയറ്റുമതി 2025 ന്റെ ആദ്യപാദത്തില്‍ 46.6 മില്യണ്‍ (4.6 കോടി) ആയി കുതിച്ചുയര്‍ന്നു. വെയറബിള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ച (ഇയര്‍-ടു-ഇയര്‍) നേടിയതെന്നും കാന്‍ലി റിപ്പോര്‍ട്ട് പറയുന്നു. ബേസ് മോഡല്‍ വെയറബിള്‍സാണ് ആദ്യപാദത്തില്‍ ഏറ്റവുമധികം വിറ്റുപോയത്. ദ് ഷഒമി സ്മാര്‍ട് ബാന്‍ഡ് 9, റെഡ്മി ബാന്‍ഡ് 5 എന്നീ മോഡലുകളാണ് ഷഒമി ആദ്യപാദത്തില്‍ പുറത്തിറക്കിയത്. വില്‍പ്പന കുതിച്ചുകയറി. റെഡ്മി ബാന്‍ഡ് 5 കമ്പനിയുടെ ബെസ്റ്റ് സെല്ലറായും മാറി.
കിതച്ച് ആപ്പിള്‍, കുതിച്ച് സാംസങ്
ഷഒമിയുടെ വാര്‍ഷിക വളര്‍ച്ച 44 ശതമാനം ഉയര്‍ന്നപ്പോള്‍ ആപ്പിളിന്‍റേത് അഞ്ചുശതമാനം മാത്രം. വിപണി വിഹിതത്തില്‍ ഷഒമി 19 ശതമാനവും ആപ്പിള്‍ 16 ശതമാനവും വളര്‍ച്ചയുണ്ടാക്കി. ആദ്യ അഞ്ച് സ്ഥാനക്കാരില്‍ സാംസങാണ് വാര്‍ഷികവളര്‍ച്ചയില്‍ ഞെട്ടിച്ചത്. 74 ശതമാനം. പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ സ്മാര്‍ട് വാച്ച് വില്‍ക്കുക എന്ന തന്ത്രമാണ് സാംസങിന്റെ വളര്‍ച്ചയുടെ രഹസ്യം. ഗാലക്‌സി ഫിറ്റും ഗാലക്‌സി വാച്ചുമാണ് കമ്പനി പുതുതായി പുറത്തിറക്കിയത്. ഫലം ഗംഭീരമായിരുന്നു. പത്താം ആനിവേഴ്‌സറി സ്മാര്‍ട് വാച്ച് പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ രണ്ടാം പാദത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്നും കാന്‍ലിസ് പ്രവചിക്കുന്നു. ഫിറ്റ്‌നസ്, GT വെയറബിള്‍ വിപണി കീഴടക്കിയതോടെ വാവെയുടെ 7.1 മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു.
Apple Inc. COO Jeff Williams discusses the Apple Watch Series 2 during an Apple media event in San Francisco, California, U.S. September 7, 2016. REUTERS/Beck Diefenbach
ട്രാക്ക് മാറ്റി കമ്പനികള്‍
വെയറബിള്‍ വിപണിയില്‍ വമ്പന്‍ മാറ്റമാണ് സംഭവിക്കുന്നതെന്ന് കാന്‍ലി പറയുന്നു. ഹാര്‍ഡ്‌വെയര്‍ കേന്ദ്രീകൃതമായ വിപണിയില്‍ നിന്ന് ഇക്കോ സിസ്റ്റം കേന്ദ്രീകൃതമായി വിപണിയുടെ സ്വഭാവം മാറുകയാണ്. വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ആളുകളിലേക്ക് ഉല്‍പന്നം എത്തിക്കുന്നതിനും വിലകുറയ്ക്കുന്നതിലേക്കും കമ്പനികള്‍ ട്രാക്ക് മാറ്റിയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സിന്ധ്യ ചെന്‍ പറയുന്നത്. വെയറബിള്‍ വാങ്ങാനെത്തുമ്പോള്‍ ഉപഭോക്താവ് ഇപ്പോള്‍ ആദ്യം നോക്കുന്നത് വിലയാണെന്നാണ് കണ്ടെത്തല്‍. രണ്ടാമത്തേത്, ബാറ്ററി ലൈഫാണ്. ഹെല്‍ത്ത് ട്രാക്കിങ് സംവിധാനങ്ങളാണ് വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകമെന്നും സര്‍വെ വിശദീകരിക്കുന്നു.