ലോകത്തിലെ ആദ്യത്തെ ഏജന്റിക് സ്മാർട്ട്‌ഫോൺ ആയ സ്റ്റെപ്എക്സ് നിയോ വിപണിയിലിറക്കി ചൈനീസ് കമ്പനിയായ സ്റ്റെപ്ഫൺ. ഒരൊറ്റ നിർദ്ദേശം നൽകിയാൽ മനുഷ്യ ഇടപെടലില്ലാതെ വിവിധ ആപ്പുകൾ സ്വയം കൈകാര്യം ചെയ്യാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. മൈക്രോസോഫ്റ്റിലെ മുൻ ഉദ്യോഗസ്ഥർ ചേർന്ന് 2023ൽ തുടങ്ങിയ ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് സ്റ്റെപ്ഫൺ. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നിർമിച്ച ലോകത്തിലെ ആദ്യത്തെ ഏജന്റിക് സ്മാർട്ട്‌ഫോൺ ആണിത്.
സ്വയം പ്രവർത്തിക്കുന്ന AI ഏജന്റ് ആണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താവിന്റെ വലിയ ഇടപെടലുകൾ ഇല്ലാതെ തന്നെ, ഫോണിലെ വിവിധ ആപ്പുകൾ ഉപയോഗിച്ച് സങ്കീർണമായ ജോലികൾ തനിയെ ചെയ്യാൻ സ്റ്റെപ്എക്സിലെ ഇൻ-ബിൽറ്റ് AI ഏജന്റിന് സാധിക്കും.
കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 'സ്റ്റെപ് എഡ്ജ്' എന്ന ഫൗണ്ടേഷൻ മോഡലും സ്റ്റെപ് എ.ഒ.എസ് എന്ന കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഈ ഫോണിന്‍റെ മറ്റൊരു പ്രത്യേകത. 32 ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്യാനുള്ള ശേഷി ഈ ഫോണിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രശസ്തമായ പല പ്രമുഖ തേർഡ്-പാർട്ടി സർവീസുകളുമായും സ്റ്റെപ്എക്സ് നിയോയില്‍ എളുപ്പത്തിൽ കണക്ട് ചെയ്യാനാകും. ഉപയോക്താവിന്റെ ഫോണ്‍ ഉപയോഗം അനുസരിച്ച് താല്പര്യങ്ങൾ തിരിച്ചറിയാനും അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ഈ AI ഏജന്റിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വേണ്ടിയുള്ള നിരവധി AI ഫീച്ചറുകൾ ഈ ഫോണിലുണ്ട്. നേരിട്ടുള്ള സംഭാഷണങ്ങള്‍, ഫോൺ കോളുകള്‍, ടെക്സ്റ്റ് മെസേജുകൾ, ക്യാമറയിലൂടെ കാണുന്ന ബോർഡുകളിലെയും മറ്റും എഴുത്തുകൾ തുടങ്ങിയവ തത്സമയം വിവർത്തനം ചെയ്യാൻ സ്റ്റെപ്എക്സ് നിയോയ്ക്ക് കഴിയും. ഇതിനുപുറമേ യാത്രാ സമയവിവരങ്ങൾ, അടുത്തുള്ള പ്രധാന സ്ഥലങ്ങൾ നിർദ്ദേശിക്കുക, സേവ് ചെയ്ത യാത്രാവിവരങ്ങൾ ഓഫ്‌ലൈനായി കാണിക്കുക എന്നിവയും ഇത് ചെയ്യും.
ആൻഡ്രോയിഡിന് മുകളിൽ വെറുതെ ഒരു AI ലെയർ ചേർക്കുകയല്ല കമ്പനി ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ലിനക്സ്, ആർ.ടി.ഒ.എസ് എന്നിവയുടെ ഭാഗങ്ങൾ കോർത്തിണക്കി അടിമുടി മാറ്റിയെഴുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സ്റ്റെപ് എ.ഒ.എസ്.
ഫോണിന് പുറത്തുള്ള കാര്യങ്ങളും കൃത്യമായി ചെയ്യാൻ സിട്രിപ്പ് (Ctrip), ആലിപേ (Alipay), ദിദി (Didi), മെയ്തുവാൻ (Meituan), ഡബ്ല്യു.പി.എസ് ഓഫീസ് (WPS Office), കാപ്കട്ട് (CapCut) തുടങ്ങിയ പ്രമുഖ ചൈനീസ് പ്ലാറ്റ്‌ഫോമുകളുമായി സ്റ്റെപ്ഫൺ കൈകോർത്തിട്ടുണ്ട്.