bsnl-satellite-phone

Image: BSNL

TOPICS COVERED

മൊബൈൽ ടവറുകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്നതിനായി പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. സാധാരണ സ്മാർട്ട്ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഉപഗ്രഹങ്ങളെ നേരിട്ട് ആശ്രയിച്ചാണ് സാറ്റലൈറ്റ് ഫോണുകള്‍ പ്രവർത്തിക്കുന്നത്. 1,34,166 രൂപയാണ് (നികുതി ഉൾപ്പെടെ) വില.

പ്രത്യേകതകൾ

സാധാരണ സെല്ലുലാർ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലും എമർജൻസി സാഹചര്യങ്ങളിലും സാറ്റലൈറ്റ് ഫോണുകള്‍ ഏറെ ഉപകാരപ്രദമാണ്. ഇൻമാർസാറ്റ് പോലുള്ള ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് സേവനദാതാക്കളുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൊബൈൽ ടവറുകളുടെ സഹായമില്ലാതെ, നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാല്‍ നെറ്റ്‌വർക്ക് ഇല്ലാത്തയിടങ്ങളിലും കണക്ടിവിറ്റി ലഭിക്കും. നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും വോയിസ് കോളിങ് സാധ്യമാകുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര സഹായത്തിനായി എസ്ഒഎസ് സൗകര്യവുമുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ കരുത്തുറ്റ രൂപകൽപ്പനയും നീണ്ട ബാറ്ററി ലൈഫും പ്രത്യേകതയാണ്. 

ആർക്കെല്ലാം ഉപയോഗിക്കാം?

സാധാരണക്കാർക്ക് വേണ്ടിയുള്ള ഗാഡ്‌ജെറ്റ് അല്ല സാറ്റലൈറ്റ് ഫോണുകള്‍. പ്രതിരോധ സേനകൾ, ദുരന്തനിവാരണ സേനകൾ, ഖനനം, വിദൂര വ്യാവസായിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർ, ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവർ എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ സാറ്റലൈറ്റ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. ഇവ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുൻപായി ടെലികോം വകുപ്പിൽ (DoT) നിന്ന് കൃത്യമായ അനുമതി വാങ്ങണം. അനുമതിയില്ലാതെ ഇത്തരം ഫോണുകൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകും. കൂടുതൽ വിവരങ്ങൾ അറിയാൻ ബിഎസ്എൻഎൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ENGLISH SUMMARY:

BSNL has introduced a new satellite phone designed to provide reliable communication in remote regions where traditional mobile towers are unavailable. Priced at ₹1,34,166 including taxes, the device operates by connecting directly to satellites via a global network, ensuring connectivity in the most challenging terrains. Developed in partnership with Inmarsat, the handset offers essential voice calling capabilities, a dedicated SOS emergency feature, and a rugged design tailored for extreme environments. While highly beneficial for disaster management teams, defense personnel, and industrial operations in isolated areas, this technology is not intended for standard consumer use. Prospective users must strictly adhere to Indian regulations, which mandate obtaining official approval from the Department of Telecommunications (DoT) before purchasing or operating such devices. Unauthorized possession or use of satellite phones remains a serious legal offense, and interested parties are advised to contact their nearest BSNL office for registration and regulatory guidance.