ഇൻസ്റ്റാഗ്രാമിൽ എനിക്ക് കാണിക്കുന്ന പോസ്റ്റല്ലല്ലോ അവന് കാണിക്കുന്നത്? ഇടയ്ക്കെങ്കിലും ഇങ്ങനെ ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇതിന് പിന്നിലെ ഗുട്ടന്‍സ് എന്താണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി . ഉപഭോക്താക്കൾക്ക് ഏറ്റവും താൽപ്പര്യമുള്ള കാര്യങ്ങൾ ആദ്യം കാണിക്കുക എന്നതാണ് ഇൻസ്റ്റാഗ്രാമിന്‍റെ ലക്ഷ്യം. പ്രധാനമായും ഫീഡ് , സ്റ്റോറീസ് , എക്സ്പ്ലോർ , റീൽസ് എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേകം അൽഗോരിതങ്ങളാണ് ഉള്ളത്.
ഫീഡിലും സ്റ്റോറീസിലും നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകൾക്കാണ് മുൻഗണന നൽകുന്നത്. നിങ്ങൾ ആരുടെ പോസ്റ്റുകൾ സ്ഥിരമായി ലൈക്ക് ചെയ്യുന്നു, ആരുടെ സ്റ്റോറികൾ കാണുന്നു, ആര്‍ക്കൊക്കെയാണ് മെസ്സേജുകൾ അയക്കുന്നത് തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കുന്നത്. ഒരു പോസ്റ്റ് എപ്പോൾ ഇട്ടു, അത് എവിടെ നിന്നുള്ളതാണ് തുടങ്ങിയ കാര്യങ്ങളും ഇതിൽ പ്രധാനമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തിക്കാൻ ഇൻസ്റ്റാഗ്രാം നിങ്ങളുടെ പഴയ ഇഷ്ടങ്ങളും പരിശോധിക്കുന്നു.
റീൽസ് , എക്സ്പ്ലോർ എന്നിവയുടെ പ്രവർത്തനം കുറച്ചുകൂടി വ്യത്യസ്തമാണ്. നിങ്ങൾക്ക് ഇതുവരെ പരിചയമില്ലാത്ത എന്നാൽ ഇഷ്ടപ്പെടാൻ സാധ്യതയുള്ള പുതിയ വീഡിയോകളും ചിത്രങ്ങളും പരിചയപ്പെടുത്താനാണ് ഇവ ശ്രമിക്കുന്നത്. നിങ്ങൾ പൂർണ്ണമായി കണ്ട വീഡിയോകൾ, ഷെയർ ചെയ്തവ, നിങ്ങൾ സേവ് ചെയ്ത പോസ്റ്റുകൾ എന്നിവ നോക്കിയാണ് പുതിയ കണ്ടന്റുകൾ അൽഗോരിതം തിരഞ്ഞെടുക്കുന്നത്. ചുരുക്കത്തിൽ, ഇൻസ്റ്റാഗ്രാമിലെ നിങ്ങളുടെ ഓരോ ചലനവും നിങ്ങൾക്ക് കാണേണ്ട കാര്യങ്ങളെ സ്വാധീനിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.