അമ്പതിന്‍റെ നിറവില്‍ അഭിഷേക് ബച്ചനെ ആശംസകള്‍ കൊണ്ട് മൂടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്യര്യ റായ് ബച്ചന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. അഭിഷേകിന്‍റെ കണ്ണുകള്‍ മാത്രം കാണാവുന്ന ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ട് ‘പ്രിയപ്പെട്ട ബേബി-പപ്പായ്ക്ക് 50-ാം ജന്മദിനാശംസകൾ, സ്നേഹം, സമാധാനം, സന്തോഷം, സംതൃപ്തി, മികച്ച ആരോഗ്യം എന്നിവയോടെ ദൈവം അനുഗ്രഹിക്കട്ടെ. പ്രണയത്തിന്‍റെ സുവര്‍ണത്തിളക്കത്തോടെ തുടരുക.’ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.
മുതിർന്ന നടൻ അമിതാഭ് ബച്ചനും മകന് വൈകാരികമായസന്ദേശം പങ്കുവെച്ചു. ആരാധകരുടെ സ്നേഹത്തിനും അനുഗ്രഹത്തിനും അദ്ദേഹം ബ്ലോഗിലൂടെ നന്ദി പറഞ്ഞു. ‘അഭിഷേകിന്‍റെ 50-ാം പിറന്നാളിന് ആശംസകൾ നേരുന്ന എല്ലാവർക്കും, എന്‍റെ അങ്ങേയറ്റത്തെ നന്ദിയും സ്നേഹവും അറിയിക്കട്ടെ... നിങ്ങളുടെ അനുഗ്രഹങ്ങൾ അവന് മുന്നോട്ട് പോകാനുള്ള ധൈര്യവും ശക്തിയും നൽകുന്നു. വാത്സല്യവും സ്നേഹവും‘ എന്ന് ബച്ചന്‍ കുറിച്ചു.
കുടുംബാംഗങ്ങള്‍ക്ക് പുറമെ ഒട്ടേറെ സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിഷേകിന് ഹൃദയംഗമമായ ആശംസകൾ നേർന്നു. ‘ബിഗ് ഹഗ്സ്’ എന്ന വാചകത്തോടെ നടൻ ജാക്കി ഷ്രോഫ് അഭിഷേകിന്‍റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിഡിയോ പങ്കിട്ടു. ‘പ്രിയപ്പെട്ട @bachan, നിങ്ങൾ എനിക്ക് എന്താണ് എന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഒരു മൂത്ത സഹോദരനെപ്പോലെ നിങ്ങൾ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഈ ദിവസം നിങ്ങൾക്ക് ചിരിയും സ്നേഹവും ആരോഗ്യവും നിറഞ്ഞ സന്തോഷത്തിന്‍റെ ലോകം ആശംസിക്കുന്നു. ജന്മദിനാശംസകൾ എന്‍റെ സഹോദരാ. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നായിരുന്നു റിതേഷ് ദേശ്മുഖ് തന്‍റെ ‘ഹൗസ്ഫുൾ 5’ സഹതാരത്തിന് പകര്‍ന്നുനല്‍കിയ വൈകാരിക സന്ദേശം. "ഹാപ്പി ബെര്‍ത്ത്ഡേ അബ്ബാസ് അലി... ഐ മീന്‍ @bachchan’ എന്ന് പോസ്റ്റ് ചെയ്തുകൊണ്ട് അജയ് ദേവ്ഗൺ തന്‍റെ ആശംസയ്ക്ക് നർമം പകര്‍ന്നു.
അഭിഷേക് ബച്ചന്‍–ഐശ്വര്യ റായ് വിവാഹജീവിതത്തെക്കുറിച്ച് കഴിഞ്ഞ കുറെക്കാലങ്ങളായി ഗോസിപ്പുകള്‍ വ്യാപകമാണ്. അതിനിടെ ‘പീപ്പിങ് മൂണി’ന് നൽകിയ അഭിമുഖത്തിൽ തന്‍റെ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അഭിഷേക് തള്ളിയിരുന്നു. ‘അത്തരം കിംവദന്തികള്‍ തികച്ചും തെറ്റും മനഃപൂര്‍വം വേദനിപ്പിക്കുന്നതുമാണെന്ന് അഭിഷേക് പറഞ്ഞു. ‘ഞങ്ങൾ വിവാഹിതരായപ്പോള്‍ മുതല്‍ ഞങ്ങൾ എപ്പോൾ വേർപിരിയണമെന്ന് അവർ തീരുമാനിക്കാൻ തുടങ്ങി. ഇതെല്ലാം അസംബന്ധമാണ്. അവൾക്ക് എന്‍റെ സത്യം അറിയാം, എനിക്ക് അവളെ അറിയാം. ഞങ്ങൾ സ്നേഹമുള്ളതും അടിത്തറയുള്ളതുമായ ഒരു കുടുംബത്തിനുള്ളിലാണ്. അതാണ് യഥാർത്ഥത്തിൽ പ്രധാനം.’ എന്നായിരുന്നു അഭിഷേകിന്‍റെ വാക്കുകള്‍.