ജീവിതത്തില്‍ കല്യാണത്തിന് വലിയ പ്രാധാന്യം നല്‍കാത്ത യുവതിയുവാക്കളുടെ കാലമാണിത്. വിവാഹം അനിവാര്യമായ കാര്യമല്ലെന്നും വേണമെന്നു തോന്നിയാല്‍ മാത്രം ആകാമെന്നുമാണ് ഭൂരിഭാഗം പേരുടേയും നിലപാട്. കരിയര്‍ നേട്ടങ്ങളിലും ജീവിത ലക്ഷ്യങ്ങളിലും ഫോക്കസ് ചെയ്യുന്ന തലമുറയ്ക്ക് മുന്നില്‍ വിവാഹം വളരെ ചെറിയ ഒരു കാര്യം മാത്രമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും കണ്‍മുന്നില്‍ കാണുന്ന അനുഭവങ്ങളും ഈ തലമുറയെ പലപ്പോഴും വിവാഹവേദിയില്‍ നിന്നും പൂര്‍ണമായും അകറ്റുന്നുമുണ്ട്.
ഇപ്പോഴിതാ തന്റെ സമ്മതമില്ലാതെ അമ്മ കല്യാണം ആലോചിക്കാന്‍ തുടങ്ങിയതോടെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിഡിയോ വൈറലാവുകയാണ്. തല മൊട്ടയടിച്ചാണ് യുവതി പ്രതിഷേധം നടത്തുന്നത്. കീര്‍ത്തന മേനോന്‍ എന്ന പേരിലുള്ള ഉപയോക്താവാണ് വിഡിയോ പങ്കുവച്ചത്. പെണ്‍കുട്ടിയെ പിന്തുണച്ചുള്ള നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സില്‍ നിറയുന്നത്.
ഇത് വളരെ മികച്ച ഐഡിയയാണെന്നും പറഞ്ഞുതന്നതിന് നന്ദിയെന്നും പല പെണ്‍കുട്ടികളും പറയുന്നു. അതേസമയം സമാനമായ രീതിയില്‍ പ്രതികരിച്ചതിനാല്‍ തനിക്ക് അഞ്ചുവര്‍ഷത്തേക്ക് സമാധാനമുണ്ടായിരുന്നെന്നായിരുന്നു മറ്റൊരു യുവതിയുടെ പ്രതികരണം. നിനക്ക് മികച്ച ഭാവിയുണ്ടെന്നാണ് മറ്റൊരാള്‍ ആശംസിക്കുന്നത്. അതേസമയം താനും ഇത് പരീക്ഷിക്കുമെന്ന് പറഞ്ഞപ്പോള്‍ വിലകൂടിയൊരു വിഗ് വാങ്ങിത്തരാമെന്നായിരുന്നു തന്റെ അമ്മയുെട മറുപടിയെന്ന് മറ്റൊരു പെണ്‍കുട്ടി പറയുന്നു.