ആപ്പിളിന്‍റെ വരാനിരിക്കുന്ന iOS 26 അപ്‌ഡേറ്റിൽ നിരവധി പുതിയ സ്വകാര്യതാ, സുരക്ഷാ സവിശേഷതകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നഗ്നതാ പ്രദര്‍ശനം കണ്ടെത്തിയാൽ ഫെയ്സ് ടൈം വിഡിയോകള്‍ ഓട്ടോമാറ്റിക് ആയി കട്ടാകുന്ന പുതിയ ഫീച്ചറാണ് ഇതില്‍ ഏറ്റവും പ്രധാനം. കുട്ടികളുടെ അക്കൗണ്ടുകള്‍ക്ക് വേണ്ടിയുള്ള ഫാമിലി ടൂളുകളുടെ ഭാഗമായാണ് ഈ പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.
യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്ററായ ഐഡി വൈസ്‌ഹെല്‍പ്പ് ആണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. കുട്ടികള്‍ക്ക് അപകടകരമായ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഇത് ബാധകമായേക്കും. ഫെയ്സ് ടൈം കോളിനിടെ നഗ്നതാപ്രദര്‍ശനം തിരിച്ചറിഞ്ഞാല്‍ കോള്‍ നിര്‍ത്തലാക്കപ്പെടുകയും സെന്‍സിറ്റീവായ എന്തോ പ്രദര്‍ശിപ്പിച്ചതിനാലാണ് ഓഡിയോ വിഡിയോ നിശ്ചലമായതെന്നും പ്രയാസമുണ്ടെങ്കില്‍ കോള്‍ കട്ട് ചെയ്യാമെന്നുമുള്ള അറിയിപ്പ് സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. ഈ മുന്നറിയിപ്പ് ക്ലോസ് ചെയ്ത് വിഡിയോ പുനരാരംഭിക്കാന്‍ കഴിയുമെങ്കിലും തുടര്‍ന്നും നഗ്നതാപ്രദര്‍ശനം തിരിച്ചറിഞ്ഞാല്‍ കോള്‍ നിശ്ചലമാവും.
ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സെൻസിറ്റീവ് കണ്ടന്‍റ് വാണിങ് എന്ന് ലേബൽ ചെയ്‌തിരിക്കുന്ന ഒരു ടോഗിൾ വഴി സാധിക്കും. കുട്ടികളുടെ അക്കൗണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് AI നഗ്നത കണ്ടെത്തൽ സവിശേഷത രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, എല്ലാ ഉപയോക്താക്കൾക്കും ബീറ്റയിൽ അതിന്‍റെ സാന്നിധ്യം ബാധകമാണ് . ബീറ്റാ ഫീച്ചര്‍ ആയതിനാല്‍ ആപ്പിള്‍ ഇത് എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. അന്തിമ പതിപ്പില്‍ ചൈൽഡ്-ലിങ്ക്ഡ് ഫാമിലി ഷെയറിങ് അക്കൗണ്ടുകളിലേക്ക് ഈ സവിശേഷത പരിമിതപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.
ഈ മാസം അവസാനം iOS 26 ന്‍റെ പബ്ലിക് ബീറ്റ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗ്നത കണ്ടെത്തൽ സവിശേഷത വ്യാപകമായി ലഭ്യമാകുമോ അതോ നിർദ്ദിഷ്ട അക്കൗണ്ടുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്നതിനെ ആദ്യകാല ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് സ്വാധീനിച്ചേക്കാം.