Image Credit: Screengrab from youtube.com/@AppleExplained
ഐ ഫോണ്‍ 17 പുറത്തിറങ്ങാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. സെപ്റ്റംബര്‍ ആദ്യവാരം കിടിലം ലുക്കിലും സ്റ്റൈലിലും ഫീച്ചറുകളോടെയും ഐ ഫോണ്‍ 17 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് തീയതി അടുത്തതോടെ ഫോണ്‍ ഇന്ത്യയില്‍ നിന്ന് വാങ്ങണോ അതോ ദുബായ്ക്ക് പറക്കണോ എന്ന ആശങ്കയിലാണ് ആരാധകര്‍. സാധാരണയായി യുഎഇയില്‍ നിന്നും യുഎസില്‍ നിന്നുമാണ് ഐ ഫോണുകള്‍ കൂടുതലായി ഇന്ത്യക്കാര്‍ വാങ്ങുന്നത്.
വിലക്കുറവിലെ വാസ്തവമെന്ത്?
ദുബായില്‍ നിന്ന് വാങ്ങിയാല്‍ ജിഎസ്ടി കൊടുക്കേണ്ടതില്ല. യുഎസിലാവട്ടെ ഓരോ സംസ്ഥാനം അനുസരിച്ചും വ്യത്യാസം വരും. ദുബായില്‍ നിന്ന് ഐ ഫോണ്‍ പ്രോ മോഡലുകള്‍ വാങ്ങുന്നവരെ പ്രധാനമായും ആകര്‍ഷിക്കുന്നത് സാമ്പത്തിക ലാഭമാണ്. 30,000 രൂപ വരെ ഇത്തരത്തില്‍ ലാഭിക്കാം. അതേസമയം, പ്രോ അല്ലാത്ത മോഡലുകളാണെങ്കില്‍ ദുബായില്‍ നിന്ന് വാങ്ങുന്നതില്‍ വലിയ മെച്ചമൊന്നും ഇല്ലെന്നതാണ് വാസ്തവം. വില കുറച്ച് കൂടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. അതേസമയം, ചില കാര്‍ഡുകളില്‍ ഓഫറുകള്‍ ലഭ്യമാണ്.
ഉല്‍പന്നങ്ങള്‍ക്ക് രാജ്യാന്തര വാറന്‍റിയാണ് ആപ്പിള്‍ നല്‍കുന്നത്. എന്നിരുന്നാലും പോര്‍ട്ടബിള്‍ അല്ലാത്ത ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വാറന്‍റി ഏത് രാജ്യത്ത് നിന്നാണോ വാങ്ങിയത് അവിടെ തന്നെയായിരിക്കും. സര്‍വീസ് സൗകര്യവും പാര്‍ട്സുകളുടെ ലഭ്യതയും ഓരോ രാജ്യങ്ങള്‍ അനുസരിച്ചും വ്യത്യാസപ്പെടും. വാങ്ങിയ രാജ്യത്ത് ഫോണ്‍ സര്‍വീസ് ചെയ്യാനുള്ള സൗകര്യമില്ലെങ്കില്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ ഷിപ്പിങ്, ഹാന്‍ഡിലിങ് ചാര്‍ജുകള്‍ ഉപഭോക്താവ് തന്നെ നല്‍കേണ്ടി വരും. ദുബായിയിലെ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നവര്‍ക്ക് രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്ന വിഡിയോ കോള്‍ നിയന്ത്രണങ്ങള്‍ ബാധകമായേക്കാം. ദുബായില്‍ നിന്നും വാങ്ങിയ ഫോണ്‍ ഇന്ത്യയിലെത്തിക്കുമ്പോള്‍ പാക്ക് ചെയ്താണ് കൊണ്ടുവരുന്നതെങ്കില്‍ പ്രത്യേക നികുതി അടയ്ക്കേണ്ടിയും വരും.
ഐ ഫോണ്‍ 16 പ്രോ മാക്സ് വാങ്ങണമെങ്കില്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തിത്തൊള്ളായിരം രൂപ മുതല്‍ നല്‍കണം. അതേസമയം, ദുബായില്‍ നിന്ന് വാങ്ങിയാല്‍ ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരം രൂപ നല്‍കിയാല്‍ മതി. എന്നാല്‍ ഐ ഫോണ്‍ 16 ഉം 16 പ്ലസുമാണ് ആണ് ദുബായില്‍ നിന്ന് വാങ്ങുന്നതെങ്കില്‍ ഇന്ത്യയിലേക്കാള്‍ വില അല്‍പം കൂടുതല്‍ നല്‍കേണ്ടിയും വരും.
Image Credit: Screengrab from youtube.com/@AppleExplained
പ്ലസ് ഇല്ല, പകരം വരും 'എയര്‍'
സെപ്റ്റംബറില്‍ പുതിയ സീരിസുകള്‍ വിപണിയിലെത്തുമ്പോള്‍ ഇക്കുറി പ്ലസ് ഉണ്ടാവില്ല. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ നീക്കം. പകരം ഐ ഫോണ്‍ 17, 17 എയര്‍, 17 പ്രോ, 17 പ്രോ മാക്സ് എന്നീ മോഡലുകളാകും പുറത്തിറങ്ങുക. പ്ലസിന് പകരക്കാരനായിരിക്കില്ല 17 എയര്‍ എന്നും എന്നാല്‍ കുറച്ച് കൂടി നേര്‍ത്ത കോംപാക്ട് ആയ രൂപമായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഐ ഫോണ്‍ 17 ന് 79,900 രൂപയ്ക്കടുത്ത് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലുകള്‍ കൂടി വരുന്നതിനാല്‍ പതിവിലും വില കൂടാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല.