ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് രാജ്യത്ത് പൂര്‍ണ നിരോധനം. 2025 ഓഗസ്റ്റിൽ പാർലമെന്‍റ് പാസാക്കിയ 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ആക്ട് 2025' ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇനിയും ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ തുടരുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും. പണം നിക്ഷേപിച്ച ശേഷം കൂടുതല്‍ പണം നേടാന്‍ കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളാണ് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍.‌‌

അനുവദനീയമായ ഗെയിമുകളെയും നിരോധിക്കപ്പെട്ട ഓൺലൈൻ പണമിടപാട് ഗെയിമുകളെയും വേർതിരിച്ചറിയാനും, ഉപയോക്താക്കളുടെ സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കാനുമുള്ള സംവിധാനമാണ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ആക്ട് 2025. ഇതുവഴിയുള്ള പുതിയമാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കേന്ദ്ര റെഗുലേറ്ററുടെ രൂപീകരണം

ഐടി മന്ത്രാലയത്തിന് കീഴില്‍ ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുo. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അംഗമാകും. ഓൺലൈൻ ഗെയിമിങ് മേഖലയിലെ നിയന്ത്രണങ്ങൾ, സാമ്പത്തികം, നിയമ നിർവ്വഹണം, നിയമപരമായ കാര്യങ്ങൾ എന്നിവ അതോറിറ്റി ഏകോപിപ്പിക്കും.

ഓൺലൈൻ ഗെയിമുകളുടെ വർഗ്ഗീകരണം

ഒരു ഗെയിം ഓൺലൈൻ പണമിടപാട് ഗെയിം ആണോ എന്ന് പരിശോധിക്കുന്നതിന് വ്യക്തമായ ചട്ടങ്ങൾ. റെഗുലേറ്റർക്കോ, സേവന ദാതാവിന്‍റെ അപേക്ഷ പ്രകാരമോ, സർക്കാരിന്‍റെ നിർദ്ദേശപ്രകാരമോ പരിശോധന നടത്താം. ഇത്തരം പരിശോധന 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

അനുവദനീയ ഗെയിമുകളുടെ രജിസ്ട്രേഷൻ

സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രത്യേക വിഭാഗങ്ങൾക്കും, ഇ-സ്പോർട്സ് ആയി അംഗീകാരം തേടുന്ന ഗെയിമുകൾക്കും മാത്രമേ രജിസ്ട്രേഷൻ വേണ്ടു. അംഗീകാരം ലഭിച്ചാൽ, സേവന ദാതാക്കൾക്ക് 10 വർഷം വരെ ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. പണമിടപാട് ഗെയിമുകൾ എന്ന് വർഗ്ഗീകരിച്ചിട്ടുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഇ- സ്പോർട്സ് ആയി അംഗീകാരം നൽകില്ല. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ, രജിസ്ട്രേഷൻ വിവരങ്ങൾ വെളിപ്പെടുത്തുക, ബന്ധപ്പെടാൻ ഒരു വ്യക്തിയെ നിയമിക്കുക, ഡാറ്റ സൂക്ഷിക്കുന്നതിലെ മാനദണ്ഡങ്ങൾ പാലിക്കുക, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം.

ഉപയോക്താക്കളുടെ സുരക്ഷയും പ്ലാറ്റ്‌ഫോമിന്‍റെ ബാധ്യതകളും

ഓരോ ഗെയിമിന്‍റെയും അപകടസാധ്യതകൾ അടിസ്ഥാനമാക്കി സുരക്ഷാ സംവിധാനങ്ങൾ ഏര്‍പ്പെടുത്തണം. പ്രായം തെളിയിക്കലും പ്രവേശന നിയന്ത്രണങ്ങളും, രക്ഷിതാക്കൾക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ, ഉപയോഗിക്കാനുള്ള സമയ പരിധി, റിപ്പോർട്ട് ചെയ്യാനും പരാതികൾ അറിയിക്കാനുമുള്ള മാർഗ്ഗങ്ങൾ, സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കുന്ന സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. സേവന ദാതാക്കൾ സുരക്ഷാ ക്രമീകരണങ്ങളും പരാതി പരിഹാര പ്രക്രിയകളും ഉപയോക്താക്കളെ അറിയിച്ചിരിക്കണം.

പരാതി പരിഹാരവും അപ്പീലുകളും

ഉപയോക്താക്കൾ ആദ്യം സേവന ദാതാവിന്‍റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തെ സമീപിക്കണം. അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, 30 ദിവസത്തിനുള്ളിൽ പരാതി ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറാം. ഇതിനുശേഷവും അപ്പീൽ നൽകണമെങ്കിൽ ഐടി മന്ത്രാലയത്തിലെ സെക്രട്ടറിക്ക് സമർപ്പിക്കാം. സമയബന്ധിതമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓരോ ഘട്ടത്തിനും പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

ശിക്ഷ

ഓണ്‍ലൈന്‍ മണി ഗെയിം നടത്തിയാല്‍ നടത്തിപ്പുകാര്‍ക്കും പണമിടപാടിന് സൗകര്യം ഒരുക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും 3 വര്‍ഷം വരെ തടവോ ഒരു കോടി രൂപ പിഴയോ രണ്ടുമോ ലഭിക്കാം. ആവര്‍ത്തിച്ചാല്‍ 5 വര്‍ഷം തടവോ 2 കോടി രൂപ പിഴയോ ലഭിക്കാം. ഓണ്‍ലൈന്‍ മണി ഗെയിം നടത്തിപ്പ് പ്ലാറ്റ് ഫോമുകഴുടെ പരസ്യം ചെയ്യുന്നവര്‍ക്ക് 2 വര്‍ഷം വരെ തടവോ 50 ലക്ഷം പിഴയോ രണ്ടും കൂടിയോ ലഭിക്കാം. തെറ്റാവര്‍ത്തിച്ചാല്‍ 3 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Online Money Gaming Banned in India:

India enforces a total ban on online money games starting today under the 'Promotion and Regulation of Online Gaming Act 2025'. The law establishes the Online Gaming Authority of India to regulate the sector, classify games, and ensure user safety. Violators face up to 5 years of imprisonment and heavy fines of up to ₹2 crore.