AI Image
ഓണ്‍ലൈന്‍ ഗെയിം കളിച്ചുണ്ടാക്കിയ കടം വീട്ടാന്‍ പിതാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച് 17കാരന്. സ്വന്തം തട്ടിക്കൊണ്ടുപോകലും മരണവും വ്യാജമായി ചിത്രീകരിച്ച് പണം തട്ടാനായിരുന്നു നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിയുടെ ലക്ഷ്യം. ലക്നൗവിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ ആളാണെന്ന് അഭിനയിച്ചുകൊണ്ട് വീട്ടിലേക്ക് വിളിച്ച കുട്ടി, സ്വന്തം പിതാവില്‍ നിന്ന് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപയാണ്. മകന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട പിതാവ് മൂന്നു ലക്ഷം രൂപ സമാഹരിച്ചുവെങ്കിലും പൊലീസ് അന്വേഷണത്തിൽ തട്ടിപ്പ് പുറത്തായി. ഒടുവില്‍ ഗേള്‍ഫ്രണ്ടിന്റെ വീട്ടില്‍ നിന്ന് യുവാവിനെ 'മോചിപ്പിക്കുകയും' ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ശേഷം ആൺകുട്ടിയെ വീട്ടില്‍ നിന്നും കാണാതായി. തുടർന്ന് അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയുടെ പിതാവ് ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, വീട്ടിൽ നിന്നിറങ്ങിയ ശേഷം കുട്ടി തന്റെ മൊബൈൽ ഫോണിൽ നിന്ന് സിം കാർഡ് നീക്കം ചെയ്തു. തുടർന്ന് വൈഫൈ ഉപയോഗിച്ച് വാട്സാപ്പിലൂടെ, താൻ തട്ടിക്കൊണ്ടുപോകപ്പെട്ടതായി അമ്മയ്ക്കും അച്ഛനും അമ്മാവനും സന്ദേശം അയച്ചു. തൊട്ടുപിന്നാലെ, ശബ്ദം മാറ്റി റെക്കോർഡ് ചെയ്ത ഒരു വോയ്സ് നോട്ട് അയച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. കുടുംബത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ, താൻ മരിച്ചുപോയെന്നും അവൻ അവരോട് പറഞ്ഞു.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകലിന്റെയും മരണത്തിന്റെയുമെല്ലാം കഥ മെനഞ്ഞത് കൗമാരക്കാരന് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. കാമുകിക്കൊപ്പം സുരക്ഷിതനായി കഴിയുകയായിരുന്ന വിദ്യാർഥിയെ പൊലീസ് കണ്ടെത്തി കുടുംബത്തെ വിവരമറിയിച്ചു.
ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടതോടെയാണ് വിദ്യാർഥി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജിതേന്ദ്ര കുമാർ ശ്രീവാസ്തവ പറഞ്ഞു. നേരത്തെ ഗെയിമിലൂടെ ഏകദേശം 70,000 രൂപ നഷ്ടപ്പെട്ടപ്പോൾ കുടുംബം ആ തുക തിരിച്ചടച്ചിരുന്നു. എന്നിട്ടും കളി തുടർന്ന വിദ്യാർഥിക്ക് വീണ്ടും ഏകദേശം 50,000 രൂപ നഷ്ടമായി.ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കുശേഷവും കുടുംബം പണം നൽകാതായതോടെയാണ് കടം വീട്ടാൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.