ആഗോള ഡവലപര്‍ കോണ്‍ഫറന്‍സിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആപ്പിള്‍ ആരാധകര്‍ കടുത്ത ആകാംക്ഷയിലാണ്. ഞെട്ടിക്കുന്ന മാറ്റമാണ് ഒഎസില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഊഹാപോഹങ്ങളും സജീവമാണ്. ജൂണ്‍ ഒന്‍പതിലെ പ്രഖ്യാപനത്തില്‍ ഐഒഎസ് 19 ന് പുറമെ എന്തെല്ലാം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ടെക് ലോകവും. അഞ്ച് പ്രധാനമാറ്റങ്ങളാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഒഎസില്‍ ഞെട്ടിപ്പിക്കുന്ന അപ്ഡേറ്റ്!
ഐഒഎസ് 19, ഐപാഡ് ഒഎസ് 19, മാക് ഒഎസ് 16 എന്നിവയില്‍ സമഗ്രമായ ഡിസൈന്‍ ഏകീകരണം ആപ്പിള്‍ പ്രഖ്യാപിച്ചേക്കാം. വിവിധ ഉപകരണങ്ങളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന തരത്തിലാകും റീഡിസൈന്‍ ചിട്ടപ്പെടുത്തുക. ആപ്പ് ഐക്കണുകള്‍, അടുമുടി മാറിയ കാമറ ആപ്പ്, ഫസ്റ്റ് പാര്‍ട്ടി ആപ്പുകളുടെ അപ്ഡേഷന്‍, ഫ്ലോട്ടിങ് ടാബുകള്‍ എന്നിവയിലടക്കം മാറ്റം പ്രകടമാകും. ഐഒഎസ് ഏഴിന് ശേഷം ഐ ഫോണുകളിലും മാകിലും വരുന്ന ഏറ്റവും വലിയ അപ്ഡേറ്റ് ആകും ഇതെന്നാണ് പ്രവചനം.
കൂടുതല്‍ സ്മാര്‍ട്ടാകും സിരി
എഐ ഉപയോഗം കൂടുതല്‍ വ്യാപകമായ നിലയ്ക്ക് കുറച്ച് കൂടി സ്മാര്‍ട്ടായ സിരി ഐഒഎസ് 19ല്‍ എത്തുമെന്നാണ് കരുതുന്നത്. ആപ്പിള്‍ ഇന്‍റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ളതാകും അപ്ഡേറ്റെന്നും സങ്കീര്‍ണമായ കമാന്‍ഡുകളും അനായാസം നിര്‍വഹിക്കാന്‍ പുതിയ അപ്ഡേറ്റ് വരുന്നതോടെ കഴിയുമെന്നും ടെക് വിദഗ്ധര്‍ പറയുന്നു. സ്ക്രീനില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് പുറമെ മറ്റ് ക്രോസ് ആപ്പ് പ്രവര്‍ത്തനവും ഹാന്‍ഡ്സ് ഫ്രീ ഉപയോഗവും സിരിയില്‍ മെച്ചപ്പെടും.
ആപ്പിള്‍ ഇന്‍റലിജന്‍സ് വാച്ചിലേക്ക്
വാച്ച് ഐഒഎസില്‍ ആപ്പിളെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. തുടക്കത്തില്‍ എല്ലാ എഐ ഫീച്ചറുകളും ഉണ്ടാവില്ലെങ്കിലും തിരഞ്ഞെടുത്ത സേവനങ്ങള്‍ ആപ്പിള്‍ ലഭ്യമാക്കിയേക്കും. കാര്യങ്ങള്‍ ആപ്പിള്‍ വാച്ചിനോട് പറഞ്ഞ് എഐയെ കൊണ്ട് പണിയെടുപ്പിക്കുന്നത് സങ്കല്‍പ്പിക്കാന്‍ തന്നെ കൗതുകമില്ലേ?
വാച്ചിന്‍റെ ഡിസൈന്‍ മാറുമോ?
വാച്ചിന്‍റെ ഡിസൈന്‍ ആപ്പിള്‍ മാറ്റിയേക്കാമെന്നും പുതിയ ഇന്‍റര്‍ഫേസ് വരുമെന്നും ബ്ലൂം ബര്‍ഗ് പ്രവചിക്കുന്നു. കുറച്ച് കൂടി മെച്ചപ്പെട്ട ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും, ഫിറ്റ്നസ് ആപ്പിലെ ട്രെയിനിങ് മെട്രിക്സിന്‍റെ അപ്ഡേറ്റും ഒപ്പം ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ സ്വാധീനവും പ്രതീക്ഷിക്കാം.
കയ്യിലൊതുങ്ങുമോ വിഷന്‍ പ്രൊ ഹെഡ്സെറ്റ്?
വിഷന്‍ ഒഎസിലെന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടെന്ന് ആപ്പിള്‍ വിട്ടുപറയുന്നില്ലെങ്കിലും പുത്തന്‍ ഫീച്ചറുകളും ശ്രദ്ധേയമായ മാറ്റവും ഉണ്ടാകുമെന്ന് ഉറപ്പാണ്. ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ സംയോജനമാകും പ്രധാന ഹൈലൈറ്റ്. അതേസമയം, വിഷന്‍ പ്രൊ ഹെഡ്സെറ്റ് കയ്യിലൊതുങ്ങുന്ന വിലയില്‍ എത്തിയേക്കുമെന്ന സന്തോഷവാര്‍ത്തയുമുണ്ട്.