അമേരിക്കയില്‍ വില്‍ക്കുന്ന ആപ്പിള്‍ ഫോണുകളില്‍ ഏറിയപങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ജൂണ്‍ മുതലായിരിക്കും ഈ മാറ്റം. മറ്റ് മേഖലകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ബഹുഭൂരിപക്ഷവും ചൈനയിലായിരിക്കും നിര്‍മിക്കുക. അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം തുടരുന്നതിനിടെയാണ് ആപ്പിളിന്‍റെ തീരുമാനം.
ടിം കുക്ക്, ആപ്പിള്‍ സി.ഇ.ഒ
2024ല്‍ 7.59 കോടി ഐഫോണുകളാണ് ആപ്പിള്‍ അമേരിക്കയില്‍ വിറ്റഴിച്ചത്. ഇതില്‍ 31 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ ആപ്പിളിന് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉല്‍പാദനവും കയറ്റുമതിയും വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടിവരും. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ത്തന്നെ യുഎസ് വിപണിയിലെത്തിയ ഐഫോണ്‍ യൂണിറ്റുകളുടെ 81.9 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. മാര്‍ച്ചില്‍ ഇത് 97.6 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധന. ഇന്ത്യയില്‍ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി വര്‍ധനയാണ് ഇത്. ട്രംപിന്‍റെ താരിഫ് യുദ്ധം നടപ്പാകുന്നതിന് മുന്‍പ് പരമാവധി ഫോണുകള്‍ കയറ്റി അയച്ചതാണ് ഇതിനുകാരണം.
അമേരിക്കയിലേക്കുള്ള ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമ്പോള്‍ ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ് എന്നിവ വിയറ്റ്നാമില്‍ത്തന്നെ തുടര്‍ന്നും ഉല്‍പാദിപ്പിക്കുമെന്ന് ആപ്പിള്‍ സിഇഒ അറിയിച്ചു. ആപ്പിളിന്‍റെ ആകെ ഉല്‍പാദനത്തില്‍ ഏറ്റവും വലിയ പങ്ക് ഏതായാലും ചൈനയ്ക്ക് തന്നെയാകും. ചൈനയില്‍ ഉല്‍പാദിപ്പിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 125 ശതമാനം അധികചുങ്കം ഏര്‍പ്പെടുത്തിയതോടെയാണ് അമേരിക്കയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ മറ്റുരാജ്യങ്ങളില്‍ നിര്‍മിക്കേണ്ടിവന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി തീരുവ 20 ശതമാനമാണെന്നിരിക്കേ ചൈനയില്‍ നിന്നുള്ളതിന് 145 ശതമാനം നല്‍കേണ്ടിവരും.
മാര്‍ച്ചില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ആപ്പിളിന്‍റെ വരുമാനം 5 ശതമാനം ഉയര്‍ന്ന് 95.35 ബില്യന്‍ ഡോളറിലെത്തി. മാക്, ഐപാഡ് വില്‍പനയിലെ വര്‍ധനയും സര്‍വീസില്‍ നിന്നുള്ള അധികവരുമാനവുമാണ് കാരണം. ആപ്പിള്‍ മാക് വില്‍പനയില്‍ നിന്നുള്ള വരുമാനം 7.94 ബില്യന്‍ ഡോളറാണ്. ഐപാഡ് വില്‍പനയിലൂടെ 6.4 ബില്യന്‍ ഡോളറും ലഭിച്ചു. സര്‍വീസസില്‍ നിന്ന് മാര്‍ച്ചില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ കിട്ടിയത് 23.86 ബില്യന്‍ ഡോളറും. അതേസമയം ഐഫോണ്‍ വില്‍പനയില്‍ നിന്നുള്ള വരുമാനത്തില്‍ 2024നെ അപേക്ഷിച്ച് 2 ശതമാനം കുറവുണ്ടായെന്നും ആപ്പിള്‍ വെളിപ്പെടുത്തി.
ഇന്ത്യയില്‍ ഈ വര്‍ഷം അവസാനം കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. യുഎഇയിലും പുതിയ ആപ്പിള്‍ സ്റ്റോര്‍ ആരംഭിക്കും. സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികവര്‍ഷത്തിന്‍റെ രണ്ടാംപാദം ആകെ രണ്ട് പുതിയ സ്റ്റോറുകളാണ് ആപ്പിള്‍ ആരംഭിച്ചത്.