Image Credit / X/ @IndianTechGuide
ഇഷ്ടപ്പെട്ട റീല്‍സ് ഇനി ചുറ്റുമിരിക്കുന്നവരെ കാണിക്കാന്‍ ഫോണ്‍ കൈമാറേണ്ട, പുത്തന്‍ അപ്ഡേറ്റുമായി ഇന്‍സ്റ്റഗ്രാം ഇന്ത്യയിലേക്കെത്തുന്നു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമിരുന്ന് റീല്‍സ് ഇനി ടെലിവിഷനിലും കാണാം. വലിയ സ്ക്രീനില്‍ റീല്‍സ് ആസ്വദിക്കാനുളള സൗകര്യമാണ് ഇന്‍സ്റ്റഗ്രാം ഒരുക്കുന്നത്. ‘ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി’ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഇന്നലെ മുംബൈയില്‍ നടന്ന ‘ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാം’ എന്ന വാര്‍ഷിക പരിപാടിയിലാണ് ഈ പ്രഖ്യാപനം നടന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ റീല്‍സും സ്റ്റോറീസും കാണാനാകും. ഒരു ടിവിയില്‍ ഒരു അക്കൗണ്ട് മാത്രമല്ല അഞ്ച് അക്കൗണ്ടുകള്‍ വരെ ലോഗിന്‍ ചെയ്യാന്‍ സൗകര്യമുണ്ട്.
അതേസമയം തന്നെ ടിവിയില്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേക അക്കൗണ്ടും ക്രിയേറ്റ് ചെയ്യാവുന്നതാണ്. മൊബൈലിലൂടെ റീല്‍സ് കാണുന്നതില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരിക്കും ടിവിയിലൂടെ ലഭിക്കുകയെന്നും മെറ്റ അവകാശപ്പെടുന്നു. ഓരോ റീല്‍സിനു പുറകെ ഒന്നൊന്നായി വിഡിയോകള്‍ തനിയേ എത്തും. അതേസമയം തന്നെ ടിവി റിമോട്ട് ഉപയോഗിച്ച് കണ്ടന്റ് തിരഞ്ഞെടുക്കാനും സാധിക്കും.
നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വൈറല്‍ വിഡിയോസ് കാണാം, ഫോളോ ചെയ്യുന്ന അക്കൗണ്ടുകളുടെ അടിസ്ഥാനത്തില്‍ റീല്‍സുകള്‍ ക്രമീകരിക്കപ്പെടും. അതേസമയം പ്രൊഫൈലുകള്‍ കാണാനും സ്റ്റോറീസ് കാണാനും സാധിക്കും. ലാന്‍ഡ്സ്കേപ്പ് ഫോര്‍മാറ്റിലുള്ള റീല്‍സുകളും ടിവിയില്‍ ലഭ്യമാകും.
ഫോണും ടിവിയും ഒരേ വൈഫൈ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്താല്‍ മൊബൈലില്‍ കാണുന്ന വിഡിയോസ് ടിവിയിലേക്ക് ഉടന്‍ മാറ്റാനും സാധിക്കും. എന്നാല്‍ ഉപയോഗിക്കുന്ന ഡിവൈസ് അനുസരിച്ച് സൗകര്യങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും മെറ്റ പറയുന്നു. കുട്ടികള്‍ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ടിവിയിലും തുടരും. 18വയസില്‍ താഴെയുളളവര്‍ക്കായുള്ള കണ്ടന്റുകളില്‍ നിയന്ത്രണമുണ്ടാകും, മൊബൈല്‍ ഫോണില്‍ ഒതുങ്ങിനിന്ന റീല്‍സ് അനുഭവം കുടുംബത്തോടെ ആസ്വദിക്കാമെന്നാണ് മെറ്റ പറയുന്നത്.