കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ മെറ്റ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തി മെറ്റ അധികൃതർ. ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും കമ്പനിയുടെ നയങ്ങൾ സുതാര്യമായിട്ടുള്ളതാണെന്നും മെറ്റ പ്രതിനിധികൾ വിശദീകരിച്ചു.
കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം പ്രതിനിധികളുമായാണ് മെറ്റ അധികൃതർ ചർച്ച നടത്തിയത്. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പോസ്റ്റുകൾ ഉൾപ്പെടെ കോൺഗ്രസ് പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങൾ മെറ്റ നിയന്ത്രിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് തെളിവുകളെന്ന് അവകാശപ്പെടുന്ന രേഖകളും കോൺഗ്രസ് പ്രതിനിധികൾ ചർച്ചയിൽ ഹാജരാക്കി.
എന്നാൽ, തങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിലാണ് നടക്കുന്നതെന്നും ഇന്ത്യയിലെ നിയമങ്ങളും നിലവിലുള്ള നയങ്ങളും പാലിച്ചാണ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതെന്നും മെറ്റ അധികൃതർ വ്യക്തമാക്കിയതായാണ് വിവരം.
അതിനിടെ, മെറ്റയുടെ നടപടികളിൽ പ്രതിഷേധിച്ച് ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ കമ്പനിയുടെ ഓഫീസുകൾക്ക് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് കോൺഗ്രസും മെറ്റയും തമ്മിലുള്ള തർക്കം ചർച്ചയാകുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.