പാസ്‍വേഡുകളുടെ കാലത്താണ് ജീവിക്കുന്നത്. ഓൺലൈനിൽ കയറിയാൽ തൊടുന്നിടത്തെല്ലാം അക്കൗണ്ട് വേണം. എളുപ്പത്തിൽ അറിഞ്ഞിരിക്കാൻ 123456, abcdefg തുടങ്ങിയ സിംപിൾ പാസ്‍വേഡുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ സൂക്ഷിക്കണം. അക്കൗണ്ടുകൾ സെക്കൻഡിൽ ഹാക്ക് ചെയ്തേക്കാം എന്നാണ് റിപ്പോർട്ട്.
ലോകത്തെ ഏറ്റവും മോശം പാസ്‍വേഡാണ് 123456. 30 ലക്ഷത്തോളം പേരാണ് ലോകത്ത് ഈ പാസ്വേഡ് ഉപയോഗിക്കുന്നത്. പ്രൊപ്രൈറ്ററി പാസ്‌വേഡ് മാനേജറായ നോർഡ്പാസിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന മട്ടിലാണ് കാര്യങ്ങൾ. തുടർച്ചയായ ആറാം വർഷമാണ് 123456 മോശം പാസ്‍വേഡാകുന്നത്. 123456789, 12345678 എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള പാസ്‍വേഡുകൾ. 16 ലക്ഷം പേരാണ് ഈ പാസ്വേഡ് ഉപയോഗിക്കുന്നത്.
ഇന്ത്യയിലും സ്ഥിതി മാറ്റമല്ല. മോശം പാസ്‍വേഡ് 123456 തന്നെ. 76,981 തവണയാണ് ഈ പാസ്‍വേഡ് ഉപയോഗിച്ചിട്ടുള്ളത്. ഒരു സെക്കൻറ് കൊണ്ട് ഇത് ക്രാക്ക് ചെയ്യാൻ സാധിക്കും എന്നാണ് റിപ്പോർട്ട്. മോശം പാസ്‍വേഡുകളിൽ രണ്ടാം സ്ഥാനം 'Password' ന് തന്നെയാണ്. 25,912 തവണയാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു പാസ്‍വേഡ് india123 ആണ്. 8 സെക്കന്റെടുക്കും ഇത് തകർക്കാൻ.
ഇന്ത്യക്കാരുടെ കോമൺ പാസ്‍വേഡിൽ തകർക്കാൻ കടുപ്പമുള്ളത് Indya123 എന്ന പാസ്‍വേഡ് ആണ്. 17 മിനുട്ടെടുത്താണ് ഹാക്കർ ഈ പാസ്‍വേഡുള്ള അക്കൗണ്ട് പൊളിക്കുന്നത്. 3935 തവണ ഇത് ഉപയോഗിച്ചു. 1qaz@WSX എന്ന പാസ്‍വേഡ് പൊളിക്കാൻ 11 മിനുട്ട് വേണം. 111111,12345, 12345678,123456789, admin,abcd1234, qwerty എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്ന മറ്റ് പാസ്‍വേഡുകൾ. 2.5 ടിബി ഡാറ്റ പരിശോധിച്ചാണ് നോർഡ്പാസ് റിപ്പോർട്ട് തയ്യാറാക്കിയത്.