ഹൈദരാബാദിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷന് രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പൊലീസ് സ്റ്റേഷനായി മാറും. പരാതികൾ സ്വീകരിക്കുന്നത് മുതൽ കുറ്റപത്രം തയ്യാറാക്കുന്നത് വരെയുള്ള പൊലീസ് സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ മാറ്റം. സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക പ്രവർത്തനങ്ങളും എഐ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായി, ഡിജിപി സി.വി. ആനന്ദ്, ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ ഡോ. മഹേഷ് മുരളീധർ ഭഗവത് എന്നിവർ ബുധനാഴ്ച സ്റ്റേഷനിൽ പരിശോധന നടത്തി.
പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരുമായി മുതിർന്ന ഉദ്യോഗസ്ഥർ സംസാരിച്ചു. ജീവനക്കാരുടെ പെരുമാറ്റം, പരാതികൾ കൈകാര്യം ചെയ്യുന്ന രീതി, എഐ (AI) സംവിധാനം വഴി പരാതികൾ സ്വീകരിക്കുന്നതും പരിഹരിക്കുന്നതും എങ്ങനെയാണ് എന്നത് സംബന്ധിച്ച് അവർ ചോദിച്ചറിഞ്ഞു. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമതയും, തങ്ങളുടെ ചുമതലകൾ നിർവഹിക്കുമ്പോൾ അവർ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.
പൊലീസ് സ്റ്റേഷനിൽ സജ്ജീകരിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി, ഖൈറതാബാദ് സോൺ ഡിസിപി ശിൽപവല്ലി, എസിപി മുരളി കൃഷ്ണ, ഇൻസ്പെക്ടർ ജഹാംഗീർ യാദവ് എന്നിവരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. ഉടൻ തന്നെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ സേവനങ്ങളിൽ എഐ സാങ്കേതികവിദ്യ പൂർണ്ണമായി സംയോജിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മുതിർന്ന ഉദ്യോഗസ്ഥരായ അകുൻ സഭർവാൾ, എം. ശ്രീനിവാസുലു, ഡിഐജി ഭാസ്കരൻ, എസ്പി (ടിസ്പാർക്ക്) രൂപേഷ്, ഡിസിപി അരവിന്ദ് ബാബു (എസ്എംഐടി) എന്നിവർ പരിശോധനയിൽ പങ്കെടുത്തു.