trisha-tamilnadu-library

‘ഡെമോക്രസി ആന്‍ഡ് പീപ്പിള്‍സ് റൈറ്റ് ഇന്‍ ദി കണ്ടംപ്രറി വേള്‍ഡ്’  ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനായ ജീന്‍ ഡ്രേസ് എഴുതിയത് എന്ന പേരില്‍ തമിഴ്‌നാട് മധുരയിലെ പബ്ലിക് ലൈബ്രറിയില്‍ കണ്ടെത്തിയ ഒരു പുസ്തകമാണ്. പക്ഷെ സത്യം എന്തെന്നാല്‍ ഇങ്ങനെ ഒരു പുസ്തകം എഴുതിയതായി ജീന്‍ ഡ്രേസിന് പോലും അറിവില്ല. പ്രമുഖരുടെ പേരുകള്‍ കട്ടെടുത്ത് എഐ ഉപയോഗിച്ച് കണ്ടന്റുകള്‍ ഉണ്ടാക്കി അച്ചടിച്ച വ്യാജ പുസ്തകങ്ങളിലൊന്ന് മാത്രമാണ് മുകളില്‍ പറഞ്ഞത്. ഇത്തരത്തില്‍ ലോകത്ത് ഉള്ളതും ഇല്ലാത്തതുമായ എഴുത്തുകാരുടെ പേരില്‍ ആയിരക്കണക്കിന് വ്യാജ പുസ്തകങ്ങളാണ് തമിഴ്‌നാട്ടിലെ വിവിധ പൊതു ലൈബ്രറികളില്‍നിന്ന് കണ്ടെത്തിയത്. 

തട്ടിപ്പ് പുറത്ത്

നവംബര്‍ ആറാം തീയതിയാണ് തമിഴകത്തെ നടുക്കിയ പുസ്‌തക തട്ടിപ്പ് പുറത്തറിയുന്നത്. സാഹിത്യ അക്കാദമി പുരസ്കാര ജേതാവും തമിഴ്  എഴുത്തുകാരനുമായ പെരുമാൾ മുരുകനാണ് വ്യാജ പുസ്‌തകങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ചിന്തൈ മാസികയില്‍ ‘പെരിയാര്‍ അറിവുലഗത്തിലെ പെരിയ ഊഴല്‍’ എന്ന പേരില്‍ പെരുമാള്‍ മുരുകന്‍ എഴുതിയ ലേഖനത്തിലാണ് തട്ടിപ്പിന്റെ കഥ പറയുന്നത്. ഡിഎംകെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി, വിജയ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്‌ത കോയമ്പത്തൂര്‍ പെരിയാര്‍ അറിവുലഗം ലൈബ്രറിയിലെ വ്യാജ പുസ്‌തകങ്ങളെപ്പറ്റിയായിരുന്നു പെരുമാള്‍ മുരുകന്റെ ലേഖനം. ആരോപണം വിവാദമായി അന്വേഷണം നടത്തിയപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു. പെരിയാര്‍ അറിവുലഗത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലെ ഭൂരിഭാഗം പബ്ലിക് ലൈബ്രറികളിലെയും തട്ടുക്കളില്‍ ആയിരക്കണക്കിന് വ്യാജന്മാര്‍ ഒളിച്ചിരിപ്പുണ്ടെന്നും സര്‍ക്കാരും ജനങ്ങളും അറിഞ്ഞു.

300 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഡിഎംകെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു കോയമ്പത്തൂരിലെ‘ പെരിയാര്‍ അറിവുലഗം ലൈബ്രറി’. ഒക്ടോബര്‍ 16 ന് മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന്  പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയ  ലൈബ്രറി സന്ദര്‍ശിച്ച എഴുത്തുകാരന്‍ പെരുമാള്‍ മുരുകനാണ് തമിഴ് പുസ്തക ശേഖരങ്ങളിലെ വ്യാജപുസ്‌തകങ്ങളെ കൈയ്യോടെ പൊക്കിയത്. അജ്ഞാതരായ പ്രസാധകരുടെ പേരില്‍ 1800 ഓളം വ്യാജ പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ടെന്ന് കണ്ടെത്തിയെന്നാണ് പെരുമാള്‍ മുരുകന്‍  ലേഖനത്തിലൂടെ പുറംലോകത്തെ അറിയിച്ചത്.

പുസ്‌തകങ്ങളില്‍ AI ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കമാണെന്നും വ്യാജ പ്രസാധകരുടെ പേരിലാണ് പുസ്‌തകമെന്നും പെരുമാള്‍ മുരുകന്‍ ആരോപിച്ചു. 350 രൂപ വിപണി വിലയുള്ള പുസ്‌തകം മൂന്നിരട്ടി വില നല്‍കിയാണ് ലൈബ്രറിയില്‍ വാങ്ങിയിരിക്കുന്നതെന്നും പുസ്തകങ്ങളിലെ ISBN നമ്പറുകൾ വ്യാജമാണെന്നും ലേഖനത്തില്‍ കുറിച്ചു.  പുസ്തകങ്ങളിൽ  വസ്തുതാ പരമയ തെറ്റുകളും  ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ലേഖനം പുറത്തുവന്നതോടെ പെരിയാറിന്റെ പാരമ്പര്യത്തെ ആദരിക്കുന്ന സ്ഥാപനത്തിന്റെ വീഴ്ചകൾക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.  വിഷയം ഹൈക്കോടതിയില്‍ എത്തിയതോടെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ പല ലൈബ്രറികളിലും വ്യാജ പുസ്‌തകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. ചെന്നൈയിലെ അണ്ണാ സെറ്റിനറി ലൈബ്രറി,കണ്ണിമാറ ലൈബ്രറി,  മധുരയിലെ കലൈഞ്ജർ സെറ്റിനറി ലൈബ്രറി, തിരുച്ചിറപ്പള്ളി, സേലം, കടലൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലെ  ലൈബ്രറികളിലേക്കും വ്യാജ പുസ്തകങ്ങള്‍ പോയിട്ടുണ്ടെന്ന് തെളിഞ്ഞു. വിദഗ്ധ സമിതി ശുപാർശ ചെയ്യുന്ന പുസ്‌തകങ്ങളാണ് ലൈബ്രറിയിലേക്ക് വാങ്ങേണ്ടതെന്നിരിക്കെ  അനധികൃതമായി വ്യാജ പ്രസാധകര്‍ അച്ചടിച്ചിറക്കിയ പുസ്തകങ്ങളും വാങ്ങിയതായി കണ്ടെത്തി. 

തട്ടിപ്പില്‍ ഞെട്ടിച്ച പേരുകള്‍

തൃഷ വിജയ് എന്ന പേരില്‍ അജ്ഞാതനായ എഴുത്തുകാരന്റെ വ്യാജ പുസ്‌തകം കണ്ടെത്തിയത് പുതുതായി തുറന്ന പെരിയാര്‍ അറിവുലഗത്തിലായിരുന്നു. താമര മുരളി, താമര രവി, പവിത്ര കരുണാനിധി, കമലാംബാൾ കരുണാനിധി,  തുടങ്ങി നിരവധി വ്യാജ  പേരുകളില്‍ എഴുതപ്പെട്ട പുസ്‌തകങ്ങള്‍ ലൈബ്രറികളില്‍നിന്ന് കണ്ടെടുത്തു. മോണിക്ക രവി എഴുതിയത് എന്ന പേരിൽ 162 പുസ്തകങ്ങളാണ് കണ്ടെത്തിയത്. ‘നാലടിയാർ വാഴ്‌വിന്‍ വഴികാട്ടി’ എന്ന പേരില്‍ 300 പേജുകളുള്ള 1445 രൂപ വിലയുള്ള പുസ്‌തകത്തില്‍  നാലടിയാറെ കവിയായും തത്വചിന്തകനായുമാണ് പരമാര്‍ശിച്ചിരിക്കുന്നത്. പക്ഷെ നാലടിയാര്‍ എന്നാല്‍ 

 തമിഴിലെ ഒരു ക്ലാസിക്കൽ കൃതിയാണ്.  സാമ്പത്തിക ശാസ്ത്രജ്ഞനായ ജീൻ ഡ്രേസ് എഴുതിയതെന്ന പേരിൽ ഡെമോക്രസി ആൻഡ് പീപ്പിൾസ് റൈറ്റ്സ് ഇൻ ദി കണ്ടംപ്രറി വേൾഡ് എന്ന പുസ്‌തകവും കണ്ടെത്തി. ഫീനിക്‌സ് എന്ന പ്രസാധകരുടെ പേരിലാണ് മധുര ലൈബ്രറിയില്‍ ഈ പുസ്‌തകങ്ങള്‍ കണ്ടെത്തിയത്. 

പെരിയാർ അറിവുലകത്തിലേക്ക് വ്യാജ പുസ്തകങ്ങൾ നൽകിയത് അകാൽവിളക്ക്, ഫീനിക്‌സ് എന്നീ വ്യാജ പ്രസാധകരണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പുറമേ സിഗ്മ, വിദ്യ എന്നീ രണ്ടു പ്രസാധകർ കൂടി തട്ടിപ്പിൽ പങ്കാളികളായെന്നും കണ്ടെത്തിയിട്ടുണ്ട്. അകാല്‍വിളക്കിന്റെയും ഫീനിക്‌സിന്റെയും ഉടമയായ മോഹനെന്ന ആളെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തിരുന്നു. 

ടിവികെയുടെ രാഷ്ട്രീയ ആയുധം

രാജ്യത്തെ ആദ്യ എഐ പുസ്‌തക തട്ടിപ്പാണിതെന്നാണ് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ് മോഹന്‍ പ്രതികരിച്ചത്. പിടിച്ചെടുത്ത വ്യാജ പുസ്‌തകങ്ങളുടെ പ്രദര്‍ശനം നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. സംഭവം ഡിഎംകെ കാലത്ത് നടന്നതാണെന്ന് ടിവികെ ആവര്‍ത്തിക്കുകയാണ്.   ഇത് തെളിയിക്കുന്ന പുസ്‌തകം വാങ്ങലുകളുടെ രേഖകളും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കാലങ്ങളായി പെരിയാറിന്റെ പേര് വച്ച് അഴിമതി നടത്തുന്നവരാണ് ഡി.എം.കെയെന്നും അറിവുലഗത്തെ ഡി എം കെ അഴിമതിയുടെ ലോകമാക്കിയെന്നുമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിജയ് പ്രതികരിച്ചത്. പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്‌ട്രീയ ആയുധമായി ടിവികെ പുസ്‌തക വിവാദത്തെ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. അതേസമയം ക്രമക്കേട് നടന്നത് ടിവികെ ഭരണകാലത്താണെന്നാണ് ഡിഎംകെ ഇപ്പോഴും വാദിക്കുന്നത്.  

ENGLISH SUMMARY:

AI book scam in Tamil Nadu public libraries involves thousands of fake and plagiarized publications. The massive fraud has sparked major political controversy and ongoing vigilance investigations across the state.