സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വ്യാപക വിമർശനങ്ങളെത്തുടർന്ന്, ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ച വിവാദ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുൻപ് അവതരിപ്പിച്ച മ്യൂസ് ഇമേജ് എന്ന ടൂളാണ് നെഗറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചതിനെത്തുടർന്ന് പിൻവലിച്ചതായി കമ്പനി സ്ഥിരീകരിച്ചത്. 

പബ്ലിക്ക് ആക്കിയിട്ടുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ റഫർ ചെയ്തുകൊണ്ട് AI ഇമേജുകൾ സൃഷ്ടിക്കാൻ ആളുകളെ അനുവദിക്കുന്നതായിരുന്നു മ്യൂസ് ഇമേജ് ടൂൾ. ഒരു പ്രോംപ്റ്റിൽ ഏതെങ്കിലും അക്കൗണ്ട് ഐഡി പരാമർശിച്ചാൽ ആ അക്കൗണ്ടിലെ ഫോട്ടോകളെ അടിസ്ഥാനമാക്കി എഐ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും. അതായത് അക്കൗണ്ട് ഉടമകൾ പോലും അറിയാതെ അവരുടെ ചിത്രങ്ങൾ എഐ ചിത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാൻ കഴിയുന്ന രീതി. 

സ്വകാര്യതാ വക്താക്കളിൽ നിന്നും, അഭിനേതാക്കളെയും മാധ്യമ പ്രൊഫഷണലുകളെയും പ്രതിനിധീകരിക്കുന്ന സംഘടനകളിൽ നിന്നും ഈ ടൂളിന് ശക്തമായ വിമർശനമുണ്ടായി. ടോം ക്രൂസ്, സെൻഡേയ, മെറിൽ സ്ട്രീപ്പ് തുടങ്ങിയ അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന ടാലന്റ് ഏജൻസിയായ സിഎഎയും ആശങ്കകൾ ഉന്നയിച്ചിരുന്നു.

ചിത്രങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിനെക്കുറിച്ചും, അനുമതിയില്ലാത്ത ഡിജിറ്റൽ പകർപ്പുകൾ സൃഷ്ടിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും മുന്നറിയിപ്പുകൾ ഉയർന്നിരുന്നു. എന്തായാലും ഇനിമുതൽ ഒരാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ AI-യിൽ ടാഗ് ചെയ്ത് ചിത്രങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. 

ENGLISH SUMMARY:

Meta has removed the controversial Muse Image AI feature from Instagram following widespread criticism about privacy violations. This AI tool allowed users to generate AI images based on public Instagram accounts without the account owners' explicit consent.