ജെൻ സികളുടെ പ്രിയപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. അക്കൗണ്ട് ആരംഭിച്ച് ആദ്യമായി പങ്കുവച്ച വീഡിയോ ഇതിനകം 25ലക്ഷംപേര്‍ കണ്ടുകഴിഞ്ഞു. നിലവിൽ 74,500 പേരാണ് സോണിയയെ ഫോളോ ചെയ്യുന്നത്.
കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാംഗവുമായ 79കാരി സോണിയ ഗാന്ധിയുടെ വ്യക്തിഗത സമൂഹമാധ്യമ സാന്നിധ്യത്തിലെ പുതിയ ചുവടുവയ്പ്പാണിത്. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന സോണിയയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ആദ്യ ദൃശ്യങ്ങളും വിശേഷങ്ങളുമാണ് അവർ പേജിൽ പങ്കുവച്ചത്. പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്ന വീഡിയോയും ചിത്രവുമാണ് ആദ്യ പോസ്റ്റുകളിലുള്ളത്.
‘എല്ലാവർക്കും നമസ്കാരം. ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ട്. സ്നേഹം, കടമ, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. പുസ്തകം നിങ്ങളുമായി പങ്കുവയ്ക്കാൻ കാത്തിരിക്കുകയാണ്’ — സോണിയ കുറിച്ചു.
ഇതുവരെ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും സോണിയയുടെ പേരിൽ ഫാൻ പേജുകളാണ് ഉണ്ടായിരുന്നത്. നിലവിൽ മൂന്ന് അക്കൗണ്ടുകളെ മാത്രമാണ് സോണിയ ഫോളോ ചെയ്യുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അക്കൗണ്ടുകളുമാണവ.
യുവജനങ്ങളുടെ പങ്കാളിത്തവും സമൂഹമാധ്യമങ്ങളുടെ സ്വാധീനവും രാഷ്ട്രീയത്തിൽ നിർണായകമാകുന്ന കാലത്ത് സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ എത്തിയതും ശ്രദ്ധേയമാണ്. പുതിയ തലമുറയുമായി നേരിട്ട് സംവദിക്കാനും തന്റെ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായി ഇൻസ്റ്റഗ്രാം മാറുമോയെന്നാണ് ഇനി അറിയേണ്ടത്.