പാക്കിസ്ഥാന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദി മരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വ്യാജപ്രചരണം. എക്‌സിലാണ് അഫ്രീദിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായിരുന്ന അഫ്രീദിയുടെ ചിത്രം സഹിതമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കറാച്ചിയില്‍ അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷന്‍റെ ഉദ്ഘാടനത്തില്‍ അദ്ദേഹം പങ്കെടുക്കാനൊരുങ്ങുകയാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാജവാര്‍ത്തയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ വാര്‍ത്ത പ്രത്യക്ഷപ്പെട്ട എക്‌സ് ഹാന്‍ഡിന് ചുവടെ ആരാധകര്‍ രോഷം പ്രകടിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമ പോസ്റ്റില്‍ എന്‍ഗേജ്‌മെന്റുണ്ടാക്കാന്‍ ഇത്തരം തരംതാണ പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും അക്കൗണ്ട് തന്നെ പൂട്ടിച്ച് കളയുകയാണ് വേണ്ടതെന്നും ചിലര്‍ കുറിച്ചു.
പോസ്റ്ററുകള്‍ വൈറലായതോടെ ഇത് സത്യമാകരുതേ എന്ന കുറിപ്പോടെ കൂടുതല്‍ ആളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. ഇതും കൂടുതല്‍ തെറ്റിദ്ധാരണ പരത്തി.
വാര്‍ത്ത സത്യമാണോ എന്നറിയാല്‍ ഗ്രോക്കിന്റെ സഹായം തേടിയ ആരാധകരുമുണ്ട്. 'തീര്‍ത്തും വ്യാജ വാര്‍ത്തയാണിത്. ഷാഹിദ് അഫ്രീദി പൂര്‍ണ ആരോഗ്യവാനായി ജീവനോടെയിരിക്കുന്നു. 2025 ലും ഇതുപോലെ ഒരു എഐ ജനറേറ്റഡ് വാര്‍ത്ത വൈറലായിരുന്നു' എന്നാണ് ഗ്രോക്ക് ഇതിന് നല്‍കിയ മറുപടി.
1996 മുതല്‍ 2018 വരെയാണ് പാക്കിസ്ഥാന് വേണ്ടി അഫ്രീദി കളിച്ചത്. 2009 ല്‍ പാക്കിസ്ഥാന്‍ നേടിയ ട്വന്റി 20 ലോകകപ്പിലുള്‍പ്പടെ 500 രാജ്യാന്തര മല്‍സരങ്ങളില്‍ അഫ്രീദി പാക് ജഴ്‌സി അണിഞ്ഞു. 1996 ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ ആയിരുന്നു അഫ്രീദിയുടെ അരങ്ങേറ്റം. 37 പന്തില്‍ അഫ്രീദി നേടിയ ഏകദിന സെഞ്ചറി ഏറെക്കാലം ഇളക്കമില്ലാതെ നിന്നു. 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ട്വന്റി 20 മല്‍സരങ്ങളും അദ്ദേഹം കളിച്ചു. ഇക്കഴിഞ്ഞ മേയില്‍ ഹിലാല്‍- ഇ-ഇംതിയാസ് ബഹുമതി നല്‍കി പാക്കിസ്ഥാന്‍ അദ്ദേഹത്തെ ആദരിച്ചു. ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യുനുസ് എന്നിവരാണ് ഈ ബഹുമതി മുന്‍പ് നേടിയ താരങ്ങള്‍.