ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ ആദ്യം കാണുന്ന ഒരു റീല്‍. വൺസി ധരിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുഞ്ഞ്, അൽപ്പം ക്രീപ്പിയെങ്കിലും കണ്ണെടുക്കാൻ പറ്റാത്ത ഡാൻസ്. പശ്ചാത്തലത്തിൽ സ്ട്രേഞ്ചര്‍ സിങ്ക്സിന്‍റെ ത്രില്ലിംഗ് മ്യൂസിക്. ഈ വിഡിയോ ഇതുവരെ കാണാത്തവർ ഉണ്ടോ? ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഈ കുഞ്ഞാണ്!

പക്ഷേ ഒരു ട്വിസ്റ്റുണ്ട്.  ഇത് യഥാർത്ഥ കുഞ്ഞല്ല, എഐ ബേബി ആണ്. അതെ, പൂർണ്ണമായി എഐയിൽ  ജനറേറ്റ് ചെയ്ത ഒരു കുഞ്ഞ്. ഇന്നലെ തുടങ്ങിയ ട്രെൻഡല്ല ഇത്. മാസങ്ങൾക്ക് മുൻപേ തന്നെ ഈ എഐ ബേബി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 

കഥ തുടങ്ങുന്നത് ചൈനയില്‍ നിന്നാണ്. “ഷ്വുവൻസായി” എന്ന ചൈനീസ് ഇൻഫ്ലുവൻസറുടെ ഒരു വിഡിയോയിൽ നിന്ന്. ക്യാമറക്ക് നേരെ നടന്നു വന്ന്,ചിരി അടക്കിപ്പിടിക്കുന്ന പോലെ വായ പൊത്തി നിൽക്കുന്ന ഷ്വുവൻസായിയുടെ ഒരു സിംപിൾ മൂവ് ഇന്റർനെറ്റിനെ കീഴടക്കി. പിന്നാലെ എഡിറ്റർമാർ കളത്തിലിറങ്ങി. എഐ ടൂള്‍ ഉപയോഗിച്ച് ഷ്വുവൻസായിയുടെ മുഖവും ശരീരവും മാറ്റി, അവിടെ ഒരു കൊച്ചു കുഞ്ഞിനെ പ്ലേസ് ചെയ്തു. മനുഷ്യന്‍റേതുപോലെയുള്ള നടത്തം, മുഖഭാവങ്ങൾ, വായ പൊത്തുന്ന ആ ആക്ഷന്‍, എല്ലാം കൃത്യമായി ഒരു കുഞ്ഞ് ചെയ്യുന്നു. ഇത് ആളുകളെ ആകർഷിച്ചു. ക്യൂട്ടാണ് എന്നാല്‍ ക്രീപ്പിയുമാണ്. പക്ഷേ സ്കിപ്പ് ചെയ്യാൻ പറ്റുന്നില്ല.

എഐ ബേബിക്കൊപ്പം '130 ബാക്ക്പാക്ക് സുപ്രീം ബാക്ക്പാക്ക്' റാപ്പ് ചേര്‍ന്നതോടെ അത്  ഒരു ഇന്‍റര്‍നെറ്റ് ‌‌‌ എക്സ്പ്ലോഷനായി. തുടർന്ന് എഡിറ്റർമാർ എഐ ബേബിക്ക് പുതിയ മൂവ്മെന്റുകളും ഡാൻസ് പോസുകളും എക്സ്പ്രഷനുകളും നൽകാൻ തുടങ്ങി. ക്രിയേറ്റേഴ്സ് ആ മൂവുകൾ അനുകരിച്ചു. പെയര്‍ റീലുകള്‍ ഉണ്ടാക്കി, ഡ്യുവറ്റുകൾ ചെയ്തു. അങ്ങനെ എഐ ബേബി ഒരു പൂർണ്ണ ഇന്‍റര്‍നെറ്റ് പഴ്സണാലിറ്റി ആയി.

എഐ ബേബിക്കൊപ്പം സ്ട്രേഞ്ചര്‍ തിങ്ക്സിന്‍റെ ഹൊറര്‍ വൈബ് കൂടി ചേര്‍ന്നതോടെ പുതിയ വൈറല്‍ ട്രെന്‍ഡ് ഇറങ്ങി. ഫിനാലെ സീസണോടെ സട്രേഞ്ചര്‍ തിങ്ക്സിന് വീണ്ടും കിട്ടിയ പോപ്പ് കള്‍ച്ചര്‍ ഡോമിനന്‍സ് ഈ ട്രെൻഡിന് വൻ ബൂസ്റ്റായി. അതിനാലാണ് ഈ എഐ ബേബിയെ ഇപ്പോൾ സ്ട്രേഞ്ചര്‍ ബേബി എന്നും വിളിക്കുന്നത്. ചിലർക്കിത് 'ഇലവന്‍' എന്ന കഥാപാത്രത്തിന്‍റെ ബേബി വേര്‍ഷന്‍ പോലെയും തോന്നി. അത് കൊണ്ട് തന്നെ 'ഇലവന്‍ ബേബി' എന്ന പേരും വീണു.  ചിലർക്കിത് ക്യൂട്ട് ആയി തോന്നും. ചിലർക്കിത് ക്രീപ്പി ആയി തോന്നും. ചിലർക്കിത് ടോട്ടലി നോണ്‍സെന്‍സ് ആയിരിക്കാം. എന്തായാലും ഒരു കാര്യം ഉറപ്പ്, ഇപ്പോൾ ഇന്റർനെറ്റ് സ്ട്രേഞ്ചര്‍ ബേബിയുടെ കൈയിലാണ്.

ENGLISH SUMMARY:

AI baby is the current internet sensation, captivating audiences with its unique blend of cuteness and creepiness. This AI-generated infant, often set to the Stranger Things theme, has become a viral trend on social media, sparking both amusement and intrigue.