Image Credit: Lovense
അമേരിക്കയില് നടക്കുന്ന കൺസ്യൂമർ ടെക്‌നോളജി അസോസിയേഷന്‍റെ വ്യാപാര പ്രദര്‍ശനമായ സിഇഎസ് 2026 ല്‍ ‘എഐ പവേര്‍ഡ് കമ്പാനിയൻ ഡോൾ’ പുറത്തിറക്കി ലവൻസ്. ആപ്പ്-കണക്റ്റഡ് സെക്‌സ് ടോയ്‌സിന് പേരുകേട്ട ബ്രാന്‍ഡാണ് ലവന്‍സ്. അതേസമയം, ഒരു സെക്സ് ഡോള്‍ എന്നതിന് ഉപരിയായി, ശാരീരിക അടുപ്പം, സംഭാഷണം, മനുഷ്യ സമാനമായ അറിവ്, വൈകാരിക ബന്ധം, ആവിഷ്കാര സ്വഭാവം എന്നിവ സംയോജിപ്പിച്ചാണ് എമിലി എന്ന് പേരിട്ടിരിക്കുന്ന ലൈഫ് സൈസ് ഡോളിനെ പുറത്തിറക്കിയിരിക്കുന്നത്.
സാധാരണ കമ്പാനിയന്‍ ഡോള്‍ എന്നതിലുപരി വൈകാരിക തലമുള്ള സോഫ്റ്റ്‌വെയറാണ് എമിലിയെ വ്യത്യസ്തയാക്കുന്നതെന്ന് കമ്പനി പറയുന്നു. സംഭാഷണങ്ങൾ നടത്താനും, ഉടമസ്ഥനുമായുള്ള മുൻകാല ഇടപെടലുകളും ആശയവിനിമയങ്ങളും ഓർമ്മിച്ചുവയ്ക്കാനും, കാലക്രമേണ ഉടമസ്ഥന്‍റെ ഇഷ്ടത്തിനനുസരിച്ച് ഒരു വ്യക്തിത്വം രൂപപ്പെടുത്താനും ഈ പാവയ്ക്ക് കഴിയും. അതായത് എമിലി പ്രതികരിക്കുക മാത്രമല്ല, വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ഇതോടെ ഉടമയും ഡോളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. ബ്ലൂടൂത്ത് വഴി ലവൻസ് ആപ്പുമായി കണക്റ്റ് ചെയ്യുന്നതിനാല്‍ അടുത്തില്ലെങ്കില്‍ പോലും ഉപയോക്താക്കൾക്ക് പാവയുമായി സംവദിക്കാൻ സാധിക്കും. ചോദിച്ചാല്‍ സ്വന്തം എഐ നിര്‍മ്മിത സെല്‍ഫികള്‍ വരെ പാവ അയച്ചുതരും.
സംസാരിക്കുമ്പോൾ മുഖം ചലിപ്പിക്കാനും എമിലിക്ക് കഴിയും. അതുപോലെ തന്നെ ഒരു പുഞ്ചിരി, കണ്ണിറുക്കല്‍ എന്നിങ്ങനെ ചില അടിസ്ഥാന മുഖഭാവങ്ങളും എമിലിക്ക് പ്രകടിപ്പിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ചാറ്റ്ബോട്ടുകളുമായുള്ള വിര്‍ച്വല്‍ ബന്ധത്തില്‍ നിന്ന് ‘റിയല്‍ ലൈഫി’ലേക്ക് എഐ എത്തുന്നു. ഫോണുകളിലും സ്‌ക്രീനുകളിലും മാത്രം നിലനിന്നിരുന്ന ബന്ധത്തിന്‍റെ ഒരു സ്വാഭാവിക പരിണാമമാണ് പാവ എന്ന് കമ്പനി പറയുന്നു. ഒരുപക്ഷേ എഐയുമായുള്ള മനുഷ്യരുടെ ബന്ധത്തിന്‍റെ അടുത്ത തലമായിരിക്കും ഈ എഐ ഡോളുകള്‍. 2027 ല്‍ പാവ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇത്രയും ഡാറ്റ ശേഖരിക്കുന്ന ഒരു പാവയെ പുറത്തിറക്കുമ്പോള്‍ ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ ലവന്‍സിന്‍റെ മോശം ട്രാക്ക് റെക്കോര്‍ഡും ചര്‍ച്ചയാകുന്നുണ്ട്. പങ്കാളിയുമായുള്ള തന്‍റെ സ്വകാര്യനിമിഷം ലവൻസ് ആപ്പ് റെക്കോര്‍ഡ് ചെയ്യുന്നതായി ഒരു ഉപഭോ്താവ് 2017 കണ്ടെത്തിയിരുന്നു. 2025 ജൂലൈയിൽ മറ്റൊരു സുരക്ഷാ പിഴവ് കാരണം ഹാക്കർമാർക്ക് പാസ്‌വേഡ് ഇല്ലാതെ അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യാൻ സാധിച്ചിരുന്നു. അതിനാല്‍ ബോട്ടുകളുമായി ഒരു ദീർഘകാല ബന്ധം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കണമെന്നും മുന്നറിയിപ്പുണ്ട്.