സൈബർ ലോകത്ത് AI ടൂളുകളായ ChatGPT, Grok എന്നിവയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ വർധിക്കുകയാണ്. AI ചാറ്റ്‌ബോട്ടുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന 'വ്യാജ ഷെയര്‍ ചാറ്റുകള്‍ വഴിയും, ChatGPT അല്ലെങ്കിൽ Grokന്‍റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന 'വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ മുഖേനയുമാണ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. ഹാക്കര്‍മാര്‍ ഈ രണ്ട് മാർഗ്ഗങ്ങളിലൂടെയും ഉപഭോക്താക്കളെ കബളിപ്പിച്ച് അവരുടെ കമ്പ്യൂട്ടറുകളിലും ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നു. തങ്ങളുടെ സ്വകാര്യ വിവരങ്ങളും പണവും നഷ്ടപ്പെടാതിരിക്കാൻ ഈ പുതിയ തട്ടിപ്പുരീതിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഏതെങ്കിലും ഒരു സാങ്കേതിക പ്രശ്നത്തിന് പരിഹാരം തേടി നമ്മൾ ഗൂഗിളിൽ തിരയുമ്പോൾ, സഹായകമായ ഒരു AI ചാറ്റ് ലിങ്ക് സെർച്ച് റിസൾട്ടിൽ മുന്നിൽ വന്നേക്കാം.ഹാക്കർമാർ ഇത്തരം ചാറ്റ് ലിങ്കുകളില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഹാക്കര്‍മാര്‍ AI-യോട് ഒരു പ്രശ്നപരിഹാരം ഉണ്ടാക്കാൻ ആവശ്യപ്പെടുകയും, ആ ചാറ്റ് ദുരുപയോഗം ചെയ്ത് അതിൽ അപകടകരമായ കോഡുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഈ കമ്പ്യൂട്ടർ കോഡുകൾ നിങ്ങൾ നിങ്ങളുടെ സിസ്റ്റത്തിൽ പേസ്റ്റ് ചെയ്ത് പ്രവർത്തിപ്പിക്കുമ്പോൾ, അത് നിങ്ങളുടെ പാസ്‌വേഡുകളും ക്രിപ്‌റ്റോകറൻസി ഡേറ്റ അടക്കമുള്ള വിവരങ്ങളും മോഷ്ടിക്കുകയും കമ്പ്യൂട്ടറിന്‍റെ മൊത്തം നിയന്ത്രണം തന്നെ ഹാക്കർമാർക്ക് നൽകുകയും ചെയ്യുന്നു. AI ചാറ്റുകളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം മുതലെടുത്താണ് ഈ തട്ടിപ്പ് നടക്കുന്നത്. പഴയ 'SEO പോയിസണിംഗ്' തട്ടിപ്പിന്റെ ഒരു പുതിയ രൂപമാണെങ്കില്‍ കൂടെയും സാധാരണക്കാരെ എളുപ്പത്തിൽ കബളിപ്പിക്കാൻ ഈ രീതിക്ക് കഴിയും.
എന്നാൽ, ഇതിലും ഗുരുതരമാണ് വ്യാജ ആപ്പുകള്‍ മുഖേനെയുള്ള തട്ടിപ്പുകള്‍. App Store-കളിലും Google Play Store-ലും ഈ AI ടൂളുകളുടെ പേരിൽ നിരവധി അനൗദ്യോഗിക ആപ്പുകൾ ഉണ്ട്. ഇവയിൽ പലതും വലിയ പണം ഈടാക്കുന്ന 'ഫ്ലീസ് വെയർ' തട്ടിപ്പുകളോ, അല്ലെങ്കിൽ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ മോഷ്ടിക്കുന്ന ട്രോജൻ വൈറസുകളോ ആയിരിക്കും.എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളോ മറ്റ് ലിങ്കുകളോ പിന്തുടർന്ന് എത്തുന്ന വ്യാജ വെബ്സൈറ്റുകളാണ് പലപ്പോഴും ഈ മാൽവെയർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്.
ഈ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ChatGPT അല്ലെങ്കിൽ Grok എന്നിവയുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ OpenAI, xAI എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ ആപ്പ് സ്റ്റോറുകളിലോ നൽകിയിട്ടുള്ള ലിങ്കുകൾ മാത്രം ഉപയോഗിക്കുക. AI ചാറ്റുകളിലോ അജ്ഞാത വെബ്സൈറ്റുകളിലോ കാണുന്ന കമ്പ്യൂട്ടർ കമാൻഡുകളോ കോഡുകളോ ഒരിക്കലും കോപ്പി-പേസ്റ്റ് ചെയ്ത് പ്രവർത്തിപ്പിക്കരുത്. നിങ്ങളുടെ എല്ലാ പ്രധാന അക്കൗണ്ടുകൾക്കും മൾട്ടിഫാക്ടർ ഓതന്റിക്കേഷൻ (MFA) ഉപയോഗിക്കുക. കൂടാതെ, നല്ലൊരു ആൻ്റി-മാൽവെയർ/ആൻ്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും ഇൻസ്റ്റാൾ ചെയ്യുക. ഈ ലളിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ
AI-യുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടാന്‍ സാധിക്കും.